വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ല: മുടിമുറിച്ചും തലമൊട്ടയടിച്ചും കായിക താരങ്ങളുടെ പ്രതിഷേധം
തിരുവനന്തപുരം: റാങ്ക് ഹോള്‍ഡേഴ്സിന്റെ സെക്രട്ടേറിയറ്റിലെ സമരത്തിനു പിന്നാലെ ദേശീയ ഗെയിംസ് ജേതാക്കളും വേറിട്ട സമരവുമായി രംഗത്ത്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മുടിമുറിച്ചും തലമൊട്ടയടിച്ചും താരങ്ങള്‍ പ്രതിഷേധിച്ചത്. അതിനിടെ, കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ഗ്രേഡ് 2 ഉദ്യോഗാര്‍ഥികളും സമരവുമായി രംഗത്തെത്തി.
തങ്ങളുടെ മെഡലുകള്‍ പ്രദര്‍ശിപ്പിച്ചാണ് കായികതാരങ്ങളെത്തിയിരിക്കുന്നത്. ഒപ്പം കായിക മന്ത്രി അഭിനന്ദിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ ഫോട്ടോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് മെഡല്‍ ജേതാക്കള്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ സമരക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍പേരും ജോലിനിഷേധത്തിനെതിരേയാണ് രംഗത്തെത്തിയിരിക്കുന്നത്.
ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികളും സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സും സമരം തുടരുകയാണ്. സമരം 24 ദിവസം പിന്നിട്ട ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികള്‍ ഉപവാസ സമരം തുടങ്ങിയിട്ടുണ്ട്. പതിനൊന്നാം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."