ജി.സി.ഡി.എ ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയെന്ന പരാതി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ വിജിലന്‍സ് കേസ്
കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെ ജി.സി.ഡി.എയുടെ ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, സെക്രട്ടറി ആര്‍ ലാലു എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എസ്.പി വി.എന്‍ ശശീധരന്‍ പറഞ്ഞു. നാലിടത്തെ സ്ഥല വില്‍പ്പനയിലുടെ ജി.സി.ഡി.എയ്ക്ക് 7.8 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക കണ്ടെത്തല്‍.
ജി.സി.ഡി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അക്ബര്‍ ബഹദൂര്‍ ഷാ, അബ്ദുള്‍ റഷീദ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.വൈ.എസ്.പി കെ.ആര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
പനമ്പിള്ളി പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ 20 സെന്റ്, തേവര-പനമ്പിള്ളി നഗര്‍ റോഡിന് സമീപത്തെ 20 സെന്റ്, അംബേഡ്കര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ 20 സെന്റ്, ഗാന്ധി നഗര്‍ അഗ്‌നിശമന സേന സ്‌റ്റേഷന് സമീപത്തെ 50 സെന്റ് സ്ഥലം എന്നിവ വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നതായി ത്വരിത പരിശോധനയില്‍ കണ്ടെത്തി. സ്ഥല വില നിര്‍ണയിച്ചതിലും ടെന്‍ഡര്‍ നടപടികളിലും ക്രമക്കേട് നടന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ചെയര്‍മാന്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടിവ് കമ്മിറ്റി സ്ഥല വില നിര്‍ണയിച്ചുവെങ്കിലും വളരെ താഴ്ന്ന വിലയ്ക്കാണ് വിറ്റത്. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ലേലത്തില്‍ പങ്കെുടത്തത്. കൊച്ചിയിലെ കണ്ണായ സ്ഥലത്തിന് ന്യായവില ലഭിക്കേണ്ടതായിരുന്നുവെങ്കിലും നിസാരവിലയ്ക്കാണ് വില്‍പ്പന നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടികള്‍ നഷ്ടപ്പെടുത്തി ഭൂമി വില്‍പ്പന നടത്തിയത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് പറഞ്ഞു.
വിജലന്‍സ് അന്വേണത്തെ സ്വാഗതം ചെയ്യുന്നതായി എന്‍ വേണുഗോപാല്‍ സുപ്രഭാതത്തോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."