HOME
DETAILS
MAL
ലക്ഷദ്വീപിലും കേന്ദ്രം പിടിമുറുക്കി
backup
March 02 2021 | 01:03 AM
ആലപ്പുഴ: കശ്മിരിന്റെ ചുവടുപിടിച്ച് ലക്ഷദ്വീപിലും തങ്ങളുടെ അജന്‍ഡകള്‍ ഓരോന്നായി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ബീഫ് നിരോധനത്തിന്റെ കരട് പുറത്തിറക്കിയതിന് പിന്നാലെ ലക്ഷദ്വീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിയിറച്ചിയും ആട്ടിറച്ചിയും പുറത്തായി.
ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള മെനുവാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടറേറ്റ് അടുത്ത അധ്യയനവര്‍ഷത്തേക്ക് ഇറക്കിയിരിക്കുന്നത്. മുട്ടയും മത്സ്യവും നിലനിര്‍ത്തി മറ്റുള്ളവ ഒഴിവാക്കുകയായിരുന്നു.
അരിയും പച്ചക്കറിയും ധാന്യങ്ങളും അടങ്ങിയ മെനുവില്‍ നേരത്തെ ബീഫ് ഉള്‍പ്പെടെ എല്ലാ ഇറച്ചികളും ഉള്‍പ്പെടുത്തുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നശേഷം പരിഷ്‌കരിച്ച ഭക്ഷണക്രമം പുറത്തിറക്കുകയായിരുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണ മെനു തയാറാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. കോഴിയിറച്ചിയും ആട്ടിറച്ചിയും ഒഴിവാക്കരുതെന്ന ജനപ്രതിനിധികളുടെ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചെങ്കിലും മെനു പുറത്തിറങ്ങിയത് ഒഴിവാക്കിക്കൊണ്ടായിരുന്നുവെന്ന് കവരത്തി പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ഖാദര്‍ സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞദിവസം ലക്ഷദ്വീപില്‍ ഗോവധനിരോധനവും ബീഫ് നിരോധനവും നടപ്പാക്കുന്നതിനുള്ള നിയമത്തിന്റെ കരട് അഡ്മിനിസ്‌ട്രേറ്റര്‍ ഇന്‍ചാര്‍ജായ പ്രഫുല്‍ കെ. പട്ടേലിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയിരുന്നു. ഇതിനെതിരേ ദ്വീപില്‍ പ്രതിഷേധം ശക്തമാണ്. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."