സര്‍ക്കാര്‍ തീരുമാനം ആശ്വാസകരം
പൗരത്വ നിയമ ഭേദഗതിക്കെതിരേയും ശബരിമല യുവതീ പ്രവേശനത്തിനെതിരേയും സമരം ചെയ്തവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം എടുത്തിരിക്കുകയാണ്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി ഒരു വര്‍ഷം മുന്‍പ് നല്‍കിയ ഉറപ്പാണ് മന്ത്രിസഭ ഇപ്പോള്‍ നടപ്പാക്കുന്നത്.
ആദ്യം പിന്‍വലിക്കുന്നത് കുറ്റപത്രം നല്‍കിയ കേസുകളായിരിക്കും. ഇത്തരത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ കേസുകളുണ്ടെന്നാണ് വിലയിരുത്തല്‍. കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലിസിനും നിയമവകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരന്റെ സ്ഥാനത്തു വരുന്നത് സര്‍ക്കാരായതിനാല്‍ കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ മറ്റ് നിയമതടസങ്ങളുണ്ടാവില്ല. ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കാനാണ് പൊലിസിനും നിയമവകുപ്പിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അവയില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നോക്കി പിന്‍വലിക്കേണ്ട കേസുകളുടെ പട്ടിക തയാറാക്കുമെന്നാണ് ലഭിച്ച വിവരം.
രാജ്യത്തെ പൗരന്മാരെ രണ്ടായി തരംതിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്താകമാനം നടക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ പിന്തുണയോടെയുള്ള പ്രതിഷേധമായിട്ടും അക്രമസംഭവങ്ങളില്ലാതെ സമരത്തിനു നേതൃത്വം നല്‍കിയവരെ പ്രതിചേര്‍ക്കപ്പെട്ടത് കടുത്ത അനീതിയായിരുന്നു.
കേരളത്തിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത മാനമാണുണ്ടായിരുന്നത്. സംഘ്പരിവാര്‍ ഒഴികെയുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളും സമരരംഗത്ത് അണിനിരന്നു. കേരള സര്‍ക്കാരും ഭരണകക്ഷിയായ സി.പി.എമ്മും സി.എ.എ വിരുദ്ധ മുന്നേറ്റത്തിനൊപ്പം നിലകൊണ്ടു. നിയമസഭ പ്രമേയം പാസാക്കുകയും സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ സി.എ.എയെ ന്യായീകരിക്കാന്‍ പരിപാടികള്‍ നടത്തുമ്പോള്‍ അതത് പ്രദേശത്തെ കടകളടച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രതികരിച്ചത്. ഇങ്ങനെ ജനങ്ങള്‍ ശക്തമായി മുന്നേറുന്നതിനിടയിലും കേരളത്തിലെ ആഭ്യന്തര വകുപ്പ് സി.എ.എ വിരുദ്ധ സമരത്തെ നേരിടാന്‍ ന്യായങ്ങള്‍ മെനയുകയായിരുന്നു. പൊലിസ് സ്വമേധയാ എടുത്തവയാണ് പൗരത്വ സമരത്തിലെ ഭൂരിഭാഗം കേസുകളും. പലയിടങ്ങളിലും സി.എ.എയെ ന്യായീകരിച്ചുള്ള സംഘ്പരിവാറിന്റെ പൗരത്വ നിയമഭേദഗതി അനുകൂല പരിപാടി നടത്തിയപ്പോള്‍ കടകളടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേയാണ് പൊലിസ് കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.
സി.എ.എ വിരുദ്ധ സമരങ്ങളുടെ ഭാഗമായി 2019 ഡിസംബര്‍ 17ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. തുടക്കം മുതല്‍ ഹര്‍ത്താലിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഹര്‍ത്താലിനെ നിയമവിരുദ്ധ പ്രവര്‍ത്തനമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി മുന്‍കൂറായി പ്രഖ്യാപിക്കുകയും ഹര്‍ത്താല്‍ സംഘാടകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയും അവരുടെ പൊതുപരിപാടികള്‍ തടയുകയും ചെയ്തു. ഹര്‍ത്താലിനെ പിന്തുണച്ച 46 സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചത് വന്‍വിവാദം സൃഷ്ടിക്കുകയും രാഷ്ട്രീയ വാക്‌പോരുകള്‍ ഇതു സംബന്ധിച്ച് ഉണ്ടാകുകയും ചെയ്തിരുന്നു.
ശബരിമല യുവതി പ്രവേശത്തിനെതിരായ സമരത്തിന്റെ പേരില്‍ അയ്യായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാമജപഘോഷയാത്ര, നിരോധനാജ്ഞാ ലംഘനം, ഔദ്യോഗിക ജോലി തടസപ്പെടുത്തി തുടങ്ങിയ കേസുകള്‍ക്കൊപ്പം പൊലിസിനെ ആക്രമിക്കലും സ്റ്റേഷന് ബോംബെറിയലുമടക്കം ഗുരുതര സ്വഭാവമുള്ളതും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാനായി പരിഗണിക്കുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
2018 നവംബര്‍ മുതല്‍ 2019 ജനുവരി വരെ നീണ്ട ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. 4163 പേര്‍ പ്രതികളാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ അഞ്ഞൂറിലേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കുറ്റപത്രം നല്‍കിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേരാണ് ഇവയില്‍ പ്രതികളായുള്ളത്. ഈ കേസുകളാവും ആദ്യം പിന്‍വലിക്കുക.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത്, പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും കേസുകള്‍ തുടരുകയും ചെയ്തത് സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയില്‍ സമരം ചെയ്തവര്‍ക്കെതിരായ കേസുകളില്‍ സമന്‍സുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൗരത്വ കേസുകള്‍ റദ്ദാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സി.എ.എ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ പ്രസ്താവന ഫെബ്രുവരി 19നാണ് പുറത്തുവന്നത്. പൗരത്വ സമരക്കാര്‍ക്കെതിരെ 1500 കേസുകളാണ് തമിഴ്‌നാട്ടില്‍ ചുമത്തിയിരുന്നത്. ബി.ജെ.പി പിന്തുണയുള്ള എ.ഐ.എ.ഡി.എം.കെയാണ് തമിഴ്‌നാട് ഭരിക്കുന്നത്. ബി.ജെ.പി സഖ്യകക്ഷിയായിട്ടുപോലും സി.എ.എ വിരുദ്ധ സമരക്കാരെ വേട്ടയാടുന്ന സമീപനം തമിഴ്‌നാട് സ്വീകരിക്കുന്നില്ല എന്നും കേരളത്തില്‍ മറിച്ചുള്ള സമീപനമാണെന്നും ആരോപണവും ഉയര്‍ന്നിരുന്നു. ഏതായാലും തെറ്റായ തീരുമാനം തിരുത്താനുള്ള സര്‍ക്കാര്‍ നിലപാട് തികച്ചും സ്വാഗതാര്‍ഹമാണ്. അനീതി അനുഭവിച്ചു കൊണ്ടിരിക്കുന്ന നിരപരാധികള്‍ക്ക് ഇത് തീര്‍ച്ചയായും ആശ്വാസം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."