ഭരണഘടനാമൂല്യങ്ങളെ അവഹേളിക്കുന്ന സർക്കാരും ഗവർണറും
മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ പെട്ടവർക്ക് അനർഹമായി പെൻഷൻ നൽകുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഗവർണർ ചൊടിക്കുന്നത് ഇത് ആദ്യമല്ല. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ തുടരുന്ന ആറ് വർഷത്തിനിടയിൽ പലവട്ടം അദ്ദേഹം ചൊടിച്ചിട്ടുണ്ട്. ഇതാകട്ടെ അദ്ദേഹത്തിന് ഏറെ നേരം നീണ്ടുനിൽക്കുന്ന വികാരവുമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവൻ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തുന്നതോടെ അദ്ദേഹത്തിൻ്റെ എല്ലാ ക്ഷോഭങ്ങളും കെട്ടടങ്ങുന്നതാണ് കേരളം കണ്ട് പോരുന്നത്. ഏറ്റവും ഒടുവിൽ ഗവർണറെ 'ദേഷ്യം' പിടിപ്പിച്ചത് മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് നിയമനങ്ങളെക്കുറിച്ചും അവർക്ക് നൽകുന്ന ഭാരിച്ച പെൻഷൻ തുക സംബന്ധിച്ചുമാണ്. മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു ബോധ്യപ്പെടുത്തിയാൽ തീരാവുന്നതേയുള്ളൂ പുതിയ ക്ഷോഭവുമെന്ന് ഇപ്പോൾ പൊതുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. എങ്കിലും ഗവർണറുടെ ഇപ്പോഴത്തെ ക്ഷോഭം, മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച് ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നുണ്ട്.
ആയിരക്കണക്കിന് തൊഴിൽ രഹിതരാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ കണ്ണും നട്ടിരുന്ന് അവരുടെ പ്രായപരിധി എരിയിച്ച് തീർക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ജോലിക്ക് വേണ്ടി തലസ്ഥാന നഗരിയിൽ കായികതാരങ്ങൾ മുട്ടിലിഴഞ്ഞു. അവരിൽ ചിലർക്ക് മാത്രം ജോലി തരപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ പി.എസ്.സി ജോലി നഷ്ടപ്പെടാതിരിക്കാൻ ആഴ്ചകളായി ഒരുപറ്റം ഉദ്യോഗാർഥികൾ പട്ടിണി കിടന്ന് സമരം ചെയ്തുവരുന്നു. സർക്കാർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പത്താം ക്ലാസ് പാസായവനും രാഷ്ട്രീയപ്പാർട്ടികളുടെ കൊടി പിടിച്ചവനും മുദ്രാവാക്യം വിളിച്ചവനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായി വിരാജിക്കുന്നത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിൽരഹിതരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണെന്ന യാഥാർഥ്യം കാണാതെ പോകരുത്.
സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ പാർട്ടി പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെയാണ് മന്ത്രിമാർ രാഷ്ട്രീയപ്രവർത്തകരെ അവരുടെ പഴ്‌സനൽ സ്റ്റാഫിൽ യഥേഷ്ടം നിയമിക്കുന്നതിലെ വിവാദവും ഉയർന്നിരിക്കുന്നത്. രണ്ടരക്കൊല്ലം മന്ത്രിയുടെ സ്റ്റാഫിൽ ജോലി ചെയ്താൽ മരണം വരെ പെൻഷൻ വാങ്ങി സുഖിച്ചുകഴിയാം. പത്തൊമ്പത് വയസിൽ മന്ത്രിയുടെ സ്റ്റാഫിൽ കയറുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ രണ്ടരക്കൊല്ലം കഴിഞ്ഞ് പെൻഷൻ അർഹതയോടെ പിരിയുമ്പോൾ അവന് യുവത്വം തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ. എന്തൊരു സൗഭാഗ്യമാണിത് ! പി.എസ്.എസിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞ മികച്ച യോഗ്യതകളുള്ള ഉദ്യോഗാർഥികൾ തെരുവ് തെണ്ടുമ്പോഴാണ് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ള മുദ്രാവാക്യം വിളിക്കാരൻ പാർട്ടിയുടെ കാരുണ്യത്തിൽ യുവത്വത്തിന്റെ പ്രസരിപ്പിൽ തന്നെ വൃദ്ധർക്കുള്ള പെൻഷൻ കൈപ്പറ്റുന്നത്. ഭാവിയിൽ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കും നേതാക്കളുടെ ആശ്രിതർക്കും മാത്രമായി സർക്കാർ ജോലികൾ സംവരണം ചെയ്ത് കൂടായ്കയില്ല എന്ന് പേടിക്കേണ്ടിയിരിക്കുന്നു.
ഇതര സംസ്ഥാന സർക്കാരുകൾ ചെയ്യാൻ അറയ്ക്കുന്നതും മടിക്കുന്നതുമായ പല കാര്യങ്ങളും സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന നമ്മുടെ കൊച്ചു സംസ്ഥാനത്തെ ഭരണാധികാരികൾ സധൈര്യം നിർവഹിച്ചു പോരുന്നുണ്ട്. മുപ്പതിലധികം പഴ്‌സനൽ സ്റ്റാഫിനെ ഒരുമന്ത്രിക്ക് നിയമിക്കാമെന്ന ചങ്കൂറ്റം മറ്റേത് സംസ്ഥാന ഭരണകൂടത്തിനാണ് ഉള്ളതെന്നും ഇത്തരുണത്തിൽ ഒാർക്കേണ്ടതുണ്ട്. പൊതുഖജനാവ് ചോർന്നാലെന്താ, ചോരുന്നത് പാർട്ടിയിലെ കേഡർ സംവിധാനത്തിലേക്കാണല്ലൊ.
ഇത്തരം കാലിക പ്രസക്തമായ ദൂഷിത വിഷയങ്ങൾ വിളിച്ചുപറയുന്നുണ്ടെങ്കിലും ഗവർണർ ഒരു ആശയത്തിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയൊന്നുമല്ലെന്നതിന് അദ്ദേഹത്തിന്റെ പൂർവകാല രാഷ്ട്രീയ ചരിത്രം തന്നെ സാക്ഷിയാണ്. അദ്ദേഹത്തിൻ്റെ പഴ്‌സനൽ സ്റ്റാഫിൽ നാല് പേരെയുള്ളൂവെങ്കിലും വലിയൊരു ഉദ്യോഗസ്ഥ വൃന്ദം തന്നെ സർവ സന്നാഹത്തോടെ രാജ്ഭവനിൽ ഉണ്ട്. തോട്ടത്തിൽ പശുവിനെ നോക്കാൻ വരെ സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാരനുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഭരണനിർവഹണത്തിൽ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അതേക്കുറിച്ച് പഠിക്കേണ്ട ഗവർണർമാർക്ക് രാജ്ഭവൻ്റെ തോട്ടത്തിൽ പശു വളർത്തലിന് സമയം കിട്ടണമെന്നില്ല. അതേ പോലെ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറി നിസാരനല്ല. ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അഖിലേന്ത്യാ സർവിസിൽ നിന്നുള്ള രണ്ട് എ.ഡി.സിമാർ, ഒരു കൺട്രോളർ, രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാർ, രണ്ട് അണ്ടർ സെക്രട്ടറിമാർ, പ്രൈവറ്റ് സെക്രട്ടറി, പി.ആർ.ഒ, അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി നൂറിലധികം സ്റ്റാഫും അവർക്കെല്ലാം കൂടി ഒരു സൂപ്പർവൈസറും... അങ്ങനെ പോകുന്നു ഗവർണർ വസതിയിലെ സുഖാഡംബരങ്ങൾ. കോടികളാണ് ഈ വൻസന്നാഹത്തിന് ശമ്പളമായി നമ്മുടെ നികുതിപ്പണത്തിൽ നിന്നു ചെലവഴിക്കുന്നത്. ഗവർണർക്ക് 3.5 ലക്ഷം ശമ്പളത്തിന് പുറമെ ആവശ്യാനുസരണം ചെലവഴിക്കാൻ പ്രതിവർഷം 25 ലക്ഷം വേറെയും ഖജനാവിൽ നിന്നു നൽകുന്നുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇപ്പോഴത്തേത് പോലെ, 'നയപ്രഖ്യാപന ഭീഷണി 'ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയതാണ്. നയപ്രഖ്യാപനത്തിലെ ഒരു ഭാഗം പ്രസംഗിക്കാതെ വിട്ടുകളയുമെന്നായിരുന്നു അന്നത്തെ ഭീഷണി. പിന്നീട് ഭീഷണി പിൻവലിച്ചു. നയപ്രഖ്യാപനത്തിൽ ഒപ്പിടില്ല എന്നായിരുന്നു ഇപ്പോഴത്തെ നിലപാട്. ഗവർണർ നയപ്രഖ്യാപന പ്രസംഗം മാത്രം പലപ്പോഴും തുരുപ്പ് ശീട്ടാക്കുന്നത് എന്തിനാണാവോ? മുഖ്യമന്ത്രി അനുനയവുമായി അപ്പോഴൊക്കെ രാജ്ഭവനിലേക്ക് വച്ചുപിടിക്കുകയും ഗവർണർ അയയുകയും ചെയ്യുന്ന പതിവും കാണുന്നു. എന്താണാവോ ഇതിന്റെ അന്തർധാര, ഇതിൻ്റെയൊക്കെ അർഥം. ഇതിനെ പ്രതിപക്ഷം കൊടുക്കൽ വാങ്ങൽ എന്ന് ആക്ഷേപിക്കുന്നത് വെറുതെയല്ല. ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുകയില്ലെന്ന് പറഞ്ഞാലും രണ്ടാം തവണയും മന്ത്രിസഭായോഗം കൂടി തീരുമാനം ആവർത്തിച്ചാൽ ഭരണഘടന പ്രകാരം ജനാധിപത്യ സർക്കാരിന്റെ തീരുമാനത്തിന് നിർബന്ധമായും വഴങ്ങണമെന്നാണ് കീഴ് വഴക്കം. അല്ലെങ്കിൽ ഗവർണർ രാജിവച്ചൊഴിയണം. ഇവിടെ അതിനൊന്നും മുഖ്യമന്ത്രി നിൽക്കാതെ, ഇടതുമുന്നണിയിൽ ആലോചിക്കാതെ, സ്വയം തീരുമാനമെടുക്കുകയായിരുന്നു വെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ ഗവർണർ - സർക്കാർ വഴക്ക് വെറുമൊരു പുകമറയാണോ ? പൊതുസമൂഹം കരുതുന്നതുപോലെ അവരെ നോക്കുകുത്തിയാക്കി, കൊടുക്കൽ വാങ്ങലുകളാണോ സംസ്ഥാനത്ത് നടന്നുവരുന്നത് ? അത് ജനാധിപത്യ ഭരണനിർവഹണത്തിലെ വീഴ്ചകളാണ്; ഭരണഘടനാമൂല്യങ്ങളെ ഇരുകൂട്ടരും കൂടി പിച്ചിച്ചീന്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."