ഇ.ശ്രീധരന് മറുപടിയുമായി ഇടതു നേതാക്കള്‍: അദ്ദേഹം നല്ല എന്‍ജിനീയര്‍; ചരിത്രബോധമില്ല: വിജയരാഘവന്‍, ജനാധിപത്യം നാവിന്‍തുമ്പത്ത് മാത്രമുള്ള ബി.ജെ.പിയില്‍ നില്‍ക്കുന്നവര്‍ 'വിചാരധാര' വായിക്കണമെന്ന് ബിനോയ് വിശ്വം
കൊച്ചി: മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിച്ച മെട്രോമാന്‍ ഇ. ശ്രീധരനു മറുപടിയുമായി സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും സി.പി.ഐ നേതാവ് ബിനോയ് വിശ്വവും. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് പറയുന്ന ഇ.ശ്രീധരന്‍ ഇപ്പോള്‍ ആരുടെ കൂടാരാത്തിലാണെന്നും ബി.ജെ.പിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.
മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. എന്നാല്‍ അദ്ദേഹത്തിന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായതായി വിജയരാഘവന്‍ വ്യ്ക്തമാക്കി. നമ്മുടെ വ്യക്തിത്വം പാര്‍ട്ടിയാണ്. എന്നെ കുറിച്ച് പറയുന്നവര്‍ സി.പി.എമ്മിനെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇ.ശ്രീധരന്‍ ബി.ജെ.പിയെക്കുറിച്ച് നന്നായി പഠിക്കാന്‍ ശ്രമിക്കണമെന്ന് ബിനോയി വിശ്വം എം.പി ആവശ്യപ്പെട്ടു. രാജ്യസ്‌നേഹം ബി.ജെ.പിക്ക് നാവിന്‍തുമ്പത്ത് മാത്രമേയുള്ളൂ. അവര്‍ക്ക് ഉള്ളില്‍ മറ്റൊരു മുഖമുണ്ട്. അത് ആര്‍.എസ്.എസിന്റേതാണ്. സവര്‍ണ ഹിന്ദുരാഷ്ട്രം എന്നതുമാത്രമാണ് അവരുടെ ഏക ആശയം.
ബി.ജെ.പിയുടെ പ്രാമാണിക ഗ്രന്ഥമായ 'വിചാരധാര'യില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ആ പുസ്തകം ശ്രീധരന്‍ ഒന്ന് വായിക്കണം. അതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഇ. ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പിണറായി ഏകാധിപതിയാണെന്നും ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ലെന്നുമായിരുന്നു ഇ.ശ്രീധരന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."