മയക്കുമരുന്ന് മാഫിയയെ തകര്‍ത്ത മുന്‍ വനിതാ ഐ.പി.എസ് ഓഫിസര്‍ക്കെതിരേ പ്രചാരണത്തിന് അമിത്ഷായെത്തുന്നു
ഇംഫാല്‍: മണിപ്പൂരില്‍ മയക്കുമരുന്ന് മാഫിയയെ തുരത്തിയോടിച്ച മുന്‍ വനിതാ ഐ.പി.എസ് ഓഫിസര്‍ക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷായെത്തുന്നു. ഇംഫാലില്‍ യായ്സ്കൂള് മണ്ഡലത്തില്‍ മത്സരിക്കുന്ന ബൃന്ദ തണൗജാമിനെതിരേയാണ് അമിത്ഷാ പ്രചാരണത്തിന് ഇറങ്ങുക. മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയയെ ബൃന്ദ തണൗജാം കൂച്ചുവിലങ്ങിട്ടിരുന്നു. ഇതിനേ തുടര്‍ന്ന് സര്‍ക്കാരുമായി അഭിപ്രായ വ്യതാസം രൂപപ്പെട്ടതിന് പിന്നാലെ അവര്‍ പൊലിസ് ഉദ്യോഗം രാജിവയ്ക്കുകയായിരുന്നു.
സിറ്റിങ് എം.എല്‍.എയും സംസ്ഥാന മന്ത്രിയുമായ തോക്ക്ഹാം സത്യബത്ര സിങ്ങിനെതിരേയാണ് ജെ.ഡി.യു ടിക്കറ്റില്‍ ബൃന്ദ മത്സരിക്കുന്നത്. അവരുടെ ജനപ്രീതിയെ ഭയന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രചരണത്തിനായി എത്തുന്നത്. ബി.ജെ.പിയുടെ സിറ്റിങ് മന്ത്രിക്കെതിരേ മത്സരിക്കുന്ന തനിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയത് അംഗീകാരമായി കാണുന്നുവെന്നും തന്റെ പോരാട്ടം അഴിമതിക്കും ലഹരി മാഫിയക്കെതിരേയുമാണെന്നും ബൃന്ദ തണൗജാം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."