പ്രതിസന്ധിക്കിടയിലും ഫൈബർ ജിദ്ദ മുന്നോട്ട്
ജിദ്ദ: കെ എം സി സി ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബിസിനസ് സംരംഭമായ 'ഫൈബർ ജിദ്ദ' യുടെ വാർഷിക ജനറൽ ബോഡി യോഗം ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് പാളയാട്ട് ഉദ്‌ഘാടനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ജീവ കാരുണ്യ- സേവന പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം കെഎംസിസി പ്രവർത്തകർ പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്കിടയിലും ബിസിനസ് സംരംഭവുമായി മുന്നോട്ട് പോകുന്ന ഫൈബർ ജിദ്ദ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. യോഗത്തിൽ ഫൈബർ ചെയർമാൻ അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെമ്പർ നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസിയുടെയും കുടുംബത്തിന്റെയും മാന്യമായ ജീവിതം എന്നതാണ് ഫൈബർ ജിദ്ദ നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ ഇപ്പോൾ നടക്കുന്നത് താൽക്കാലിക പ്രതിസന്ധിയാണെന്നും ഭാവിയിൽ ജിദ്ദയിൽ ഉൾപ്പെടെ വൻകിട വികസന പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയിൽ പിടിച്ചു നിന്നവർക്കാണ് എന്നും വിജയം ഉണ്ടായിട്ടുള്ളതെന്ന് മുൻ കാല അനുഭവങ്ങൾ വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
നാണി ഇസ്ഹാഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും മുഹമ്മദ് റഫീഖ് കൂളത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈയിടെ നാട്ടിൽ നിര്യാതനായ ഫൈബർ ജിദ്ദ അംഗം ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ തങ്ങളുടെ അനുസ്‌മരണവും നടന്നു.
ലത്തീഫ് മുസ്‌ലിയാരങ്ങാടി, അഷ്‌റഫ് തില്ലങ്കേരി, ഖാലിദ് പാളയാട്ട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത്ത് നടത്തി. ഷബീർ കോഴിക്കോട് സ്വാഗതവും ആഷിർ കുറുവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."