ജനായത്ത ഭരണകൂടങ്ങളെ മറിച്ചിടുന്ന വിജയയാത്രകള്‍
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ക്കോട്ട് നിന്ന് ഞായറാഴ്ച ആരംഭിച്ച യാത്രയ്ക്ക് വിജയയാത്ര എന്നു പേരിട്ടത് കേവലം യാദൃച്ഛികമായിരിക്കില്ല. വിപുലമായ അര്‍ഥവ്യാപ്തികളുള്ള ഒരു പേരായിരുന്നു അതെന്ന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയെക്കൂടി കേന്ദ്ര സര്‍ക്കാര്‍ മറിച്ചിട്ടതിലൂടെ തെളിയിച്ചിരിക്കുകയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, അവര്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന്. അതുവഴി ജനതയില്‍ പുതിയൊരു രാഷ്ട്രീയ അവബോധം സൃഷ്ടിച്ച് ചൈതന്യമുള്ള ഒരു രാഷ്ട്രീയ നവോത്ഥാനത്തിന് ബി.ജെ.പി തിരികൊളുത്തുമെന്നൊക്കെയായിരുന്നുവല്ലോ പലരും ധരിച്ചുവച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ അവസാനത്തെ കോണ്‍ഗ്രസ് മന്ത്രിസഭയേയും കൂടി മറിച്ചിട്ടതിലൂടെ ബി.ജെ.പി എത്ര സമര്‍ഥമായിട്ടാണ് അവരുടെ രാഷ്ട്രീയ കാപട്യം പ്രാവര്‍ത്തികമാക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഭരണകൂടങ്ങളെ രാഷ്ട്രീയ സദാചാരം തൊട്ട് തീണ്ടാത്ത, അധാര്‍മികമായി ഇല്ലാതാക്കുന്ന ബി.ജെ.പിയുടെ എന്‍ജിനീയറിങ് വൈഭവം തിരിച്ചറിഞ്ഞിട്ടു കൂടിയാകണം ഒരു എന്‍ജിനീയറിങ് പ്രതിഭ ബി.ജെ.പിയില്‍ ആകൃഷ്ടനായിട്ടുണ്ടാവുക.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പ്രഖ്യാപിച്ച് ആറ് വര്‍ഷം പിന്നിട്ടപ്പോഴേക്കും കുതികാല്‍ വെട്ടിലൂടെയും കള്ളപ്പണമൊഴുക്കിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവശേഷിച്ചിരുന്ന പുതുച്ചേരി മന്ത്രിസഭയെക്കൂടി വീഴ്ത്തിയതോടെ, തീര്‍ച്ചയായും കെ. സുരേന്ദ്രന് വിജയയാത്ര നടത്താനുള്ള അവകാശമുണ്ട്. രാഷ്ട്രീയ അധാര്‍മിക വിജയയാത്ര എന്നായിരുന്നു കുറെക്കൂടി യോജിച്ച പേര്. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരി കോണ്‍ഗ്രസ് എം.എല്‍.എമാരെ, ഇതര സംസ്ഥാനങ്ങളില്‍ ചെയ്തത് പോലെ കാല് മാറ്റിച്ച് ബി.ജെ.പി വലയിലാക്കിയത്.
ഇന്ത്യന്‍ രാഷ്ടീയത്തെ ബി.ജെ.പി വലിയൊരു വ്യവസായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ ചില പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വന്‍ വ്യവസായികള്‍ ട്വന്റി ട്വന്റിയെന്ന് പേരിട്ട് ചിലയാളുകളെ സ്ഥാനാര്‍ഥികളായി നിര്‍ത്തി, രാഷ്ട്രീയപ്പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിച്ചത് ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നതിന്റെ ചെറു പതിപ്പായിരുന്നു. പഞ്ചായത്തു ഭരണങ്ങള്‍ വ്യവസായികള്‍ പിടിച്ചടക്കുമ്പോള്‍, അവരുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും കുടിവെള്ള മലിനീകരണവും സാധാരണക്കാരന്റെ കൃഷിഭൂമിയും തൊഴിലും നഷ്ടപ്പെടുന്നതും ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതായിത്തീരുന്നതും ചോദ്യം ചെയ്യാന്‍ ഒരാള്‍ പോലും ഉണ്ടാവില്ല. മലിനീകരണം നിയന്ത്രിക്കാന്‍ വ്യവസായികള്‍ ചെലവാക്കേണ്ടി വരുന്ന ഭീമമായ തുകയെക്കാള്‍ കുറഞ്ഞ ചെലവില്‍ പഞ്ചായത്തുകളില്‍ അരിയും മുളകും വിതരണം ചെയ്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ തോല്‍പിച്ച് പഞ്ചായത്തു ഭരണം തട്ടിയെടുക്കാമെന്ന വന്‍കിട വ്യവസായികളുടെ തന്ത്രം ബി.ജെ.പിയില്‍നിന്നു പകര്‍ത്തിയതാകണം.
