'അടിയുറച്ച' സെമി കേഡർ രഹസ്യപ്പൊലിസ്
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
കേഡർ സ്വഭാവമുള്ള പാർട്ടികൾക്കൊക്കെ ഇന്റലിജൻസ് സംവിധാനവുമുണ്ടാകും. പാർട്ടിയിലെ വിമതപ്രവർത്തനങ്ങൾ നിരീക്ഷിക്കലും അതിനെക്കുറിച്ച് നേതൃത്വത്തിന് യഥാസമയം വിവരം നൽകലുമൊക്കെയാണ് ഇത്തരം പാർട്ടി രഹസ്യപ്പൊലിസിന്റെ ചുമതല. സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നേതൃത്വമറിയാതെ ഒരു ഇലയനക്കം പോലുമുണ്ടായിരുന്നില്ല. മാവോയുടെ കാലത്ത് രൂപീകരിച്ച ഇന്റലിജൻസ് വിഭാഗം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇന്നുമുണ്ട്.
അങ്ങോട്ടൊന്നും പോയിനോക്കേണ്ട കാര്യമില്ല. മികച്ച ഇന്റലിജൻസ് ശൃംഖലയുള്ള പാർട്ടിയാണ് നമ്മുടെ നാട്ടിലെ സി.പി.എം. പണ്ട് ബദൽരേഖയുടെ കാലത്ത് എം.വി രാഘവന്റെ കൂടെ ആരൊക്കെ ചായ കുടിക്കുന്നു എന്നുപോലും എ.കെ.ജി സെന്റർ കൃത്യമായി അറിഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം നിന്ന വിദ്യാർഥി, യുവജന നേതാക്കൾ ആരെയൊക്കെ കാണുന്നു എന്ന വിവരവും പാർട്ടി നേതൃത്വം അറിഞ്ഞിരുന്നു. ആ സംവിധാനം ഇന്നും പാർട്ടിക്കുണ്ട്.
കേഡറോളം വരില്ല സെമി കേഡർ. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നൊക്കെ പറയുന്നതുപോലെ. എന്നാലും ഉപ്പുരസം ഉപ്പിലിട്ടതിനും കാണുമല്ലോ. അതുപോലെ കേഡറിന്റെ ചില സ്വഭാവങ്ങൾ സെമി കേഡറിലും കാണും. അങ്ങനെയാണ് കോൺഗ്രസിലും രഹസ്യപ്പൊലിസ് സംവിധാനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉണ്ടാക്കിയെടുത്തത്.
കോൺഗ്രസിലെ പുതിയ മാറ്റങ്ങളുടെ ഒരു പ്രധാന ലക്ഷ്യമായി നേതാക്കൾ പറഞ്ഞിരുന്നത് ഗ്രൂപ്പിസം ഇല്ലാതാക്കുക എന്നതാണ്. എന്നാൽ ഉണ്ടായത് വിപരീത ഫലമാണ്. നേരത്തെ കേരളത്തിലെ കോൺഗ്രസിൽ ഐ എന്നും എ എന്നും രണ്ടു ഗ്രൂപ്പുകളാണുണ്ടായിരുന്നത്. എന്നാലിപ്പോൾ പാർട്ടിയിൽ തലങ്ങും വിലങ്ങും ഗ്രൂപ്പുകളാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലും യോഗം ചേരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലും ഒരു ഗ്രൂപ്പുള്ളതായി വാർത്തയുണ്ട്. ഗ്രൂപ്പെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും കെ. മുരളീധരനെ ചുറ്റിപ്പറ്റിയുമുണ്ട് ചില നേതാക്കൾ.
