'വനിതാ പൊലിസ് ഓഫിസർമാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു' മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
പൊലിസിൽ വനിതാ ഓഫിസർമാർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ.
ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം. മാഡം എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് അവർ തന്റെ മുന്നിൽവന്നു കരഞ്ഞിട്ടുണ്ടെന്നും സ്വകാര്യ ചാനൽ അഭിമുഖത്തിനിടെ ശ്രീലേഖ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥർക്ക് കടുത്ത മാനസിക സമ്മർദമുണ്ട്. രാഷ്ട്രീയ പിൻബലമുള്ള പൊലിസുകാർക്ക് എന്തും ചെയ്യാം. ഡി.ജി.പി ഉൾപ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം എന്നതാണ് അവസ്ഥ.
സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് സേനയിൽനിന്നു നേരിടേണ്ടി വന്നത്. ആദ്യ പത്തു വർഷം വലിയ ബുദ്ധിമുട്ടായിരുന്നു.
മാനസിക പീഡനം സഹിക്കാനാകാതെ രാജിവയ്ക്കാൻ ഒരുങ്ങിയിട്ടുണ്ട്. സീനിയർ ഓഫിസർമാർ ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. അതു സാധിക്കാത്തതിൽ നിരാശയുണ്ട്. ഫയർ ഫോഴ്‌സ് ഡി.ജി.പി ആയിരുന്നപ്പോൾ യാത്രയയപ്പ് വേണ്ടെന്നു വച്ചത് അവഗണനയിൽ പ്രതിഷേധിച്ചാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫിസർ ആണ് ഞാൻ. യാത്രയയപ്പ് തരുന്നുണ്ടെങ്കിൽ സേന നിരന്നുനിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പൊലിസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്‌റ്റോ തനിക്ക് വേണ്ട.ജയിൽ ഡി.ജി.പിയായിരിക്കേ ആലുവ ജയിലിൽ നടൻ ദിലീപിനു നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."