ഇന്ത്യക്കാരുമായി ആദ്യ വിമാനം ബുക്കാറെസ്റ്റില്‍ നിന്നും പുറപ്പെട്ടു; രാത്രി 9 മണിയോടെ മുംബൈയിലെത്തും
ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ബുക്കാറെസ്റ്റില്‍ നിന്നും പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ 219 യാത്രക്കാരാണ് ഉള്ളത്. ഇതില്‍ 30 ല്‍ അധികം മലയാളികളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
രാത്രി 9 മണിയോടെ വിമാനം മുബൈയിലെത്തും. ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു.
അതേസമയം, കൂടുതല്‍ പേരെ തിരികെയെത്തിക്കാനായി രണ്ടാം വിമാനം റൊമേനിയിലേക്ക് തിരിച്ചു.
ഉക്രൈയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."