കോണ്‍ഗ്രസ് മുക്ത ഭാരതം പൂര്‍ണമായും നടപ്പാകുന്നതോടെ, കോര്‍പറേറ്റുകള്‍ ഇപ്പോള്‍ നടത്തുന്ന കൊള്ള ചോദ്യം ചെയ്യാന്‍ ഒരു സംസ്ഥാന സര്‍ക്കാരും ഉണ്ടാവില്ല. ഇഷ്ടം പോലെ ഇന്ധനവില കൂട്ടാം. തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്യാം. കര്‍ഷകന്റെ ഭൂമി ബലമായി പിടിച്ചെടുക്കാം.
കാര്‍ഷിക നിയമ ഭേദഗതിക്കെതിരേ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണകൂടം പോലുള്ള സംസ്ഥാനങ്ങള്‍ 'കോണ്‍ഗ്രസ് മുക്ത ഭാരത'ത്തില്‍ നാമവശേഷമായേക്കാം. കോര്‍പറേറ്റുകളുടെ ഇംഗിതം സഫലീകരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പി ഉയര്‍ത്തി കൊണ്ടുവന്നത്. കൂട്ടത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയാനും കഴിയും. സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പി ഇതര മന്ത്രിസഭകള്‍ ഉണ്ടാകാതിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പേരില്‍ തന്നെ ഭരണഘടന അട്ടിമറിച്ച് ഏകശിലാ ഭരണം നടപ്പിലാക്കാന്‍ ബി.ജെപിക്ക് കഴിയും. ധര്‍മാധര്‍മങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ഈ കള്ളച്ചൂതില്‍ ഏറെയും കരുക്കളായിത്തീരുന്നത് കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. ആജീവനാന്തം സുഖസമ്പൂര്‍ണമായി ജീവിക്കാനുള്ള കോടികളും മന്ത്രി പദവിയും വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍, തന്റെ വ്യാപാര മൂല്യം തിരിച്ചറിയുന്ന ജനപ്രതിനിധിക്ക് തെരഞ്ഞെടുത്തയച്ച ജനത ഒരു ധാര്‍മിക ബാധ്യത പോലുമാകുന്നില്ല.
അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, കര്‍ണാടക എന്നീ സംസ്ഥാന ഭരണകൂടങ്ങളെയെല്ലാം പണമെറിഞ്ഞും പദവികള്‍ വാഗ്ദാനം ചെയ്തുമാണ് കേന്ദ്ര ഭരണകൂടം മറിച്ചിട്ടത്. ഇതില്‍ അവസാനത്തേതാണ് പുതുച്ചേരി. ഉത്തരാഖണ്ഡ് സംസ്ഥാനം മാത്രമാണ് ഇതിനൊരപവാദമായത്. 2016 മാര്‍ച്ച് 19നാണ് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ പോളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസ് മന്ത്രിസഭ പിരിച്ചുവിട്ടത്. ഇതിനെതിരേ ഹരീഷ് റാവത്ത് സുപ്രിംകോടതിയെ സമീപിക്കുകയും കോടതി രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കുകയും റാവത്ത് മന്ത്രിസഭ പുനഃസ്ഥാപിക്കുകയും ചെയ്തു. നിയമസഭകളില്‍ ഒരു ജനപ്രതിനിധി ഇല്ലാഞ്ഞിട്ടു പോലും, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ കള്ളപ്പണത്തിന്റെ ഊക്ക് കൊണ്ട് തകര്‍ത്തെറിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് കിട്ടിയ ഏക തിരിച്ചടിയായിരുന്നു ഈ സുപ്രിംകോടതി വിധി.
ലക്ഷങ്ങള്‍ ചെലവാക്കി ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ എം.എല്‍.എയാകുകയും പിന്നീട് എം.എല്‍.എ സ്ഥാനം കോടികള്‍ക്ക് കച്ചവടം ഉറപ്പിച്ച് ബി.ജെ.പിക്ക് വിറ്റുകൊണ്ടിരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ സുലഭമായി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു കാലത്ത് കെ.സുരേന്ദ്രനെ പോലുള്ള ബി.ജെ.പി നേതാക്കള്‍ വിജയയാത്ര നടത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."