കൊടിയുടെ പേരിൽ സി.പി.എമ്മിന് കോടതിയുടെ അടി
'രാഷ്ട്രീയ പാർട്ടിക്ക് എന്തുമാകാമോ'?
സർക്കാർ നിലപാടെന്തെന്നും കോടതി
സ്വന്തം ലേഖകൻ
കൊച്ചി
പാർട്ടി സംസ്ഥാന സമ്മേളനത്തിന് കൊടിയുയരും മുൻപേ കൊടിയുടെ പേരിൽ സി.പി.എമ്മിന് ഹൈക്കോടതിയുടെ പ്രഹരം. നടപ്പാതകൾ കൈയേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെ രൂക്ഷഭാഷയിൽ കോടതി വിമർശിച്ചു. തോരണങ്ങൾ ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്ഥാപിക്കരുതെന്ന കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും സമ്മേളനത്തിന്റെ പേരിൽ ഇത് പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് സി.പി.എം സമ്മേളനത്തിലെ കൊടിമരങ്ങൾ സംബന്ധിച്ച കോടതിയുടെ കുറ്റപ്പെടുത്തൽ.
സമ്മേളത്തോടനുബന്ധിച്ച് നടപ്പാതകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ പേരിൽ അപകടമുണ്ടായി ജീവൻ നഷ്ടമാകുമ്പോഴാണോ ഉത്തരവുകൾ നടപ്പാക്കാൻ തുടങ്ങുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാടെന്തെന്ന് വ്യക്തമാക്കാണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയിൽ പറഞ്ഞു.
കൊടി തോരണങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയ കൊച്ചി നഗരസഭയേയും കോടതി വിമർശിച്ചു. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ സി.പി.എമ്മിന് അനുമതി നൽകിയിട്ടുണ്ടെന്ന് കൊച്ചി കോർപറേഷൻ കോടതിയെ അറിയിച്ചു. എന്നാൽ റോഡ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. സമ്മേളനത്തിനായി കൊടിതോരണങ്ങൾ സ്ഥാപിക്കാൻ നൽകിയ അനുമതി ഹാജരാക്കാൻ കൊച്ചി കോർപറേഷനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇൻസ്റ്റലേഷനുകളും സ്ഥാപിക്കാൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തിയുണ്ടെന്നും കോടതി സൂചിപ്പിച്ചു.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."