HOME
DETAILS

പാർട്ടിക്കൊരു നിയമം ജനങ്ങൾക്ക് മറ്റൊന്നോ?

  
backup
March 02 2022 | 05:03 AM

%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d

സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലാകമാനം കൊടിതോരണങ്ങൾ നിറച്ചതിനെതിരേ നിശിതവിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. റോഡിൽ കാഴ്ച മറയ്ക്കുന്ന കൊടിതോരണങ്ങൾ ഉൾപ്പെടെയുള്ള തടസങ്ങൾക്കെതിരേ ഇതിനുമുമ്പും പലതവണ കോടതിയിൽനിന്ന് വിമർശനമുണ്ടായിട്ടുണ്ട്. വാഹനമോടിക്കുന്നവരുടെ കാഴ്ച കൊടിതോരണങ്ങളും വലിയ പരസ്യ ബോർഡുകളും മറയ്ക്കുന്നതിനാൽ റോഡപകടങ്ങൾ സംഭവിക്കുന്നുണ്ട്. കോടതി ഉത്തരവുകൾ ഉണ്ടാകുമ്പോൾ സ്ഥാപനങ്ങളുടെ കൂറ്റൻ പരസ്യബോർഡുകൾ അഴിച്ചുമാറ്റാൻ ഉത്സാഹം കാണിക്കുന്ന നഗരസഭാഅധികൃതർ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ അഴിച്ചുമാറ്റുന്നതിൽ മുഖംതിരിക്കുക മാത്രമല്ല, അത്തരം നിയമ ലംഘനങ്ങൾക്കനുവാദം നൽകുകയും ചെയ്യുന്നു. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്ന കൊച്ചിയിലും അതാണ് സംഭവിച്ചത്.
സാധാരണക്കാരനായ സ്‌കൂട്ടർ യാത്രക്കാരനെ ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്ന പൊലിസ് ഗതാഗത തടസമുണ്ടാക്കി അപകടം ക്ഷണിച്ചുവരുത്തുന്ന, കൊടിതോരണങ്ങൾ സ്ഥാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുനേരെ കണ്ണടക്കുകയാണെന്ന ഹൈക്കോടതി വിമർശനം സത്യസന്ധമാണ്. ജഡ്ജിമാർ ഇത്തരം നിരീക്ഷണങ്ങൾ നടത്തുമ്പോൾ അവരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളാക്കി പൊതുസമൂഹത്തിൽ ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. പൊതുസമൂഹത്തിന് ഇപ്പോഴുള്ള ഏക ആശ്വാസം നീതിന്യായ കോടതികളുടെ സത്യസന്ധതയിലാണ്. അതുംകൂടി ഇല്ലാതാക്കുന്ന നിഗൂഢ ശ്രമമായി മാത്രമേ ജഡ്ജിമാരെ പ്രത്യേക കള്ളിയിൽ പ്രതിഷ്ഠിക്കുന്ന പുതിയ നീക്കങ്ങളെ കാണാനാകൂ. ലോകായുക്തയുടെ വിധിയെത്തുടർന്ന് ഇടതുമുന്നണി സർക്കാരിൽനിന്നു രാജിവച്ചൊഴിയേണ്ടി വന്ന ഒരു മന്ത്രി വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ഈയിടെയാണ്.
കൊച്ചിയിലെ പാതയോരങ്ങളിലും നടപ്പാതകളിലും ഡിവൈഡറുകളിലും അനധികൃതമായി കൊടികളും പരസ്യബോർഡുകളും സ്ഥാപിച്ചതിനെതിരേ സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയിൽനിന്ന് രാഷ്ട്രീയ പാർട്ടികൾക്കൊരു നിയമവും സാധാരണക്കാർക്ക് വേറൊരു നിയമവുമാണോ എന്ന ചോദ്യം ഉണ്ടായത്. അതാകട്ടെ നൂറ് ശതമാനവും ശരിയാണ്. പൊതുസമൂഹം നിരന്തരം ചോദിക്കുന്ന ചോദ്യം കോടതി ആവർത്തിച്ചെന്ന വ്യത്യാസം മാത്രം. കാഴ്ച മറയ്ക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതി, റോഡ് സുരക്ഷാ കമ്മിഷൻ എന്നിവരുടെ ഉത്തരവുകൾ ലംഘിച്ച് ബാനറുകളോ കൊടികളോ ബോർഡുകളോ സ്ഥാപിക്കരുതെന്ന് ജനുവരിയിൽ കോടതി നിർദേശിച്ചതാണ്.
