ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന വിധം
ഇന്ത്യന്‍ രാഷ്ട്രീയം മുന്‍പെന്നത്തേക്കാളും രൂക്ഷമായ അപകടസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും സംസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തെയാണ് വര്‍ത്തമാനകാല ഇന്ത്യ അടയാളപ്പെടുത്തുന്നത്. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടികള്‍ ഓരോ ദിവസവും കേന്ദ്രസര്‍ക്കാരില്‍നിന്നു വന്നുകൊണ്ടിരിക്കുന്നു. ഭരണഘടനയനുസരിച്ച് കേന്ദ്രസര്‍ക്കാരിന് എത്രത്തോളം സംസ്ഥാനങ്ങളില്‍ ഇടപെടാമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് എത്രവരെ പ്രവര്‍ത്തിക്കാമെന്നും സംസ്ഥാനങ്ങള്‍ക്കു തനിയെ ഏതെല്ലാം കാര്യങ്ങള്‍ നിര്‍വഹിക്കാമെന്നും ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍.
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടാന്‍ തുടങ്ങിയത്. 2014ല്‍ അധികാരത്തില്‍ വന്ന പ്രഥമ നരേന്ദ്രമോദി സര്‍ക്കാര്‍ മറയ്ക്കുപിന്നില്‍ ഒളിഞ്ഞിരുന്നാണ് പൗരന്റെ ജനാധിപത്യാവകാശങ്ങള്‍ക്കെതിരേ നീങ്ങിയതെങ്കില്‍, രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാമറകളും മാറ്റിവച്ചു തുറന്ന പോര്‍മുഖങ്ങളാണ് പൗരന്റെ ജനാധിപത്യാവകാശങ്ങള്‍ക്കെതിരേ തുറന്നുകൊണ്ടിരിക്കുന്നത്. രണ്ടു വിധത്തിലാണിന്ന് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. അതിലൊന്ന് വ്യക്തികള്‍ക്കെതിരേയും സംഘടനകള്‍ക്കെതിരേയുമാണ്. മറ്റൊന്ന് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനെതിരേയും.
ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിരവധി സംസ്ഥാന ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അതില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിസഭകളായിരുന്നു. പ്രലോഭനങ്ങള്‍ നല്‍കിയും മന്ത്രിപദവികള്‍ വാഗ്ദാനം ചെയ്തും പണം വാരിയെറിഞ്ഞുമായിരുന്നു എം.എല്‍.എമാരെ കേന്ദ്ര ഭരണകൂടം അവരുടെ പാളയത്തില്‍ എത്തിച്ചത്. മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗോവ, കര്‍ണാടക എന്നീ കോണ്‍ഗ്രസ് സഖ്യ ഭരണകൂടങ്ങളെയെല്ലാം അട്ടിമറിച്ച് അവിടെയെല്ലാം ബി.ജെ.പി സര്‍ക്കാരിനെ അവരോധിച്ചു. പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും ഇപ്പോള്‍ അതെത്തിനില്‍ക്കുന്നു. ഇതു രണ്ടും പൂര്‍ത്തിയായാല്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകാന്‍ കേരളം, പഞ്ചാബ്, രാജസ്ഥാന്‍ പോലുള്ള ഏതാനും ചില സംസ്ഥാനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.
