'വെടിയുതിര്‍ക്കാനും അടിച്ചു കൊല്ലാനും വംശഹത്യക്കും ആഹ്വാനം ചെയ്യുന്ന മന്ത്രിമാരും നേതാക്കളും, മൗനം പാലിക്കുന്ന ഭരണകൂടം...' രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് മദന്‍ ലോകൂര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നിത്യസംഭവമാവുന്ന വിദ്വേഷപ്രസംഗങ്ങളെക്കുറിച്ചും ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെക്കുറിച്ചും രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂര്‍. രാജ്യം ഒരു വംശഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും അടിയന്തരമായി ഇടപെടേണ്ട ഘട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ 'മന്‍തന്‍ ഇന്ത്യ' സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ലോകൂര്‍.
ഇത്തരം വിദ്വേഷ നടപടികളെ ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയോ ഒപ്പംനില്‍ക്കുകയോ ഒക്കെയാണ് ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള സെഷനില്‍, ധര്‍മസന്‍സദിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം, സുള്ളി ഡീല്‍സ്ബുള്ളി ബായി ആപ്പുകള്‍, മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ക്കുനേരെ നടന്ന ആക്രമണം, ആള്‍ക്കൂട്ടക്കൊലയിലെ പ്രതികളെ രാഷ്ട്രീയ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചത് അടക്കമുള്ള വിഷയങ്ങളെല്ലാം വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം.
ആള്‍ക്കൂട്ടക്കൊലയില്‍ കുറ്റാരോപിതരായ വ്യക്തികളെ ഒരു മന്ത്രി മാലയിട്ടു സ്വീകരിക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു. ആള്‍ക്കൂട്ടക്കൊല തന്നെ ഹിംസയാണ്. വിദ്വേഷ പ്രസംഗം ഇത്തരം ഹിംസകള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
''ഇപ്പോള്‍ കാബിനറ്റ് അംഗമായിമാറിയ ഒരു മന്ത്രിയുണ്ടായിരുന്നു ഡല്‍ഹിയില്‍. വെടിവയ്ക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഇത് നരഹത്യാ പ്രേരണയല്ലാതെ പിന്നെയെന്താണ്? എന്നാല്‍, താന്‍ നരഹത്യ നടത്താന്‍ ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞേക്കാം. വെടിവയ്ക്കാന്‍ മാത്രമാണ് പറഞ്ഞത്. ആരെ വെടിവയ്ക്കണമെന്നൊന്നും പറഞ്ഞില്ല എന്നെല്ലാം അദ്ദേഹം ന്യായീകരിച്ചേക്കാമെന്നും ജസ്റ്റിസ് പറഞ്ഞു.
''വംശഹത്യക്ക് ആഹ്വാനം ചെയ്ത ധര്‍മസന്‍സദ് ഇവിടെ നടന്നു. എന്നാല്‍, ഭരണകൂടം ഇതേക്കുറിച്ച് നിശബ്ദരായിരുന്നു. എന്താണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സുപ്രിംകോടതി ചോദിക്കുന്നതുവരെ വിഷയത്തില്‍ ഭരണകൂടം ഇടപെട്ടില്ല. കോടതി ഇടപെട്ടപ്പോള്‍ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗം വംശഹത്യയിലേക്കും ഹിംസയിലേക്കും നയിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചത് ഓര്‍ക്കണം.''മദന്‍ ലോകൂര്‍ ചൂണ്ടിക്കാട്ടി.
അടിയന്തരമായി ഇടപെടേണ്ട സമയമാണിത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന പൊതുജനാഭിപ്രായം രൂപപ്പെടേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."