HOME
DETAILS
MAL
ഒരുക്കങ്ങള്‍ വേഗത്തിലാക്കി യു.ഡി.എഫ്; സീറ്റ് വിഭജനം ഒന്നിന് പൂര്‍ത്തിയാകും, ലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാമെന്ന് ധാരണ
backup
February 26 2021 | 19:02 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി യു.ഡി.എഫ്. സീറ്റ് വിഭജനം സംബന്ധിച്ച് മാര്‍ച്ച് ഒന്നിന് അന്തിമ തീരുമാനമെടുക്കും.
മൂന്നിന് യു.ഡി.എഫ് യോഗം ചേര്‍ന്ന് സീറ്റുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അന്നുതന്നെ യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. ഇന്നലെ രാവിലെ മുതല്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു. ആര്‍.എസ്.പി അഞ്ചു സീറ്റുകള്‍ക്കു പുറമേ രണ്ടു കൂടി അധികമായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റുകള്‍ കൂടി വേണമെന്നാണ് ആര്‍.എസ്.പി ആവശ്യപ്പെടുന്നത്. തീരുമാനം പിന്നീട് അറിയിക്കാമെന്ന് നേതൃത്വം അറിയിച്ചു.
പി.ജെ ജോസഫ് കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ച ഇന്നലെ നടന്നില്ല. ഇവര്‍ 12 സീറ്റാണ് ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നിലവിലെ പിറവം സീറ്റിനു പുറമേ രണ്ടു സീറ്റ് കൂടി ആവശ്യപ്പെട്ടു.
കുന്നംകുളം, കുട്ടനാട്, പീരുമേട് സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണം കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലുള്ള ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് നേതൃത്വം നിലപാടെടുത്തു.
മുസ്‌ലിം ലീഗുമായി ഇന്നലെ ചര്‍ച്ച നടന്നില്ല. ചെറിയ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ട് നാളെയോ മറ്റന്നാളോ ലീഗുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാമെന്ന ധാരണയാണ് ഇപ്പോഴുള്ളത്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടികയും ഉടനുണ്ടാകും. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാപട്ടിക സര്‍വേ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് പരിശോധിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ പട്ടിക പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. തലസ്ഥാന ജില്ലയില്‍ നിലവില്‍ എം.എല്‍.എമാരായ മൂന്നുപേരെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. തിരുവനന്തപുരത്ത് വി.എസ് ശിവകുമാര്‍, കോവളത്ത് എം.വിന്‍സന്റ്, അരുവിക്കരയില്‍ കെ.എസ് ശബരീനാഥന്‍ എന്നിവരാണ് സീറ്റ് ഉറപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."