വിശ്വാസ വോട്ടെടുപ്പ് നാളെ; പുതുച്ചേരിയിൽ പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധ സേനാ സുരക്ഷ
ചെന്നൈ: പുതുച്ചേരി നിയമസഭയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയിൽ പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധ സേനയുടെ സുരക്ഷ. അണ്ണാ ഡി.എം.കെയിലെ വി. മണികണ്ഠൻ, എ. ഭാസ്‌കർ, എൻ.ആർ. കോൺഗ്രസിലെ എൻ.എസ്. ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ഒരു എം.എൽ.എ. കൂടി പാർട്ടിവിട്ടേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പാർലമെന്ററി പാർട്ടി സെക്രട്ടറികൂടിയായ ലക്ഷ്മിനാരായണൻ കോൺഗ്രസ് വിട്ട് എൻ.ആർ. കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് വിവരം.
നിലവിൽ ഭരണപ്രതിപക്ഷങ്ങളുടെ അംഗബലം തുല്യമാണ് (14-14). സ്പീക്കറും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ലക്ഷ്മിനാരായണൻ പാർട്ടി വിട്ടാൽ സർക്കാർ ന്യൂനപക്ഷമാകും.
നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് എം.എൽ.എ.മാർ അടക്കം 33 അംഗ നിയമസഭയിൽനിന്ന് നാല് എം.എൽ.എ.മാരാണ് രാജിവെച്ചത്. സർക്കാരിനെതിരേ പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് എം.എൽ.എ.യെ മുമ്പ് അയോഗ്യനാക്കിയിരുന്നു.
നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എ.മാർ ബി.ജെ.പി. നേതാക്കളാണ്. എന്നാൽ, ഇവർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നാണ് നാരായണസാമി പക്ഷം വാദിക്കുന്നത്. തങ്ങൾക്ക് വോട്ടവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നതായാണ് നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എ.മാർ പറയുന്നത്.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുമ്പോൾ ഇതിനെതിരേ വോട്ട് ചെയ്യാൻ ധാർമികമായി ഈ എം.എൽ.എ.മാർക്ക് അവകാശമില്ലെന്ന വാദവും ഭരണപക്ഷം ഉയർത്തുന്നു. വിശ്വാസവോട്ടെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ സ്പീക്കർ വിലക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ലഫ്. ഗവർണർ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. അതോടെ സംസ്ഥാനഭരണത്തിൽ കേന്ദ്രം നേരിട്ട് ഇടപെടാനുള്ള സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."