ലോകായുക്ത: വിമർശനം ആവർത്തിച്ച് സി.പി.ഐ ; നിരത്തിയ ന്യായങ്ങൾ പോരാ, നിയമം ശക്തിപ്പെടുത്താനുള്ളതാണ്
തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ വീണ്ടും വിയോജിപ്പ് പരസ്യമാക്കി സി.പി.ഐ. ഓർഡിനൻസ് കൊണ്ടുവന്നവർ അതിന് നിരത്തിയ കാരണങ്ങൾ പോരെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബുവിന്റെ വിമർശനം.
കേരള ലോകായുക്ത നിയമത്തിന് സമ്മതംനൽകിയത് രാഷ്ട്രപതിയാണ്. ഗവർണറല്ല. രാഷ്ട്രപതി ഒരു ബില്ലിന് സമ്മതം നൽകുന്നതിന് മുമ്പ് നിയമമന്ത്രാലയത്തിന്റെ സൂക്ഷ്മമായ പരിശോധന നടക്കുമെന്ന് എല്ലാവർക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാവിരുദ്ധത 22 വർഷത്തിന് ശേഷം കണ്ടെത്തിയ കേരളത്തിലെ നിയമപണ്ഡിതരുടെ കഴിവ് അപാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് പ്രകാശ് ബാബു പരിഹസിച്ചു.
ലോകായുക്ത നിയമം ദുർബലപ്പെടുത്താനുള്ളതല്ല. കൂടുതൽ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ മറന്നുപോകരുത്. ഒരു പൊതുപ്രവർത്തകനെതിരായ ആരോപണം തെളിവുകൾ സഹിതം ശരിയാണെന്ന് ലോകായുക്ത കണ്ടെത്തിയാൽ അയാൾ സ്ഥാനത്ത് തുടരണമെന്നുപറയുന്നത് രാഷ്ട്രീയധാർമ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോൾ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്? കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ.
വേണമെങ്കിൽ അപ്പീൽ നൽകുന്നതിനുള്ള ഉപവകുപ്പ് കൂട്ടിച്ചേർക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."