മലപ്പുറത്ത് അഞ്ചിടങ്ങളില്‍ തീപാറും
മലപ്പുറം: മുസ്‌ലിം ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് കോട്ടയായ മലപ്പുറത്ത് ഇത്തവണ അഞ്ചു മണ്ഡലങ്ങളില്‍ മത്സരം കടുകടുക്കും. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലാണ് തീപാറുന്ന പോരാട്ടം നടക്കുക.
നിലമ്പൂര്‍ യു.ഡി.എഫില്‍ നിന്ന് കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറിലൂടെയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്താണ് പരാജയപ്പെട്ടത്. ഇത്തവണയും അന്‍വറിനെ ഇറക്കി സീറ്റ് നിലനിര്‍ത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം. എന്നാല്‍ ഏറെ വിവാദങ്ങളില്‍ പെട്ട അന്‍വര്‍ രണ്ടു മാസത്തിലേറെയായി വിദേശത്താണ്. ഇത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതടക്കം തുറപ്പുചീട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.
പെരിന്തല്‍മണ്ണയില്‍ മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലി കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ വി. ശശികുമാറിനെ 579 വോട്ടുകള്‍ക്കും മങ്കടയില്‍ ടി.എ അഹമ്മദ് കബീര്‍ എല്‍.ഡി.എഫിലെ അഡ്വ.ടി.കെ റഷീദലിയെ 1,508 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. ജില്ലയില്‍ മുസ്‌ലിം ലീഗ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലങ്ങളാണിവ.
ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ചിട്ടുണ്ടെങ്കിലും അലിയെ മങ്കടയില്‍ മത്സരിപ്പിക്കാനാണ് ലീഗിന്റെ ആലോചന. പെരിന്തല്‍മണ്ണയില്‍ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അശ്‌റഫലിയെ ഇറക്കിയേക്കും.
ലീഗിലെ പ്രാദേശിക വിഭാഗീയതയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ നേരിയ മുന്നേറ്റവും പെരിന്തല്‍മണ്ണയില്‍ എല്‍.ഡി.എഫിന്റെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ശശികുമാറിനെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മങ്കടയില്‍ റഷീദലി തന്നെയാണ് പരിഗണയിലുള്ളത്.
ജില്ലയില്‍ ഇടതിനൊപ്പമുള്ള തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാവും ഇത്തവണ നടക്കുക. പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തവനൂരില്‍ മന്ത്രി കെ.ടി ജലീലും വീണ്ടും ഇടത് സ്ഥാനാര്‍ഥികളാവാനാണ് സാധ്യത. ഇവരെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളായ എ.എം രോഹിത്, റിയാസ് മുക്കോളി എന്നിവരാകും കളത്തിലിങ്ങുക.സ്പീക്കര്‍ക്കും മന്ത്രിക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തുറപ്പുചീട്ടാക്കാനാണ് യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."