വാളയാര്‍ സമരം രണ്ട് പെണ്‍കുട്ടികള്‍ക്കായി മാത്രമല്ല
വാളയാര്‍ കേസിലെ നീതിനിഷേധത്തിന്റെ ചരിത്രം ചുരുക്കിപ്പറയാം. 2017 ജനുവരി 13 നു വാളയാറില്‍ ദിവസക്കൂലിക്കാരായ ദലിത് കുടുംബത്തില്‍ അച്ഛനമ്മമാര്‍ കൂലിപ്പണി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ അവരുടെ പതിമൂന്നുകാരി മകള്‍ ഒറ്റമുറിവീട്ടിന്റെ മേല്‍ക്കൂരയില്‍ ഷാളില്‍ കെട്ടി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുന്നു. മകളുടെ അസ്വാഭാവിക മരണം ആത്മഹത്യയെന്ന് കരുതി ആശ്വസിക്കാന്‍ അവര്‍ക്കു നാട്ടുപ്രമാണിമാരുടെ ഉപദേശം കിട്ടുന്നു. സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ ഭരണകക്ഷി നേതാക്കള്‍ ഇടപെട്ടു പൊലിസ് സ്റ്റേഷനില്‍നിന്നു ഇറക്കി കൊണ്ടുപോരുന്നു. ഈ കുട്ടിയുടെ സഹോദരി ഒന്‍പതുകാരി ചിലരോട് പതുക്കെ പറഞ്ഞു, ചേച്ചിയുടെ മുറിയില്‍നിന്നു മുഖം മറച്ച രണ്ട് ചേട്ടന്മാര്‍ ഓടിപ്പോകുന്നത് കണ്ടെന്ന്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഒരു മാസത്തോളം മാതാപിതാക്കള്‍ നടന്നിട്ടും ലഭിച്ചില്ല. ആചാരപ്രകാരം കുട്ടിയെ തങ്ങളുടെ മൂന്നു സെന്റ് ഭൂമിയില്‍ അടക്കം ചെയ്യാമെന്ന അച്ഛനമ്മമാരുടെ നിര്‍ദേശം നാട്ടുകാര്യസ്ഥര്‍ തള്ളുന്നു. അങ്ങനെ ചെയ്താല്‍ ഇളയകുട്ടികള്‍ ഭയപ്പെടുമെന്ന് പേടിപ്പിച്ചു ദൂരെയുള്ള ശ്മശാനത്തില്‍ ദഹിപ്പിച്ചു ഒരു പിടി ചാരം അവര്‍ക്കു നല്‍കുന്നു.
അന്‍പത്തി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാര്‍ച്ച് നാലിന് വൈകീട്ട് വീട്ടിലെത്തുമ്പോള്‍ ഒന്‍പതുകാരി മകളും അതേ രീതിയില്‍ തൂങ്ങി മരിച്ചതായി കാണപ്പെടുന്നു. ഇത്തവണ ഒരു ലുങ്കിയിലാണ് തൂങ്ങിയിരിക്കുന്നത്. പോസ്റ്റ് മാര്‍ട്ടം ചെയ്ത ഡോക്ടര്‍ ഗുജ്‌റാള്‍ വളരെ വിശദമായ റിപ്പോര്‍ട്ട് എഴുതുന്നു. മൂന്നര അടി മാത്രം ഉയരമുള്ള ഈ കുട്ടി എങ്ങനെ പത്തടി ഉയരമുള്ള മേല്‍ക്കൂരയിലെ മോന്തായത്തില്‍ തൂങ്ങിയെന്ന് സംശയിക്കുന്നെന്നും ഇത് കൊലപാതകമാണോ എന്ന് വിശദമായ പരിശോധന വേണമെന്നും അദ്ദേഹം എഴുതുന്നു. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചതില്‍ ഗുരുതരമായ വീഴ്ചയുണ്ടായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ചാക്കോയെ മാറ്റി പുതിയ പ്രത്യേക അന്വേഷണസംഘത്തെ ചുമതലയേല്‍പ്പിക്കുന്നു. ഒറ്റദിവസം കൊണ്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുന്നു.
എന്നാല്‍, 2019 ഒക്ടോബറില്‍ ഈ മരണങ്ങളുടെ ബന്ധപ്പെട്ടു നല്‍കിയിരുന്ന ആറു കുറ്റപത്രങ്ങളിലെ നാല് പ്രതികളെയും കോടതി വെറുതെ വിടുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടി കേസിലുണ്ട്. ആ കേസ് ജുവനൈല്‍ കോടതിയില്‍ നിലനില്‍ക്കുന്നു. ഇത് കേരള സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് 2019 ഒക്ടോബര്‍ മുതല്‍ സമരം ആരംഭിച്ചത്.
കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീലിനൊപ്പം അമ്മയുടെ അപ്പീലും നല്‍കണം. എന്നാല്‍ ഈ അച്ഛനമ്മമാരെ ഒരു സമുദായ നേതാവ് കൊണ്ടുപോയി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാലുപിടിപ്പിച്ചു. കേസിലെ പ്രതികളെ കണ്ടെത്തുമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നൊക്കെ മുഖ്യമന്ത്രി ഉറപ്പുനല്‍കി. അവര്‍ക്കു അത് വിശ്വസിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. പൊതുസമൂഹം നടത്തിയ സമരത്തില്‍നിന്നു അവര്‍ വിട്ടുനിന്നു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി സഞ്ചരിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടര്‍ന്നു. കൊവിഡ് വ്യാപനത്താല്‍ സെക്രട്ടേറിയറ്റില്‍ നടന്നിരുന്ന സത്യഗ്രഹം അവസാനിപ്പിക്കേണ്ടി വന്നു.
ഈ കേസിന്റെ മുഴുവന്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന സോജന്‍ എന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി എസ്.പിയായി നിയമനം നല്‍കി. ചാക്കോ എന്ന എസ്.ഐയെ സി.ഐയായി ഉയര്‍ത്തി. സോജന്‍ ഈ വര്‍ഷം ഐ.പി.എസ് നല്‍കി ആദരിക്കേണ്ടവരുടെ സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലും വന്നു. ഇതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമരമുഖത്തേക്കു വന്നു. ആ സമരത്തിന് സമരസമിതി പൂര്‍ണ പിന്തുണയും നല്‍കി. അതാണിപ്പോഴും തുടരുന്നത്. ഹൈക്കോടതിയില്‍ ഇവര്‍ക്കുവേണ്ടി നല്‍കിയിരുന്ന അപ്പീല്‍ അത്യന്തം ദയനീയമായിരുന്നു. സാക്ഷരല്ലാത്ത ഇവരെ വഞ്ചിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ അതേ അപ്പീല്‍ തന്നെ സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലും പ്രോസിക്യൂഷനിലും ചില തകരാറുകള്‍ സംഭവിച്ചതിനാല്‍ പുനര്‍വിചാരണ വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തന്നെയാണ് ഇവരുടെ വക്കീലും ഉന്നയിച്ചിരുന്നത്. പിന്നീട് ആ വക്കീലിനെ മാറ്റി പുതിയ ആളെ സമരസമിതി നിയോഗിച്ചു. അന്വേഷണഘട്ടത്തില്‍ ഗുരുതരമായ തകരാറുകളുണ്ടായതിനാല്‍ വീണ്ടും അന്വേഷണം വേണമെന്ന അമ്മയുടെ ആവശ്യം സര്‍ക്കാരും കോടതിയും അംഗീകരിച്ചു. കൂടാതെ, ഇനിയുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവുമായി അമ്മ കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന അമ്മയുടെ ആവശ്യം അംഗീകരിക്കുന്നതായി സര്‍ക്കാരും അറിയിച്ചു. അതിനുള്ള വിജ്ഞാപനം ഇറക്കിയപ്പോള്‍ അതിലും ചതിയുണ്ടായി. രണ്ടു കുട്ടികളുടെ മരണം സംബന്ധിച്ച് രണ്ട് എഫ്.ഐ.ആറുകളുണ്ട്. എന്നാല്‍, വിജ്ഞാപനത്തില്‍ ആദ്യ കുട്ടിയുടെ മരണം സംബന്ധിച്ച എഫ്.ഐ.ആര്‍ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ. ഇത് കേവല വീഴ്ചയായി കാണാന്‍ കഴിയില്ല. ഈ കേസ് സംബന്ധിച്ച് കേരളം പല വട്ടം ചര്‍ച്ച ചെയ്തതാണ്. എന്നിട്ടും ഈ പിഴവ് വന്നതെങ്ങനെയെന്നത് ലളിതമാണ്. ആദ്യകുട്ടിയുടെ മരണത്തില്‍ ഒതുങ്ങിയാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചും സോജന്‍ രക്ഷപ്പെടും. മരണം നടന്നു രണ്ട് മാസത്തോളം കഴിഞ്ഞു മാത്രമാണ് ഈ അന്വേഷണ സംഘം വരുന്നത്. രണ്ടാമത്തെ കുട്ടി ആദ്യകുട്ടിയുടെ മരണത്തില്‍ ദൃക്‌സാക്ഷി കൂടിയാണ്. അതുകൊണ്ട് കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ ചെയ്തതാണ്. അതിന്റെ പിന്നിലുള്ളവരെ കണ്ടെത്തിയാല്‍ പലരും പിടിയില്‍ വന്നേക്കാം. എന്തായാലും അമ്മയുടെ ഹരജിയില്‍ ഇതുകൂടി ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉടന്‍ തിരുത്തിയതായി കോടതിയെ അറിയിച്ചു. ഇത് ഏഴു ദിവസങ്ങള്‍ക്കു ശേഷമാണ് ഉണ്ടായത്. അമ്മ കേസിനു പോയില്ലായിരുന്നെങ്കില്‍ അത് അവഗണിക്കുമായിരുന്നു.
