പ്ലാസ്റ്റിക്, ക്വാറി നിരോധനം; കലക്ടറെ അഭിനന്ദിച്ചു
കല്‍പ്പറ്റ: ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍പ്പെട്ട ഫാന്റംറോക്, കൊളഗപ്പാറ, അമ്പലവയല്‍ വില്ലേജിലെ ആറാട്ടുപാറ എന്നിവിടങ്ങളില്‍ പാരിസ്ഥിതിക പ്രാധാന്യവും ജനങ്ങളുടെ ഭാവിസുരക്ഷയും കണക്കിലെടുത്ത് ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിരോധിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ വി കേശവേന്ദ്രകുമാറിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിനന്ദിച്ചു.
ഒക്‌ടോബര്‍ രണ്ട് മുതല്‍ ജില്ലയില്‍ മൈക്രോണ്‍ അളവ് നോക്കാതെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചതിനെ സ്വാഗതം ചെയ്ത സമിതി മുന്‍ കലക്ടര്‍മാര്‍ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വയനാട്ടില്‍ അതികഠിനമായ പാരിസ്ഥിതികത്തകര്‍ച്ച ഉണ്ടാകുമായിരുന്നില്ലെന്ന് വിലയിരുത്തി. ജില്ലയുടെ പരിസ്ഥിതിസന്തുലനം തകര്‍ത്തത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന അശാസ്ത്രീയ കരിങ്കല്‍-മണല്‍ ഖനവും അശാസ്ത്രീയ നിര്‍മാണങ്ങളുമാണ്.
ഏറെ വൈകിയാണെങ്കിലും ഇതു തിരിച്ചറിയുകയും ഖനലോബിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുകവഴി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ വയനാടന്‍ ജനതയുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എന്‍ ബാദുഷ അധ്യക്ഷനായി. സെക്രട്ടറി തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, ബാബു മൈലമ്പാടി, പി.എം സുരേഷ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, വി.എം രാജന്‍, ജസ്റ്റിന്‍ പ്രകാശ്, ഗോകുല്‍ദാസ് തൊടുവെട്ടി, ആര്‍ടിസ്റ്റ് ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."