സമൂഹ മാധ്യമങ്ങള്‍ക്കു പുതിയ പൂട്ടിടാന്‍ കേന്ദ്രം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി: അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി
ന്യുഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും പുതിയ മൂക്കുകയറിട്ട് കേന്ദ്രം. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന മാര്‍ഗരേഖയുമായാണ് വരവ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.
വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന്് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പിന്നീട് സോഷ്യല്‍മീഡിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവേ വ്യക്തമാക്കി.
വിവിധ തലങ്ങളില്‍ വിപുലമായ നിലയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 2018ലാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശത്തിന് അന്തിമ രൂപം നല്‍കിയത്. വ്യക്തികളുടെ പരാതിക്ക് ഉടന്‍ പരിഹാരം കാണണം. പരാതി പരിഹാര സംവിധാനം ഒരുക്കണം. പരാതി കേള്‍ക്കുന്നതിന് പ്രത്യേക ഓഫീസറെ ഇന്ത്യയില്‍ നിയോഗിക്കണം. 24 മണിക്കൂറിനുള്ളില്‍ പരാതി സ്വീകരിച്ച് 15 ദിവസത്തിനകം പരിഹാരം കാണണമെന്ന് മന്ത്രി പറഞ്ഞു.
കോടതിയുടെയോ സര്‍ക്കാരിന്റെയോ ഉത്തരവ് പ്രകാരം അപകീര്‍ത്തികരമായ ഉള്ളടക്കത്തിന് രൂപം നല്‍കിയ വ്യക്തിയുടെ വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ തയ്യാറാവണം. ചട്ടങ്ങള്‍ ലംഘിച്ചുള്ള പോസ്റ്റുകള്‍ ഇന്ത്യയില്‍ ആരാണ് ആദ്യം പങ്കുവെച്ചതിന്റെ വിവരങ്ങള്‍ നല്‍കണം. ഉപയോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള നമ്പര്‍ വിജ്ഞാപനം ചെയ്യും.
ഒ.ടി.ടിയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഒ.ടി.ടിയില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണം. കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമില്‍ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരും. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത തടയുന്നതിന് നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കും. പരാതി നല്‍കിയാല്‍ ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ചുരുങ്ങിയത് നാല്‍പ്പതോളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും നൂറില്‍പ്പരം വാര്‍ത്ത സൈറ്റുകളുമാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക. ഇക്കാര്യം ഉപയോക്താവിനെ അറിയിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടും.
ഉള്ളടക്കം അനുസരിച് പരിപാടിയെ അഞ്ചായി തരം തിരിക്കും. കമ്പനികള്‍ക്ക് ഒരു പ്രശ്‌നപരിഹാര സംവിധാനം ഉണ്ടായിരിക്കണം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം അത് തീര്‍പ്പാക്കുകയും വേണമെന്നും വാര്‍ത്താവിതരണം മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."