വാളയാര്‍ കേസില്‍ എന്നും നടന്നത് വന്‍ അട്ടിമറി ശ്രമങ്ങളാണ്. ഈ കേസിന്റെ കാര്യം മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാളയാര്‍ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാത്രം 41 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വിവരാവകാശ രേഖകള്‍ പറയുന്നു. അതില്‍ പന്ത്രണ്ടെണ്ണം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞു. എല്ലാ കേസിലും പ്രതികളെ കോടതി വെറുതെ വിട്ടു. അതായത്, കേസിന്റെ അന്വേഷണവും നടത്തിപ്പും പൂര്‍ണമായ അട്ടിമറിയാണ്. കേസുകളില്‍ ഇരകളെ സഹായിക്കാന്‍ ചുമതലയുള്ള സംവിധാനമാണ് ജില്ലാതല ശിശുക്ഷേമസമിതികള്‍. പാലക്കാട്ടെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പാലക്കാട്ടെ ബാറിലെ പ്രമുഖനായ ഇടതുപക്ഷ അഭിഭാഷകനായിരുന്നു. ഈ കേസിലെയൊരു പ്രതിക്കുവേണ്ടി ഹാജരായതും ഇദ്ദേഹമാണ്. ശിശുക്ഷേമ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹം പതിനാറിലേറെ പോക്‌സോ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം വരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ നിയമപ്രകാരം വിചാരണ ചെയ്തു ശിക്ഷിക്കപ്പെടണം. ഈ ആവശ്യമുന്നയിച്ചാണ് ഇപ്പോഴും സമരം തുടരുന്നത്. ചില വസ്തുതകള്‍ പരിശോധിക്കാം.
* വാളയാര്‍ കേസിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം തയാറാക്കിയത് സോജാനാകുമ്പോള്‍ അയാളുടെ തെറ്റുകള്‍ അതില്‍ എങ്ങനെ വരും?
* മൂത്ത കുട്ടിയുടെ മരണ സമയത്ത് രണ്ടു മുഖംമൂടികള്‍ ഓടിപ്പോകുന്നതു കണ്ടു എന്ന മൊഴി അന്വേഷിക്കാതിരുന്നതെന്തുകൊണ്ട്?
*മരണം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പീഡനത്തിന്റെ തെളിവ് കിട്ടാന്‍ മരണം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം പ്രതിയുടെ വസ്ത്രം ഡി.എന്‍.എ പരിശോധനക്കയച്ചു. നെഗറ്റീവ് മറുപടി കിട്ടി.
*അന്വേഷണത്തിനിടയില്‍ കുറ്റം സമ്മതിപ്പിക്കാന്‍ അതിക്രൂരമായി മര്‍ദിച്ചതിനാല്‍ ആത്മഹത്യ ചെയ്ത പ്രവീണിന്റെ മരണത്തിന് ഉത്തരവാദിയാര്?
*നിര്‍ണായക സാക്ഷികളായ മൂന്നു പെണ്‍കുട്ടികളുടെ മൊഴികളിലെ വൈരുധ്യം എസ്.ഐ.ടി തലവന്‍ സോജന്‍ പരിഗണിച്ചില്ല.
* പ്രതികളും സാക്ഷികളും വിശ്വസനീയമല്ലെന്ന് കോടതി വിധിച്ച കേസില്‍ ഒരു വര്‍ഷത്തിലേറെ അന്വേഷിച്ച സംഘത്തലന് ഒരു തെറ്റും സംഭവിച്ചിട്ടില്ലേ?
*പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണ് ലൈംഗിക പീഡനത്തിനിരയായതെന്ന് പറഞ്ഞ സോജന്‍ സര്‍വിസില്‍ തുടരാന്‍ യോഗ്യതയുണ്ടോ?
* കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അതേ അന്വേഷണ സംഘത്തലവനെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചത് എന്തിനുവേണ്ടി?
വാളയാര്‍ കേസില്‍ ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ അട്ടിമറി നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവണത മറ്റു കേസുകളില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കേസ് അട്ടിമറിക്കു നേതൃത്വം നല്‍കിയ സോജന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയമമനുസരിച്ചു ശിക്ഷിക്കപ്പെടണം. എങ്കിലേ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറുകയുള്ളൂ. അതിനു സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കേരളത്തിലെ പൊതുസമൂഹം തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."