'ഒരു രാജ്യവും ധാര്‍മ്മികത ഉപദേശിക്കേണ്ട, ഉക്രൈന് പ്രതിസന്ധിയില്‍ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഉക്രൈന് പ്രതിസന്ധിയില്‍ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനോട് ആവശ്യപ്പെട്ടു.
നാറ്റോയും റഷ്യയും തമ്മില്‍ കൃത്യമായ നയതന്ത്ര ഇടപ്പെടലുണ്ടായാല് മാത്രമെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണം. കീവില്‍ ഉള്ള ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഉക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു ലോക നേതാവും ഇക്കാര്യം നേരിട്ട് പുടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം നിലപാടെടുക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളവെന്നും ഉന്നതവൃത്തങ്ങള്‍ വിശദീകരിക്കുന്നു.
അതേസമയം റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാല്‍ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാടെടുക്കാന്‍ സാധിക്കൂ. ഉക്രൈന് റഷ്യ വിഷയത്തില്‍ ഒരു രാജ്യവും ധാര്‍മ്മികത ഉപദേശിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ആവശ്യപ്പെട്ടിരുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും വേഗം തീര്‍പ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും റഷ്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."