HOME
DETAILS

ഈ പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെതിരേയും

  
backup
March 01 2021 | 19:03 PM

354154-2021-mar

 


കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള വാഹന പണിമുടക്ക് ഇന്ന് കാലത്ത് ആറു മുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു പണിമുടക്ക് കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ തിരുത്താനാവില്ലെന്ന ബോധ്യത്തോടെ തന്നെയായിരിക്കണം സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ടാവുക.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേലാണ് തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ കത്തിവച്ചുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യമാണ് ദിവസങ്ങള്‍ക്കു മുന്‍പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്നാല്‍, എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില തടഞ്ഞുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടാവുകയില്ലെന്ന് ഇതിനകം തന്നെ അവര്‍ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.


യാത്രയ്ക്കായി മാത്രമാണ് പെട്രോളും ഡീസലും ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതരുതെന്നും നിര്‍മാണ, വികസന, വ്യവസായ പ്രവര്‍ത്തനങ്ങളെയെല്ലാം ഇന്ധന വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ടെന്നുമായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിനു പണത്തിന് ആവശ്യമുണ്ടെന്നു കരുതി ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കരുത്. രൂക്ഷമായ വിലക്കയറ്റത്തിനും ജനജീവിതം ദുസ്സഹമാക്കാനും മാത്രമേ ഇപ്പോഴത്തെ ഇന്ധനവില വര്‍ധന ഉപകരിക്കൂ. വിലവര്‍ധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കണമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിര്‍ദേശവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ആശങ്ക പ്രകടിപ്പിച്ചത്.


ഇന്ധനവില ദിവസംതോറും കുതിച്ചുയരുമ്പോഴും നികുതി കുറയ്ക്കുകയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനു യാതൊരു മാറ്റവുമുണ്ടാകാറില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി ഭരണചക്രം തിരിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ ഇന്ധനവില കൂടുമ്പോഴും നികുതി കുറയ്ക്കാതിരിക്കുമ്പോള്‍ ഇടതുപക്ഷ ഭാരം ചുമക്കാത്ത പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന നികുതി വേണ്ടെന്നുവച്ചിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാരും അധികനികുതി വേണ്ടെന്നുവച്ചിരുന്നു. ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നിര്‍ദേശവും ധനമന്ത്രി തോമസ് ഐസക്കിന് സ്വീകാര്യമായിരുന്നില്ല.
എണ്ണവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്ന ഇടതുസര്‍ക്കാര്‍ സത്യത്തില്‍ ആഹ്ലാദിക്കുന്നുണ്ടാകണം. വില എത്ര വര്‍ധിച്ചാലും നികുതി കുറയ്ക്കുകയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് മന്ദഹാസത്തോടെ പറയുന്നതില്‍നിന്ന് മന്ത്രിയും ഇടതു ഭരണകൂടവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഹ്ലാദം പൊതുസമൂഹത്തിനു വായിച്ചെടുക്കാനാകും.
ഇന്നത്തെ വാഹന പണിമുടക്ക് അധികനികുതി വേണ്ടെന്നുവയ്ക്കാത്ത ഇടതു സര്‍ക്കാരിനെതിരേയും കൂടി ആകേണ്ടതാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില, ആവശ്യത്തിന്റെ തോത്, ഡോളര്‍-വിനിമയ നിരക്ക്, കടത്തുകൂലി, ഇന്‍ഷുറന്‍സ് തുക, രാജ്യത്തെ 21 ദിവസത്തേക്കുള്ള സ്റ്റോക്ക്, ബാഷ്പീകരണ നഷ്ടം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില നിശ്ചയിക്കേണ്ടത്. എന്നാല്‍, അതാണോ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞതുപോലെ കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ പണം ആവശ്യമുണ്ട്. അതിനാലാണ് സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന ഇന്ധനവില കുറയ്ക്കാത്തത്.


പൊതുജനങ്ങളെ പിഴിഞ്ഞെടുക്കുന്നതിനു പുറമെ രാഷ്ട്രീയനേട്ടത്തിനും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില ഉപയോഗപ്പെടുത്തുന്നുണ്ട്. ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഈ രണ്ടു സംസ്ഥാനങ്ങളിലും ഇന്ധനവില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കോര്‍പറേറ്റുകളുടെ കോടികള്‍ വരുന്ന കടങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. സംസ്ഥാന സര്‍ക്കാരാകട്ടെ ചെലവുചുരുക്കല്‍ പുറത്തേക്കു പറയുകയും പിന്‍വാതില്‍ നിയമനങ്ങളിലൂടെ ജോലി ലഭിച്ച പാര്‍ട്ടി അനുഭാവികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമായി നല്‍കുകയും ചെയ്യുന്നു. കിന്‍ഫ്രയില്‍ പാര്‍ട്ടി നേതാവിന്റെ മകന്റെ ശമ്പളം ഒറ്റയടിക്ക് 60,000 രൂപയില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇത്തരം ദുര്‍വ്യയങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്. ഇതുവഴി പൊതു ഖജനാവിന് ഉണ്ടാകുന്ന ഭീമമായ നഷ്ടം നികത്താനും കൂടിയാകണം പെട്രോള്‍-ഡീസല്‍ അധികനികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാകാത്തത്.


രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നതിനുള്ള അവകാശം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ്. പെട്രോള്‍ വില നിയന്ത്രണാധികാരം നല്‍കിയത് 2010ലും ഡീസല്‍ വില നിര്‍ണയാധികാരം നല്‍കിയത് 2014ലുമാണ്. എന്നാല്‍, കടിഞ്ഞാണ്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകളിലുമാണ്. ഇത്തരമൊരു പരിതസ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനക്കൊള്ളക്കെതിരേയും വിലക്കയറ്റത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നികുതിയിളവിലൂടെ ആശ്വാസംപകരേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാകാത്തതിനെതിരേയും ബഹുജന പ്രക്ഷോഭമാണ് ഉയരേണ്ടത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന വാഹനപണിമുടക്ക് അതിന് നാന്ദിയാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago