ലോട്ടറിയില്‍ നമ്പര്‍ തിരുത്തി തട്ടിപ്പ്; ഒരാള്‍ പിടിയില്‍
അമ്പലവയല്‍: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി സമ്മാനതുക തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാക്കവയല്‍ കുണ്ടുകൊല്ലി അനില്‍കുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അമ്പലവയല്‍ ടൗണില്‍ ലോട്ടറി തട്ടിപ്പ് അരങ്ങേറിയത്.
സ്വാതന്ത്ര്യദിനത്തിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയിലെ ആര്.ടി 86 40 62 എന്ന നമ്പറിലുള്ള ടിക്കറ്റുകളുമായി അനില്‍കുമാര്‍ ആദ്യം ചുള്ളിയോട് റോഡിലുള്ള ഫോര്‍യു ലോട്ടറി വില്‍പ്പന കടയിലെത്തി. രണ്ട് ടിക്കറ്റുകള്‍ നല്കി, സമ്മാനതുകയായ നാലായിരം രൂപ കൈപ്പറ്റി. കുറച്ച് സമയം കഴിഞ്ഞ് തൊട്ടടുത്തുള്ള സൗപര്‍ണിക ലക്കി സെന്ററിലും ലോട്ടറി മാറാനായെത്തി. ടിക്കറ്റ് നല്കിയപ്പോള് കടയിലെ ജീവനക്കാരന് ദിനകരന് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് നമ്പര്‍ തിരുത്തി വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമായത്. ഉടന്‍ അനില്‍കുമാറിനെ സ്ഥലത്ത് തടഞ്ഞ് വെച്ച് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസെത്തി അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഫോര്‍ യു ലോട്ടറി വില്‍പ്പന കടയിലെ ജീവനക്കാരന് ന ല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി പൊലീസ് അനില്‍കുമാറിനെതിരേ കേസെടുത്തു. ടിക്കറ്റ് നമ്പറില്‍ എട്ടിനെ ആറും, ഏഴിനെ രണ്ടുമാക്കിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ടിക്കറ്റുകള്‍ മറ്റൊരാള്‍ നല്‍കിയതാണെന്നും അയാളെകുറിച്ച് അറിയില്ലെന്നും അനില്‍കുമാര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് അറിയുന്നത്.
അതേസമയം ലോട്ടറി നമ്പര്‍ വിദഗ്ദമായാണ് തിരുത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായാണ് പൊലിസില്‍ നിന്നും ലഭിക്കുന്ന വിവരം. തുടരന്വേഷണത്തിലേ സമാനമായ തട്ടിപ്പുകള്‍ ജില്ലയിലെ മറ്റിടങ്ങളില്‍ നടന്നിട്ടുണ്ടോയെന്നത് വ്യക്തമാകൂ. അനില്‍കുമാറിന് ലോട്ടറി നല്കിയ ആളെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."