സജീവന്റെ മരണം: ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ഭൂമി തരം മാറ്റാന്‍ അപേക്ഷ നല്കി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സജീവന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഫോര്‍ട്ട് കൊച്ചി ആര്.ഡി.ഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്ഷന്. സജീവന്റെ അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് സസ്പെന്ഷന്.
ആര്‍ഡിഒ ഓഫിസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ട് സി.ആര്. ഷനോജ് കുമാര്‍, മുന്‍ സീനിയര്‍ ക്ലര്‍ക്ക് സി.ജെ. ഡെല്‍മ, സീനിയര്‍ ക്ലര്‍ക്ക് ഒ.ബി. അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, മുന്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുന്‍ എല്‍ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരാണ് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍.
ഫെബ്രുവരി മൂന്നിനാണ് സജീവനെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പാണ് സജീവന് അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. കടബാധ്യതയേറിയതിന് പിന്നാലെയാണ് വീടും സ്ഥലവും പണയം വച്ച് വീട്ടാമെന്ന തീരുമാനത്തിലെത്തിയത്. ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനാല്‍ വായ്പ്പ നല്കാന് സാധിക്കില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സജീവന് സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."