വിശ്വാസ വോട്ടെടുപ്പില്‍ പരാജയം; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തേക്ക്
ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരിയില്‍ സര്‍ക്കാറിന് തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തേക്ക്. കുറച്ചുസമയത്തിനകം മുഖ്യമന്ത്രി നാരായണസാമി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കാണും. രാജി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൂടിക്കാഴ്ച.
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ ഇന്നലെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങിയത്. ആകെ 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ താഴെവീണത്.
കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനുമാണ് രാജി വെച്ചത്.
മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചിരുന്നു.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി. നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര സര്‍ക്കാറിനെതിരെയും മുന്‍ ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിക്കുമെതിരെയും വി. നാരായണസ്വാമി വിമര്‍ശിക്കുന്നതായിരുന്നു നാരായണ സ്വാമിയുടെ പ്രതികരണം. കിരണ്‍ബേദിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട് തടഞ്ഞുവെച്ച് ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം.എല്‍.എമാര്‍ പാര്‍ട്ടിയോട് വിശ്വാസ്യത പുലര്‍ത്തണം. രാജിവെച്ച എം.എല്‍.എമാര്‍ക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന് വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയില്‍ പറഞ്ഞു.
നേരത്തേ മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണ 12 ആയി ചുരുങ്ങി. ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന് അംഗബലം 14 ആവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."