HOME
DETAILS
MAL
എഴുത്തിലെ വിജയികളില്‍ പലര്‍ക്കും അങ്കത്തട്ടില്‍ കാലിടറി
backup
March 01 2021 | 19:03 PM
കോഴിക്കോട്: ഒട്ടേറെ കൗതുകങ്ങള്‍ നിറഞ്ഞ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പോരിനിറങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും ഏറെ. ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ സാഹിത്യലോകത്തെ തലയെടുപ്പുള്ള പലരും കളത്തിലിറങ്ങി. അതുല്യമായ സാഹിത്യസൃഷ്ടികളിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ കുടിയേറിയവരാണെങ്കിലും രാഷ്ട്രീയ അങ്കത്തട്ടില്‍ പലര്‍ക്കും കാലിടറി.
സാഹിത്യകാരനും നിരൂപകനുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1957ല്‍ ഒന്നാം കേരള നിയമസഭയിലേക്ക് മണലൂരില്‍ നിന്ന് ജയിച്ച് ആദ്യ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായി. 1960ല്‍ രണ്ടാമങ്കത്തിനിറങ്ങിയ മുണ്ടശ്ശേരിയെ കോണ്‍ഗ്രസിലെ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പരാജയപ്പെടുത്തി. ജ്ഞാനപീഠപുരസ്‌കാര ജേതാവ് എസ്.കെ പൊറ്റെക്കാട് 1957ല്‍ തലശ്ശേരിയില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എം.കെ ജിനചന്ദ്രനോട് പരാജയപ്പെട്ടു.
1962ല്‍ വീണ്ടും മത്സരത്തിനിറങ്ങിയപ്പോള്‍ എതിരാളിയായി വന്നത് കോണ്‍ഗ്രസിന്റെ കെ.ടി സുകുമാരന്‍ എന്ന സാക്ഷാല്‍ സുകുമാര്‍ അഴീക്കോടായിരുന്നു. സാഹിത്യരംഗത്തെ രണ്ടു പ്രതിഭകളുടെ ആ ഏറ്റുമുട്ടലില്‍ അഴീക്കോടിനെ പരാജയപ്പെടുത്തി എസ്.കെ ലോക്‌സഭയിലെത്തി.
മറ്റൊരു ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കവിയുമായ ഒ.എന്‍.വി കുറുപ്പിനും തെരഞ്ഞെടുപ്പ് കളത്തില്‍ കാലിടറി. 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണ് അദ്ദേഹം സി.പി.ഐ സ്വതന്ത്രനായി മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് എ. ചാള്‍സിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. സാഹിത്യകാരി ആനി തയ്യില്‍ 1948ല്‍ കൊച്ചി പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ രാജ്യസഭയിലേക്കും 1967ല്‍ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജ്ഞാനപീഠം പുരസ്‌കാര ജേതാവായ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള 1952ലെ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ തകഴി മണ്ഡലത്തില്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെട്ടിവച്ച കാശ് പോയതോടെ പിന്നീടൊരിക്കലും മത്സരിക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ലെന്നാണ് പിന്നീട് തകഴി പറഞ്ഞത്.
1984ല്‍ കമല സുരയ്യ(മത്സരിക്കുമ്പോള്‍ മാധവിക്കുട്ടി)യും ഒരു കൈ നോക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അവര്‍ക്ക് ജയിക്കാനായില്ല. 1987ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ എം.കെ സാനു സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് ജയിച്ചു. 1996ല്‍ കവി കടമ്മിനിട്ട രാമകൃഷ്ണന്‍ ആറന്മുള മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 2001ല്‍ അദ്ദേഹം കോന്നിയില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
2001ല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേവര്‍ഷം ബി.ജെ.പി ടിക്കറ്റില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് മത്സരിച്ച മാടമ്പ് കുഞ്ഞുക്കുട്ടനും മൂന്നാം സ്ഥാനത്തേ എത്താനായുള്ളൂ.
2014ല്‍ തൃശൂരില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സാറാ ജോസഫ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."