ഇതിനിടയിലാണ് ആരും പ്രതീക്ഷിക്കാതെ സുധാകരന്റെ വലംകൈയും ഇടംകൈയുമൊക്കെയായി പലരും കരുതിയിരുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ഇവർ എവിടെയൊക്കെയോ ഒത്തുചേരുന്നതായി സുധാകരന് വിവരം ലഭിച്ചു. സതീശന്റെ നീക്കങ്ങളറിയാൻ സുധാകരൻ സെമി കേഡർ സംവിധാനം ഉപയോഗിച്ചു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തന്റെ വിശ്വസ്തരായ ചാരൻമാരെ നിർത്തി. കഴിഞ്ഞ ദിവസം ഇവിടെ സതീശൻ ഗ്രൂപ്പിലെ നേതാക്കൾ യോഗം ചേരുന്നതായി ചാരൻമാർ വിവരം നൽകി. അതു കൈയോടെ പിടികൂടാൻ മിന്നൽ പരിശോധനയ്ക്കായി സുധാകരൻ ചില നേതാക്കളെ അയച്ചു. അവരവിടെ പ്രത്യക്ഷപ്പെട്ടപ്പോൾ യോഗത്തിലുണ്ടായിരുന്ന നേതാക്കൾ പലവഴിക്ക് ഇറങ്ങിപ്പോയി എന്നാണ് വാർത്ത.
സെമി കേഡറായാൽ ഇങ്ങനെ തന്നെ വേണം. എന്നാൽ സുധാകരന്റെ വാക്കുകേട്ട് ചാരപ്പണിക്കും മിന്നൽ പരിശോധനയ്ക്കുമൊക്കെ ഇറങ്ങിത്തിരിക്കുന്ന നേതാക്കൾ ഒരു കാര്യം മനസ്സിലാക്കിയാൽ അവർക്കു കൊള്ളാം. കോൺഗ്രസിന്റെ ഗ്രൂപ്പ് യോഗങ്ങളോ തർക്കം തീർക്കാൻ നടക്കുന്ന യോഗങ്ങളോ നടക്കുന്ന വേദികൾ ഒട്ടും സുരക്ഷിതമല്ല. പണ്ടൊരിക്കൽ കോൺഗ്രസിലെ തർക്കം തീർക്കാൻ കേരളത്തിലെത്തിയ അന്നത്തെ പ്രമുഖ ദേശീയനേതാവ് കിഷോർ ചന്ദ്രദേവ് നല്ല അടി വാങ്ങിയാണ് തിരിച്ചുപോയത്. ഒരു യോഗത്തിനു പോയ രാജ്‌മോഹൻ ഉണ്ണിത്താൻ അടികിട്ടി മുണ്ടുരിഞ്ഞുപോയി നിൽക്കുന്ന ചിത്രം എല്ലാവർക്കും ഓർമയുണ്ട്. ഇപ്പോൾ ചാരപ്പണിക്കും മിന്നൽ പരിശോധനയ്ക്കുമൊക്കെ പോകുന്നവർ 'അടിയുറച്ച' കോൺഗ്രസുകാർ ആയിരിക്കുമെന്നുറപ്പാണ്.
ഒറ്റുകാർ എവിടെയുമുണ്ടാകാം
മനുഷ്യരാശിയുടെ ഉദയം മുതൽ തുടങ്ങിയതാണ് കൊലയും. പിന്നീട് ഗോത്രങ്ങളും ഭരണകൂടങ്ങളുമൊക്കെ രൂപപ്പെട്ടപ്പോൾ കൊല ഒരു അനിവാര്യതയായി. ക്രമേണ മനുഷ്യക്കുരുതിയില്ലാതെ ഭരണകൂടവും അധികാരവും രാഷ്ട്രീയവും പുലരില്ലെന്ന അവസ്ഥ വന്നു. ലോകത്തെങ്ങുമുള്ള പുരാണേതിഹാസങ്ങൾ അതിന് സാക്ഷിപറയും.
അധികാരരാഷ്ട്രീയവും ഭരണകൂടവും ഗോത്രരൂപത്തിൽ രൂപപ്പെട്ടതു മുതൽ നിലനിൽപ്പിനായി തുടങ്ങിയ കൊലകൾ അവയൊക്കെ നാടുവാഴിത്വത്തിന്റെയും ജന്മിത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും രൂപം സ്വീകരിച്ച ഘട്ടങ്ങളിലും മുടങ്ങാതെ തുടർന്നു. പിന്നെ ജനാധിപത്യത്തിൽ മാത്രം അത് പാടില്ലെന്ന് ശാഠ്യം പിടിച്ചിട്ടു കാര്യമില്ലല്ലോ. അതുകൊണ്ട് ജനാധിപത്യത്തിലും അതു തുടരുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതുതന്നെ കൂട്ടക്കൊലകളോടെയാണ്. സ്വാതന്ത്ര്യപ്പിറവി ആഘോഷിക്കാനാവാതെ കൊലകൾ നടന്ന ഇടങ്ങളിൽ അലഞ്ഞുനടക്കേണ്ട ഗതികേട് മറ്റൊരു രാഷ്ട്രപിതാവിനും ഉണ്ടായിക്കാണില്ല. പിന്നീട് നമ്മുടെ ജനാധിപത്യം അരക്കിട്ടുറപ്പിച്ചതും എണ്ണമറ്റ മനുഷ്യക്കുരുതികളിലൂടെയാണ്. പുതുതായി പണിയുന്ന പാലങ്ങൾക്കും റോഡുകൾക്കുമൊക്കെ ബലം കിട്ടാൻ മനുഷ്യക്കുരുതി നടത്തിയിരുന്ന നാടാണ് നമ്മുടേതെന്ന് പഴങ്കഥകളിൽ പറയുന്നുണ്ട്. പിന്നെ മഹത്തായ ജനാധിപത്യം ബലപ്പെടുത്താൻ അതു ചെയ്യുന്നതിൽ അത്ഭുതമില്ലല്ലോ.
ജനാധിപത്യം നിലനിൽക്കണമെങ്കിൽ രാഷ്ട്രീയകക്ഷികളും നിലനിൽക്കണം. അതിനും വേണമല്ലോ മനുഷ്യക്കുരുതികൾ. കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും പാർട്ടികൾക്ക് ഒരുപോലെ ഗുണമുള്ള കാര്യമാണത്. ഏതു പാർട്ടിക്കും ഏറ്റവും വലിയ മുതൽക്കൂട്ട് രക്തസാക്ഷികളാണ്. അതുകൊണ്ട് പുറത്ത് എത്രമാത്രം സങ്കടം കാണിച്ചാലും കൊല്ലപ്പെടുന്നവരുടെ പാർട്ടികളുടെ നേതാക്കൾ യഥാർഥത്തിൽ സന്തോഷിക്കുകയായിരിക്കും. അപ്പുറത്ത് കൊല്ലുന്നവരുടെ പാർട്ടികൾക്ക് പ്രവർത്തകരുടെ ആത്മവീര്യം ജ്വലിപ്പിച്ചെടുക്കാനും കൊലകൾ സഹായിക്കുന്നു.
ആ രാഷ്ട്രീയപ്രക്രിയയുടെ തുടർച്ച തന്നെയാണ് അടുത്ത ദിവസങ്ങളിൽ കിഴക്കമ്പലത്തും പുന്നോലിലുമൊക്കെ സംഭവിച്ചത്. രാഷ്ട്രീയക്കൊലകളുടെ പൊതുവായൊരു രീതി ഇതിലും കാണാം. കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും ദലിത്, പിന്നോക്ക സമുദായങ്ങളിൽപെട്ടവരും ദരിദ്രരുമൊക്കെ ആയിരിക്കണമെന്ന ഒരു അലിഖിത വ്യവസ്ഥയുണ്ട്. വളരെ ചുരുക്കം ചില സംഭവങ്ങളിലൊഴിച്ച് ആ വ്യവസ്ഥ പാലിക്കുന്നതിൽ എല്ലാ പാർട്ടികളും ശ്രദ്ധപുലർത്താറുമുണ്ട്. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതങ്ങനെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബീഫിന്റെ പേരിലും ജാതിയുടെ പേരിലും മറ്റും കൊല്ലപ്പെടുന്നവരെല്ലാം ദരിദ്രരാണ്. സമ്പന്നരെ ആരും തൊടാറില്ല.