ബംഗാളില്‍ ഒരു ശക്തിയേ അല്ലാതിരുന്ന ബി.ജെ.പി ഇന്നു ഭരണചക്രം തിരിക്കാന്‍ അതിന്റെ പടിവാതില്‍ക്കല്‍വരെ എത്തിയിരിക്കുന്നു. അതിശക്തയായ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉരുക്കുകോട്ട പോലുള്ള ഭരണകൂടത്തില്‍നിന്ന്, അവരുടെ ഏറ്റവും വിശ്വസ്തനായ മുകുള്‍ റോയിയെ അടര്‍ത്തിയെടുത്താണ് ബംഗാള്‍ അട്ടിമറിക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. പിന്നാലെ പല എം.എല്‍.എമാരും മന്ത്രിമാരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തില്‍ ചേക്കേറി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവും രാജ്യസഭാ അംഗവുമായിരുന്ന ദിനേശ് ത്രിവേദി അംഗത്വം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്കു മുന്‍പാണ്. പുതുച്ചേരിയുടെ വിധിയും മറ്റൊന്നായിരിക്കില്ല. ഒരു മാസത്തിനിടെ മന്ത്രിയുള്‍പ്പെടെ നാല് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചത്. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
ഫെഡറല്‍ സംവിധാനത്തെ ഈ വിധമാണ് കേന്ദ്ര ഭരണകൂടം നിര്‍വീര്യമാക്കുന്നതെങ്കില്‍, ജനാധിപത്യത്തിലെ ഏറ്റവും വലിയ മൂല്യവത്തായ വിയോജിക്കാനുള്ള പൗരന്റെ അവകാശങ്ങളെയാണ് ദിവസംതോറും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത ജെ.എന്‍.യു, ജാമിഅ മില്ലിയ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ജനാധിപത്യ മാര്‍ഗത്തില്‍ നടത്തിവന്ന ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരെ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ആക്ഷേപിച്ചു. ഡല്‍ഹി വംശഹത്യാ കേസില്‍ അവരില്‍ പലരെയും പെടുത്തി ജയിലിലടച്ചു. ഭീമാ കൊറേഗാവ് വാര്‍ഷികത്തില്‍ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലെന്നു മുദ്രകുത്തി ജയിലിലടച്ചു. കര്‍ഷക സമരം നയിക്കുന്ന നേതാക്കളെ ചെങ്കോട്ട ആക്രമണക്കേസില്‍ പെടുത്തി. ചിലരെ ജയിലിലടച്ചു. മാധ്യമപ്രവര്‍ത്തകരില്‍ പലരെയും ജയിലിലടച്ചു. ഏറ്റവുമൊടുവില്‍ ടൂള്‍ കിറ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥിനിയെ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഇവരെയൊക്കെയും ജയിലില്‍ അടച്ചത്. അറസ്റ്റിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരില്‍ പലര്‍ക്കെതിരേയും തെളിവുകള്‍ ശേഖരിക്കാനോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലിസിന് കഴിഞ്ഞിട്ടില്ല. ഈ വിധം അറസ്റ്റ് ചെയ്യപ്പെട്ട് എണ്‍പത് ശതമാനത്തിലധികം പേരാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ജയിലുകളില്‍ കഴിയുന്നത്.
വിയോജിക്കുന്നവരെയും ജനാധിപത്യ മാര്‍ഗത്തില്‍ നീതിക്കുവേണ്ടി സമരം ചെയ്യുന്നവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതും മറ്റുള്ളവര്‍ക്കു സന്ദേശമായി നല്‍കുന്നതും പ്രതിഷേധിക്കുന്നവരെ, സമരം ചെയ്യുന്നവരെ നിശബ്ദരാക്കും എന്നതാണ്. പലരും നിശബ്ദരായിക്കൊണ്ടിരിക്കുന്നുമുണ്ട്. ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും തകര്‍ച്ചയെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ സ്ഥാനത്ത് തീവ്ര ദേശീയതയെ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനായി കേന്ദ്രമന്ത്രിമാരടക്കം തീവ്ര ദേശീയ വികാരം ആളികത്തിക്കുന്നു. ഇതുവഴി ഹൈന്ദവ ഏകീകരണം സാധ്യമാക്കാമെന്നും ഹിന്ദുത്വ രാഷ്ട്രം യഥാര്‍ഥ്യമാക്കാമെന്നും ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ കരുതുന്നുണ്ടാകണം. കൂടുതല്‍ ശക്തിയോടെ, കരുത്തോടെ ഇന്ത്യന്‍ തെരുവുകളില്‍ സമരജ്വാലാമുഖങ്ങള്‍ തുറക്കുന്നതിലൂടെ മാത്രമേ ഫാസിസ്റ്റ് അജന്‍ഡ തകര്‍ത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."