കീഴടങ്ങാതെ കീവ്
കീവ്
റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം നാളിലും കീഴടങ്ങാൻ തയാറാകാതെ ഉക്രൈൻ.
റഷ്യൻ ടാങ്കുകൾ തലസ്ഥാനമായ കീവിലെത്തിയതോടെ ഇരു സേനകളും തമ്മിൽ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോർട്ട്. യുദ്ധം തെരുവിലെത്തിയതോടെ ജനങ്ങൾ യന്ത്രത്തോക്കുകളുമായി റഷ്യൻ സേനയെ നേരിടുകയാണ്.
ചെറുത്തുനിൽപ് നീളുന്നത് ഉപരോധം നേരിടുന്ന റഷ്യയെ തളർത്തിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനിടെ കാറുകളുടെ മേൽ പോലും യുദ്ധ ടാങ്ക് കയറ്റി റഷ്യൻ സേന സാധാരണക്കാരെ നേരിടുന്നതെങ്ങനെയെന്ന സൂചന നൽകിക്കഴിഞ്ഞു. കീഴടങ്ങുകയോ രാജ്യം വിട്ടു പോവുകയോ ഇല്ലെന്ന് ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി പ്രഖ്യാപിച്ചു.
തെക്കുകിഴക്കൻ നഗരമായ മെലിറ്റോപോൾ കീഴടക്കിയതായി റഷ്യൻ സേന അവകാശപ്പെട്ടു.
ഉക്രൈനിലെ 200ഓളം സാധാരണക്കാർ അധിനിവേശ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. പരുക്കേറ്റ 1,115 പേരിൽ 33 കുട്ടികളുമുണ്ട്.
ഇതിനകം 1,20,000 ഉക്രൈനുകാർ അഭയാർഥികളായി പലായനം ചെയ്തതായി യു.എൻ അഭയാർഥി ഏജൻസി പറയുന്നു. 1,60,000 പേർ ഭവനരഹിതരായതായി യു.എൻ.എച്ച്.സി.ആർ വ്യക്തമാക്കി. ലക്ഷത്തിലേറെ പേർ ഉക്രൈനിൽ നിന്ന് എത്തിയതായി പോളണ്ട് അറിയിച്ചു. അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ ഉപരോധം ഏർപ്പെടുത്തിയതായി പടിഞ്ഞാറൻ രാജ്യങ്ങൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."