കോട്ടുമല ബാപ്പു മുസ്‌ലിയാർ സ്മാരക തിയോപാർക്ക് ലോഗോ പ്രകാശനം ചെയ്തു
ആയഞ്ചേരി
ഇന്ത്യൻ സമൂഹം കാലങ്ങളായി കാത്തുസൂക്ഷിച്ചു പോരുന്ന മതേതര ചിന്തകൾക്കും സാമുദായിക സൗഹൃദാന്തരീക്ഷത്തിനും പുതിയ ലിബറൽ ചിന്തകൾ വലിയ ഭീഷണിയാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. കടമേരി റഹ്മാനിയ്യ കാംപസിൽ നിർമ്മിക്കുന്ന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തിയോപാര്‍ക്ക് ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഹിജാബ് വിവാദം അതിന്റെ ദുഃസൂചനകളാണ് നൽകുന്നത്. മുടി അഴിച്ചിടാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ മറക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ലിബറൽ വാദികൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. കാംപസിനകത്തും പുറത്തും ലിബറൽ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ പൗരന്റെ അവകാശവും സ്വാതന്ത്ര്യവുമാണ് യഥാർഥത്തിൽ ഹനിക്കപ്പെടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 15 മുതൽ ഫെബ്രുവരി 28 വരെ നീണ്ടു നിൽക്കുന്ന തിയോപാർക്ക് ഫണ്ട് സമാഹരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. തീം പ്രസന്റേഷൻ മീറ്റ്, ബ്രോഷർ പ്രകാശനം, പഞ്ചദിന തിയോപാർക്ക് വെബിനാർ, പോസ്റ്റർ ഡേ, ജി.സി.സി സംഗമങ്ങൾ, പ്രാദേശിക കൂടിച്ചേരലുകൾ തുടങ്ങി വിവിധ പരിപാടികൾ കാംപയിൻ്റെ ഭാഗമായി നടന്നു. 28 നു രാത്രി ഏഴിന് കടമേരി റഹ്മാനിയ്യ കാംപസിൽ നടക്കുന്ന സമാപന പ്രാർഥനാ സംഗമത്തോടെ കാംപയിൻ അവസാനിക്കും.
ലോഗോ പ്രകാശന ചടങ്ങിൽ കടമേരി റഹ്മാനിയ സി.ഇ.ഒ ഫരീദ് റഹ്‌മാനി കാളികാവ്, റഹ്മാനീസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ റഹ്‌മാനി കബ്ലക്കാട്, ജനറൽ സെക്രട്ടറി മുസ്തഫ റഹ്‌മാനി വാവൂര്‍, ട്രഷറർ അബ്ദുസ്വമദ് റഹ്‌മാനി ഓമച്ചപ്പുഴ, ഹാരിസ് റഹ്‌മാനി നിട്ടൂർ, ഡോ. ശഫീഖ് റഹ്‌മാനി വഴിപ്പാറ, കാംപയിൻ കോഡിനേറ്റർ വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്‌മാനി, റാഫി റഹ്‌മാനി പുറമേരി, ഫജ്റുദ്ദീൻ റഹ്‌മാനി കിണാശ്ശേരി, മുസ്തഫ റഹ്‌മാനി കോപ്പിലാൻ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."