സഊദിയിൽ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശി വത്കരിക്കുന്നു; 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും
റിയാദ്: സഊദിയിൽ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കാൻ നടപടികൾ പൂർത്തിയായി. ഇതോടെ ഈ മേഖലയിൽ മലയാളികൾ ഉൾപ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കുകൾ. മലയാളികൾ ഉൾപ്പെടെ വിദേശികൾക്ക് ഏറെ തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം. സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്കാന് വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 2,72,000 ജീവനക്കാരില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം വിദേശികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് 38,000 സര്‍ക്കാര്‍ സ്കൂളുകളാണുള്ളതെങ്കിൽ സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്. സ്വകാര്യ മേഖലയില്‍ 1,800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്.
സ്വകാര്യ മേഖലയില്‍ മിനിമം വേതനം നടപ്പാക്കുന്നതോടെ ബിരുദധാരികളായ സ്വദേശികളെ ധാരാളമായി ആകര്‍ഷിക്കുമെന്നാണ് കരതുന്നത്. നിലവില്‍ നിരവധി സഊദി സ്കൂളുകള്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. ഇത് മൂലം സ്വദേശി യുവതി യുവാക്കൾ ഈ രംഗത്തേക്ക് എത്തുന്നത് കുറവാണ്. ഇത് മറികടക്കാനാണ് മിനിമം വേതനം പ്രഖ്യാപിച്ചത്. ഇത് മൂലം സ്വകാര്യ മേഖലയിൽ യുവതി യുവാക്കൾ കൂടുതലായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."