പുന്നോലിൽ മത്സ്യത്തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ ഹരിദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ അധികമൊന്നും കേട്ടുകേൾവിയില്ലാത്തൊരു സവിശേഷതയുമുണ്ട്. ഒപ്പം കടലിൽ പോയി മീൻപിടിക്കുന്ന ഒരു ബി.ജെപിക്കാരനാണ് ഹരിദാസിന്റെ നീക്കങ്ങൾ കൊലയാളികളെ യഥാസമയം ചോർത്തിക്കൊടുത്തതത്രെ. അവർ തമ്മിൽ വ്യക്തിപരമായ ശത്രുതയൊന്നും ഉണ്ടാവാനിടയില്ല. കൊല നടക്കുന്നതിനു തലേദിവസവും ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയോ ചായ കുടിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവണം. തന്നെപ്പോലെ തന്നെ ഹരിദാസിനെയും ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബമുണ്ടെന്ന് അറിയുന്നയാളുമായിരിക്കും ഒറ്റുകാരൻ. അയാൾക്ക് സൗഹൃദത്തേക്കാളും വർഗബോധത്തേക്കാളുമൊക്കെ വലുതായിരിക്കണം ഒരു ശത്രുവിനെ ഇല്ലാതാക്കാനുള്ള പാർട്ടിയുടെ തീരുമാനം. രാഷ്ട്രീയ യുദ്ധത്തിൽ ബന്ധങ്ങൾക്കൊന്നും പ്രസക്തിയില്ല. അത് പ്രാചീനമായൊരു യുദ്ധ നീതിശാസ്ത്രമാണ്. കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ അർജുനന് ഉപദേശിച്ചുകൊടുത്ത അതേ നീതിശാസ്ത്രം.
കേരളത്തിൽ അധികാരരാഷ്ട്രീയം പയറ്റുന്ന ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നയാളാണ് നിങ്ങളെന്ന് കരുതുക. നിങ്ങളുടെ പ്രവർത്തനങ്ങൾ ഏതെങ്കിലും എതിർപാർട്ടിക്കാരിൽ ശത്രുതയുണ്ടാക്കിയിട്ടുണ്ടെന്നും കരുതുക. ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാം. കൊലക്കത്തിയുമായി കാത്തിരിക്കുന്നവർക്ക് നിങ്ങളെ ഒറ്റിക്കൊടുക്കുന്നത് അടുത്ത സുഹൃത്തോ സഹപ്രവർത്തകനോ കുടുംബാംഗം തന്നെയോ ആവാം. ഒറ്റുകാർ എവിടെയൊക്കെ, ഏതൊക്കെ വേഷത്തിൽ പതിയിരിക്കുന്നുണ്ടെന്ന് ആർക്കും പറയാനാവില്ല.
ഇത്രയേറെ പ്രാകൃത ക്രൂരതകൾ കൊണ്ടുനടക്കുമ്പോഴും പരിഷ്‌കൃത സമൂഹമാണ് കേരളത്തിലുള്ളതെന്നും നമ്മൾ അതിലുമേറെ പരിഷ്‌കൃതരാണെന്നും നടിക്കേണ്ട ബാധ്യത നമുക്കുണ്ട്. അതുകൊണ്ട് ഓരോ കൊല നടക്കുമ്പോഴും എല്ലാ നേതാക്കളും അതിനെ അപലപിക്കും. കൊന്നവരുടെ പാർട്ടിയുടെ നേതാക്കൾ പോലും. എന്നാൽ കൊലയ്ക്ക് അവർ വിരാമമിടില്ല. കൊല കേരള രാഷ്ട്രീയത്തിൽ അനിവാര്യ ഘടകമാണല്ലോ.
അതുകൊണ്ട് രാഷ്ട്രീയക്കൊലകളൊക്കെ അതിന്റേതായ വഴിക്കു പോകും. നമ്മളാരും അതിന്റെ ഇടയ്ക്കു കയറി അലമ്പുണ്ടാക്കേണ്ട. ലോകത്ത് എന്തെല്ലാം വേറെ കാര്യങ്ങൾ നടക്കുന്നു. കൊവിഡ്, ആഗോളവൽക്കരണം, വംശവെറി അങ്ങനെ പലതും. ഇതിൽ ഏതെങ്കിലും പറഞ്ഞു മടുത്തതാണെങ്കിൽ ഏറ്റവുമൊടുവിൽ ഉക്രൈനിൽ യുദ്ധം നടക്കുകയാണ്. നമുക്ക് അതിനെക്കുറിച്ചു സംസാരിക്കാമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."