കേരളത്തിനു സര്‍ട്ടിഫിക്കറ്റുമായി വരേണ്ട: യു.പിയിലെ അഴിമതി കണക്കുനിരത്തി യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: യു.പിയിലെ വര്‍ഗീയ ലഹളകളുടെയും കുറ്റകൃത്യങ്ങളുടേയും കണക്കുനിരത്തി യോഗി ആദിത്യനാഥിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളം അരാജകത്വത്തിലാണെന്ന് പറയുന്നവര്‍ക്ക് ഈ നാടിനെപ്പറ്റി എന്തറിയാമെന്നു മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് യു.പിയിലാണെന്ന് പറഞ്ഞത് അവിടത്തെ ബി.ജെ.പി എം.എല്‍.എ തന്നെയാണ്.
കേരളത്തില്‍ യുവാക്കള്‍ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോഗിയുടെ വിചിത്ര കണ്ടെത്തല്‍. കേരളത്തില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴില്‍ തേടിപ്പോകുന്നത് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥിത്തൊഴിലാളികളില്‍ 15 ശതമാനം പേരും യു.പിയില്‍ നിന്നാണ്. അത് ജോലി കിട്ടാതെ നാട് വിടുന്നത് കൊണ്ടാണോ? അവര്‍ക്ക് ഇന്‍ഷൂറന്‍സ് അടക്കം മികച്ച സൗകര്യങ്ങള്‍ കേരളത്തില്‍ കിട്ടുന്നുണ്ട്. അക്കാര്യങ്ങള്‍ അറിയണമെങ്കില്‍ യോഗി അവരോട് ചോദിച്ചു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ തമ്മില്‍ത്തല്ലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് യു.പി മുഖ്യമന്ത്രി പറയുന്നത്. അഞ്ച് വര്‍ഷം ഒരു വര്‍ഗീയകലാപവും നടക്കാത്ത സംസ്ഥാനമാണ് കേരളം. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന സംസ്ഥാനമാണിത്. എന്നാല്‍ യു.പിയിലെ സ്ഥിതിയെന്താണ്? ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് യു.പി. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നതും അവിടെയാണ്. നാഷണല്‍ ക്രൈംറെക്കോഡ്ക് ബ്യൂറോ കണക്ക് പ്രകാരം 4324 കൊലപാതകങ്ങളാണ് 2017-ല്‍ മാത്രം യു.പിയില്‍ നടന്നത്. ഈ അടുത്തല്ലേ ഒരു ഡി.എസ്.പിയടക്കം എട്ട് പൊലിസുകാര്‍ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എത്രയെത്ര ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് അവിടെ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ യൂപിയിലല്ലേ. ക്രമാതീതമായി 67 ശതമാനം വരെ അതിക്രമങ്ങള്‍ കൂടിയെന്നാണ് കണക്ക്.
നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാമതാണ്. മികച്ച ഭരണം കാഴ്ചവച്ച ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്. യു.പിയെ ബി.ജെ.പി മാതൃകാസംസ്ഥാനമാക്കി എന്നാണ് യോഗി പറഞ്ഞത്. കേരളം എന്തായാലും ആ മാതൃകയല്ല പിന്തുടരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആസൂത്രിതമായ നുണപ്രചാരണവുമായി എത്തിയാല്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."