ഇന്ത്യ വേലിപ്പുറത്തിരിക്കുന്നതെന്ത്?
വ്യക്തിയായാലും നേതാവായാലും രാഷ്ട്രമായാലും സ്വന്തം നിലപാട് പ്രധാനമാണ്. മുന്നിലെത്തുന്ന വിവിധങ്ങളായ വിഷയങ്ങളിൽ യഥാസമയം ദൃഢമായ ഒരു നിലപാടെടുക്കുക. അതിനുവേണ്ട പഠനവും വിലയിരുത്തലും നടത്തുക. വിഷയത്തിന്റെ എല്ലാ കോണുകളും കൃത്യമായി പഠിച്ച് തീരുമാനത്തിലെത്തുക. ഉക്രൈനെതിരേ റഷ്യൻ സേന അതിശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ ഇന്ത്യ നോക്കിനിൽക്കുകയാണ് ചെയ്തത്. ഒരു നിലപാടുമെടുക്കാതെ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് പഠിക്കാതെ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ചും ഇന്ത്യൻ വിദ്യാർഥികളെക്കുറിച്ചും ഒന്നും മനസ്സിലാക്കാതെ.
ഉക്രൈനിലെ അതിക്രമം അവസാനിപ്പിക്കണമെന്നും ഉടൻ ആ രാജ്യത്തുനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് അമേരിക്കയും അൽബേനിയയും ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ ഇന്ത്യക്ക് ഒരു നിലപാടില്ലായിരുന്നു. വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണുണ്ടായത്. കൂട്ടിനുണ്ടായിരുന്നത് ചൈനയും യു.എ.ഇയും മാത്രം. റഷ്യയുടെ ഏകപക്ഷീയമായ ആക്രമണത്തെക്കുറിച്ച് ഒരു നിലപാടു സ്വീകരിക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ലെന്നർഥം. 80ലേറെ രാജ്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയം ഉക്രൈൻ എന്ന ചെറിയ രാജ്യത്തിനെതിരേ റഷ്യ നടത്തിയ ആക്രമണത്തെ അപലപിക്കുകയും എത്രയും വേഗം റഷ്യ ഉക്രൈനിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു. യു.എൻ സെക്യൂരിറ്റി കൗൺസിലിലെ 11അംഗങ്ങൾ പ്രമേയത്തെ പിന്താങ്ങിയപ്പോൾ റഷ്യ അതിനെതിരേ വീറ്റോ പ്രയോഗിച്ചു. പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേയ്ക്കു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.
ഉക്രൈനിലെ സംഭവവികാസങ്ങൾ അസ്വാസ്ഥ്യമുണ്ടാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പ്രസ്താവിച്ചു. അവിടെ കഴിയുന്ന ഇന്ത്യൻ പൗരരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിലെ ഇന്ത്യാക്കാരുടെ സുരക്ഷയെക്കരുതി റഷ്യ ഉടൻ യുദ്ധം നിർത്തണമെന്നാവശ്യപ്പെടുന്ന ഈ പ്രമേയത്തിനനുകൂലമായി ആദ്യം വോട്ടു ചെയ്യേണ്ടത് ഇന്ത്യയാണെന്നായിരുന്നു ഉക്രൈൻ പ്രതിനിധിയുടെ മറുപടി. പ്രമേയത്തിന്മേൽ ഒരു സമവായമുണ്ടാക്കാൻ അമേരിക്കയുടെയും അൽബേനിയയുടെയും നയതന്ത്രപ്രതിനിധികൾ ആവതുശ്രമിച്ചെങ്കിലും ഫലിച്ചില്ല. അതിനുവേണ്ടി പ്രമേയത്തിന്റെ ആദ്യ കരടിൽ ഉണ്ടായിരുന്ന മൂർച്ചയേറിയ ഭാഗം ഒഴിവാക്കാൻ പ്രമേയാവതാരകൻ തയാറാവുകയും ചെയ്തു. ഉക്രൈനു നേരെ ആക്രമണം നടത്തുന്ന റഷ്യൻ സേനയ്‌ക്കെതിരേ സൈനികനീക്കം നടത്താൻ അധികാരം നൽകുന്ന യു.എൻ ഏഴാം വകുപ്പ് ഉപയോഗിക്കുകതന്നെ വേണമെന്നായിരുന്നു ആദ്യത്തെ കരടുപ്രമേയത്തിൽ പറഞ്ഞിരുന്നത്. ഈ ഭാഗം ഒഴിവാക്കിയതോടെയാണ് നേരത്തേ റഷ്യയോടൊപ്പം നിന്നു വോട്ടു ചെയ്ത ചൈന ആ നിലപാടിൽനിന്ന് മാറി വോട്ടെടുപ്പിൽ വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേയ്ക്കു നീങ്ങിയത്.
വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്ക ഉൾപ്പെടെ പാശ്ചാത്യശക്തികളെയൊക്കെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയുടെ പിന്തുണയ്ക്കുവേണ്ടി പാശ്ചാത്യശക്തികൾ പല നയതന്ത്ര നീക്കങ്ങളും നടത്തിയിരുന്നുവെങ്കിലും ഫലിച്ചില്ല. ഉക്രൈൻ പ്രശ്‌നത്തിൽ പാശ്ചാത്യചേരിയുടെ നിലപാടിനെതിരേയാണ് ഇന്ത്യയുടെ നിലപാട്. റഷ്യയ്ക്ക് സംതൃപ്തി നൽകുന്ന കാര്യമാണിതെങ്കിലും ലോകത്തെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങൾക്കും സ്വീകാര്യമല്ലാത്ത നിലപാടാണിത്. പ്രശ്‌നം പരിഹരിക്കാൻ നയതന്ത്രമാർഗം തന്നെ പിന്തുടരണമെന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്. പക്ഷേ ഏകപക്ഷീയമായ ആക്രമണം തുടങ്ങിവയ്ക്കുകയും നിസഹായരായ ഒരു ജനതയ്ക്കുമേൽ ഭീകരമായ സൈനികാതിക്രമം അഴിച്ചുവിടുകയും ചെയ്തശേഷം നയതന്ത്ര മാർഗത്തിനെന്തു പ്രസക്തി എന്ന ചോദ്യം ഉയരുന്നു.
ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പ്രതികരിക്കാനൊരുമ്പെട്ടില്ലെങ്കിലും കോൺഗ്രസ് നേതാക്കളായ ശശി തരൂർ, മനീഷ് തിവാരി എന്നിവർ കേന്ദ്ര സർക്കാരിനെതിരേ ശക്തമായ നിലപാടെടുത്തു.റഷ്യയുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ സൗഹൃദത്തിനാണു പ്രഥമസ്ഥാനം നൽകേണ്ടതെന്ന കേന്ദ്രസർക്കാർ നയം കണക്കിലെടുക്കുമ്പോൾ ഇന്ത്യ ഇങ്ങനെയൊരു നിലപാടു സ്വീകരിച്ചതിൽ അത്ഭുതമില്ലെന്നാണ് ലോക്സഭാംഗമായ ശശി തരൂരിന്റെ അഭിപ്രായം. സുഹൃത്തുക്കൾ തമ്മിൽ തുറന്നു സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ സൗഹൃദത്തിന് എന്തർഥമാണെന്നാണ് ശശി തരൂരിന്റെ ചോദ്യം. ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുമ്പോൾ സത്യത്തിന്റെയും നീതിയുടെയും ഭാഗത്താണ് ഇന്ത്യ നിൽക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. നിർണായകമായ സാഹചര്യങ്ങൾ ഉയർന്നുവരുമ്പോൾ രാഷ്ട്രങ്ങൾ ഒഴിഞ്ഞുമാറുകയല്ല, നേരേ നിൽക്കുകയാണു വേണ്ടതെന്ന് മനീഷ് തിവാരി പ്രസ്താവിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാടില്ലായ്മയിലേക്കു വിരൽചൂണ്ടുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-റഷ്യ ബന്ധത്തിന് ദശകങ്ങളുടെ പഴക്കവും ചരിത്രവുമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തുതന്നെ തുടങ്ങിയ ബന്ധമാണത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ വികസന പരിപാടികൾ വിദഗ്ധമായി നടപ്പാക്കുന്നതിന് ആവിഷ്‌ക്കരിച്ച പഞ്ചവത്സര പദ്ധതി സോവിയറ്റ് യൂണിയനിൽനിന്ന് ഉൾക്കൊണ്ടതായിരുന്നു. പ്രതിരോധ ഇടപാടുകളിലും വ്യാപാര ബന്ധങ്ങളിലുമെല്ലാം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്നും വളരെ ശക്തമാണ്.
