25 ലക്ഷത്തിന് പരിശീലക ജോലി ! സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ലേലം വിളി
കോട്ടയം: അധ്യക്ഷയെ അടക്കം നോക്കുകുത്തിയാക്കി പ്രവര്‍ത്തനം നിശ്ചലമായ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകരുടെ 43 ഒഴിവുകളില്‍ സ്ഥിരനിയമനം നടത്താന്‍ രണ്ട് ഭരണസമിതി ഉന്നതരുടെ നേതൃത്വത്തില്‍ ലേലം വിളി തുടങ്ങി. 25 ലക്ഷത്തിന് നിയമനം ഉറപ്പു നല്‍കി ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള കൗണ്‍സിലിലെ രണ്ട് ഉന്നതരാണ് ഇടനിലക്കാരായി രംഗത്തുള്ളത്. മുന്‍കൂറായി മൂന്ന് ലക്ഷം നല്‍കി നിയമനം ഉറപ്പാക്കാം. ഘട്ടംഘട്ടമായി ബാക്കി തുക നല്‍കിയാല്‍ മതിയെന്നാണ് വാഗ്ദാനം. പരിശീലകരുടേതായി 143 സ്ഥിരം തസ്തികകളാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉള്ളത്.
43 തസ്തികകളില്‍ നിലവില്‍ ഒഴിവുണ്ട്. കരാര്‍, താല്‍ക്കാലികക്കാരാണ് ഒഴിവുള്ള തസ്തികകളില്‍ പരിശീലകരായി ജോലി ചെയ്യുന്നത്.
43 ഒഴിവുകളില്‍ സ്ഥിരനിയമനത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പേ
ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഉത്തരവിറക്കാനുള്ള നടപടികള്‍ കായിക വകുപ്പില്‍ പുരോഗമിക്കുകയാണ്. 35,700 - 75,600 ആണ് നിലവില്‍ കായിക പരിശീലകരുടെ ശമ്പള സ്‌കെയില്‍. ഉയര്‍ന്ന ശമ്പളവും അലവന്‍സുകളും കിട്ടുമെന്നതിനാല്‍ ലക്ഷങ്ങള്‍ കോഴ നല്‍കിയും സ്ഥിരനിയമനം ഉറപ്പാക്കാന്‍ നിരവധി പേര്‍ രംഗത്തുണ്ട്.
മൂന്ന് ലക്ഷം അഡ്വാന്‍സ് നല്‍കി സീറ്റ് ഉറപ്പാക്കിയവരും നിരവധിയാണ്. പരീക്ഷയും അഭിമുഖവും ഉണ്ടെങ്കിലും അതെല്ലാം മറികടന്നും
നിയമനം നല്‍കാമെന്നാണ് ഇടനിലക്കാരായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉന്നതരുടെ വാഗ്ദാനം.
നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ 100 പരിശീലകരും താല്‍ക്കാലികക്കാരാണ്.
ഒഴിവില്ലാത്തിടത്തും 'ഒഴിവ്'
സര്‍ക്കാരിന്റെ 2017 ലെ ഉത്തരവ് അനുസരിച്ച് പരിശീലകരുടെ ഒഴിവ് വരുന്ന തസ്തികയില്‍ അതേ കായിക ഇനത്തിലെ പരിശീലകനെ മാത്രമേ നിയമിക്കാന്‍ കഴിയൂ. എന്നാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പരിശീലകരുടെ ഒഴിവുകള്‍ ഇല്ലാത്ത കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവസാനമായി പരിശീലകരെ നിയമിക്കാന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചത് 2007ല്‍ ആണ്. 2010 ല്‍ കൗണ്‍സില്‍ നേരിട്ട് പരീക്ഷയും അഭിമുഖവും നടത്തി. 2011 ല്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."