ക്രമസമാധാനം തകർന്നെന്ന് പ്രതിപക്ഷം; പൊലിസിനെ തലോടി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം നിയമസഭയിൽ. എൻ.ഷംസുദീനാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. പ്രതിപക്ഷ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന നില കേരളത്തിലാണെന്നും പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിക്ഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് ഷംസുദ്ദീൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണ്. ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവിനെ എസ്.ഡി.പി.ഐക്കാർ ഘോഷയാത്രയായി പോയാണ് കൊന്നത്. കേരളത്തിൽ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീൻ വിമർശിച്ചു.പൊലിസിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ വിമർശിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലിസിനെ നിർവീര്യമാക്കണമെന്ന ആഗ്രഹം ചിലർക്കുണ്ട്. വർഗീയമായി പൊലിസിനെ ആക്രമിക്കുന്നുണ്ട്. ആ ശക്തികളുടെ വക്താക്കളാകുന്ന അവസ്ഥ പ്രതിപക്ഷത്ത് നിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷകേന്ദ്രങ്ങളിൽ സംഘ്പരിവാർ കലാപത്തിന് പദ്ധതിയിട്ടിരുന്നു. അതു കണ്ടെത്തി തടഞ്ഞത് പൊലിസാണ്. പൊലിസ് നടത്തിയ സേവനങ്ങളെ വിസ്മരിക്കാനാകില്ല. പശുവിന്റെ പേരിൽ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഇത്തരം ഇടപെടലുകളാണ് ഇന്ത്യയിലെ എറ്റവും മികച്ച ക്രമസമാധാന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പാർട്ടിയുടെ അനാവശ്യമായ ഇടപെടലുകൾ പൊലിസിന് പ്രവർത്തിക്കാനാകാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."