കോടതി നിർദേശത്തെ ലംഘിച്ചുകൊണ്ട് കൊച്ചി നഗരത്തിൽ ഉയർന്ന കൊടിതോരണങ്ങൾ പരസ്യമായ കോടതിയലക്ഷ്യമാണ്. നിയമം ലംഘിക്കാൻ പൗരന്മാർക്ക് ഭരിക്കുന്ന പാർട്ടി തന്നെ പ്രോത്സാഹനം നൽകുകയാണ് ഇത്തരം നടപടികളിലൂടെ. കൊടി തോരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ സി.പി.എമ്മിന് അനുവാദം നൽകിയിട്ടുണ്ടെന്നാണ് കോർപറേഷൻ കോടതിയെ ബോധിപ്പിച്ചത്. ചട്ടംലംഘിച്ച് സി.പി.എമ്മിന് കൊടിതോരണങ്ങൾ സ്ഥാപിക്കാനുള്ള അനുമതി നൽകാൻ കോർപറേഷന് എന്തധികാരമാണുള്ളത് ? അധികാര ദുർവിനിയോഗമാണിത്. കൊടിതോരണങ്ങൾ സ്ഥാപിച്ച സി.പി.എമ്മിനെപ്പോലെ, ചട്ടവിരുദ്ധമായി അനുമതി നൽകിയ കൊച്ചി കോർപറേഷനും തെറ്റുകാരാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന ബോർഡുകളും ബാനറുകളും നീക്കംചെയ്യാൻ തെരഞ്ഞെടുപ്പ് മുഖ്യ ഓഫിസർമാർ ഉത്തരവിടാറുള്ളത് തെരഞ്ഞെടുപ്പ് ചട്ടം അതിന് അനുവദിക്കാത്തത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകളിൽ പോലും അപകടം കണക്കിലെടുക്കാതെ കൊടികളും തോരണങ്ങളും കെട്ടുന്ന പ്രവണത ഏറിവരുന്നുമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മട്ടന്നൂരിൽ വൈദ്യുതിത്തൂണിൽ കൊടികെട്ടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു മരിച്ച ദാരുണ സംഭവം മറക്കാറായിട്ടില്ല. കേരളത്തിലെ റോഡുകളിൽ ഒരു ദിവസം ശരാശരി നാലു പേർ അപകടങ്ങളിൽ മരണ പ്പെടുന്നുണ്ട്. ഇവയിൽ ഒരു പങ്ക് റോഡിലെ കാഴ്ചകൾ മറയ്ക്കുന്ന ബാനറുകളും കൊടി തോരണങ്ങളും വരുത്തിവയ്ക്കുന്നതാണ്.
റോഡുകൾ സഞ്ചരിക്കാൻ മാത്രമുള്ളതാണെന്ന ബോധം പൊതുസമൂഹത്തിന് എന്നോ ഇല്ലാതായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ശക്തി പ്രകടിപ്പിക്കാൻ പ്രധാനമായും തെരഞ്ഞെടുക്കുന്നത് റോഡുകളാണ്. റോഡുകളിൽ തോരണങ്ങളും ആർച്ചുകളും മാത്രമല്ല സ്റ്റേജുകൾ വരെ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ആഹ്വാനപ്രകാരമുള്ള റോഡ് ഉപരോധസമരങ്ങളടക്കം ഒഴിവാക്കേണ്ടതാണ്. ഈ തരത്തിൽ റോഡ് സംസ്‌കാരം വച്ചുപുലർത്തുന്ന മറ്റൊരു ജനതയും രാജ്യവും ലോകത്ത് വേറെ എവിടെയുമുണ്ടാകില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പൊതുറോഡുകളിൽ അഭ്യാസങ്ങളോ കൊടിതോരണങ്ങൾ തൂക്കുന്നതോ ഒരിക്കലും അനുവദിക്കാറില്ല. ലോക പ്രശസ്ത നഗരങ്ങളിൽ ജാഥകളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ പ്രത്യേക സ്ഥലങ്ങൾ ഉണ്ട്. പ്രതിഷേധ സമരങ്ങൾ അവിടെ നടത്തിക്കൊള്ളണം. നമ്മുടെ നാട്ടിലാകട്ടെ റോഡ് നീളേ വഴിയോരക്കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾക്ക് വിലക്കുകൽപിക്കുന്നതോടൊപ്പം തന്നെ റോഡുകൾ ഗതാഗതത്തിന് മാത്രമുള്ളതാണെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ റോഡുകളിൽ ഉണ്ടാകുന്ന എല്ലാ തടസങ്ങളും ഒഴിവാക്കേണ്ടതുണ്ട്. നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന റോഡപകടങ്ങളിൽ റോഡിൽ കെട്ടിപ്പൊക്കുന്ന തടസങ്ങൾക്ക് വലിയൊരു പങ്കുണ്ട്. ഈ സ്ഥിതിവിശേഷം മാറ്റിയാൽ മാത്രമേ റോഡ് സുരക്ഷ എന്ന സ്വപ്നം ഒരു പരിധി വരെയെങ്കിലും യാഥാർഥ്യമാകൂ. അതിനു വേണ്ടത് നിയമം കർശനമായി നടപ്പാക്കുക എന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago