നാലാണ്ട് പിന്നിട്ടിരിക്കുന്നു മധുവിനെ തല്ലിക്കൊന്നിട്ട്; മറന്നോ വയറൊട്ടിയ ആ ആദിവാസി യുവാവിനെ സാംസ്‌ക്കാരിക കേരളം
ഓര്‍ക്കുന്നില്ലേ...ആക്രോശിക്കുന്ന ഒരുപറ്റം 'മനുഷ്യര്‍'ക്കു നടുവില്‍ ഒട്ടിയ വയറുമായി നിന്ന മെല്ലിച്ച ആ ആദിവാസി ചെറുപ്പക്കാരനെ. വിശപ്പിന്റെ ദൈന്യത നിറഞ്ഞ കണ്ണുകളുമായി ചുറ്റുമുള്ളവര്‍ എന്താണ് പറയുന്നതെന്നു പോലും മനസ്സിലാകാതെ നിന്നവനെ. വിശപ്പിന്റെ ദൈന്യമിന്നോളമറിയാത്തൊരു പറ്റത്തിന്റെ ദാര്‍ഷ്ട്യം അവനെ അടിച്ചടിച്ച് മരണത്തിലേക്ക് തള്ളിവിട്ടിട്ട് നാലാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഇന്നും നീതി അവനെ തേടിയെത്തിയിട്ടില്ല.
2018 ഇതേ പോലൊരു ഫെബ്രുവരി 22നു മധു എന്ന ആദിവാസി യുവാവ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമായത് അന്ന് വെറും ഒരു പ്രാദേശിക പേജിലെ ഒറ്റക്കോളം അഞ്ചു വാക്യ വാര്‍ത്തയായിരുന്നു. മോഷ്ടാവെന്ന് കരുതി പിടിച്ച യുവാവ് മരണപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത വന്നത്.
കടയില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ പിടികൂടി കൈകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. തുടര്‍ന്ന് പൊലിസിന് കൈമാറിയ മധുവിനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അട്ടപ്പാടി കടുകുമണ്ണ മല്ലന്റെ മകനാണ് മധു.
കേസില്‍ 90 ദിവസത്തിനകം പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിചാരണ അനന്തമായി വൈകി. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ ഗുരുതര അലംഭാവം കാണിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. നാലു വര്‍ഷമായിട്ടും കേസില്‍ വിചാരണ പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
മണ്ണാര്‍ക്കാട് എസ്.സിഎസ്.ടി കോടതിയില്‍ നടന്നുവരുന്ന കേസില്‍, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വര്‍ഷങ്ങളെടുത്തു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടര്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ചുമതല ഒഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച രണ്ടാമത്തെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി. രഘുനാഥ് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ താല്‍പര്യമറിയിച്ചു.
രണ്ട് തവണ മാത്രമാണ് ഇദ്ദേഹം കോടതിയില്‍ ഹാജരായത്. പകരം നിയമനമില്ലാത്തതിനാല്‍ വിചാരണ വീണ്ടും പ്രതിസന്ധിയിലായി. കേസ് കഴിഞ്ഞ മാസം പരിഗണനക്ക് എടുത്തപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദ്യമുന്നയിച്ചത് വലിയ ചര്‍ച്ചയായി.
ഈ മാസം 15ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി. രാജേന്ദ്രനേയും പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെയും നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ 18ന് കേസ് പരിഗണിച്ച കോടതി പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കേസ് 25ലേക്ക് മാറ്റി. വിസ്താരം തുടങ്ങുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് കൈമാറല്‍, കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയായാലേ വിചാരണ തുടങ്ങാനാവൂ.
കേസില്‍ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈന്‍, മരക്കാര്‍, ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് പ്രതികള്‍. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
മധു കൊലക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആക്കിയത് കഴിഞ്ഞ സമ്മേളന കാലത്ത് സി.പി.എമ്മിനുള്ളില്‍ വന്‍ വിവാദമായിരുന്നു. കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ മാറ്റി മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."