1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്താനെതിരായി ഇന്ത്യ നടത്തിയ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഇന്ത്യക്കൊപ്പം നിന്നത് ഇന്ത്യ-സോവിയറ്റ് ബന്ധത്തിന്റെ ചരിത്രത്തിലെ ഒരു സുവർണ ഏടു തന്നെയാണ്. അന്ന് അമേരിക്കയ്ക്കു പാകിസ്താനോടായിരുന്നു കൂടുതൽ അടുപ്പം. നിലപാടുകളുടെ കരുത്തും രാഷ്ട്രീയവിജ്ഞാനത്തിന്റെ ആഴവുംകൊണ്ട് പ്രബലയായ ഇന്ദിരാഗാന്ധിയുടെ സുവർണ കാലം. ഏതു പ്രതിസന്ധിയിലും സോവിയറ്റ് യൂണിയൻ ഒപ്പം നിൽക്കുമെന്ന വിശ്വാസം എപ്പോഴും ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു. അമേരിക്കയുടെ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നുവെങ്കിലും ഇന്ദിരാഗാന്ധി കുലുങ്ങിയില്ല. പാകിസ്താൻ സൈന്യം ഇന്ത്യയുടെ മുന്നിൽ കീഴടങ്ങുകയും ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായിത്തീരുകയും ചെയ്തത് ചരിത്രം. വലിയ സൈനിക ശക്തിയായ അമേരിക്കയ്ക്കും അതിന്റെ ഏഴാം കപ്പൽപ്പടയ്ക്കും ഇന്ത്യയെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല.
ഇന്നും ഇന്ത്യയുടെ പ്രതിരോധത്തിന്റെ കരുത്തിനു കാരണം റഷ്യൻ സഹകരണം തന്നെ. രാജ്യത്തിന്റെ കര, നാവിക, വ്യോമ സേനകളുടെ കൂറ്റൻ ആയുധ ശേഖരങ്ങളിൽ പകുതിയിലേറെയും റഷ്യൻ നിർമിതം തന്നെയാണ്. ഇന്ത്യൻ കരസേനയുടെ 3000ലേറെ വരുന്ന ടി-72, ടി-90 എസ് എന്നീ ടാങ്കുകൾ പൂർണമായും റഷ്യൻ നിർമിതമാണ്. ഏറ്റവും പുതിയ ടാങ്കുകൾ വാങ്ങാനുള്ള സംഭാഷണം പുരോഗമിക്കുകയും ചെയ്യുന്നു. വ്യോമസേനയുടെ ആധുനിക പോർവിമാനങ്ങളിൽ ഒരു നല്ല പങ്കും റഷ്യയിൽനിന്നു വാങ്ങിയവയാണ്. ഫ്രാൻസുമായി അടുത്ത കാലത്തുണ്ടാക്കിയ റാഫേൽ യുദ്ധവിമാനങ്ങളുടെ കാര്യം മാത്രമാണ് ഇതിന് അപവാദം.
റഷ്യൻ നിർമിത യുദ്ധോപകരണങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാനും സ്‌പെയർ പാർട്സുകൾ ലഭ്യമാക്കാനും റഷ്യയുടെ സഹായം വേണം. യുദ്ധത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതും ബുദ്ധിമുട്ടായി വരും. സെക്യൂരിറ്റി കൗൺസിൽ വോട്ടിന്റെ കാര്യത്തിൽ അമേരിക്ക ഏറെ നിർബന്ധിച്ചിട്ടും ഇന്ത്യ വഴങ്ങാത്ത സാഹചര്യത്തിൽ പ്രത്യേകിച്ച്.
മുമ്പൊരിക്കൽ ഇങ്ങനെ സംഭവിച്ചതാണ്. അമേരിക്കൻ വിലക്കു വകവയ്ക്കാതെ റഷ്യയിൽ നിന്ന് ക്രയോജനിക്ക് സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും വാങ്ങിയതിനെ തുടർന്നാണ് ഐ.എസ്.ആർ.ഒ ചാരക്കേസ് ഉത്ഭവിച്ചതെന്ന് ഈ കേസ് സംബന്ധിച്ച രേഖകളിൽത്തന്നെയുണ്ട്. അന്ന് റഷ്യയിൽ നിന്ന് ഈ സാങ്കേതികവിദ്യയും ബന്ധപ്പെട്ട ഉപകരണങ്ങളും കൊണ്ടുവരാൻ മുന്നിൽനിന്നു പരിശ്രമിച്ചത് ഐ.എസ്.ആർ.ഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനായിരുന്നു. ഈ കേസിനു പിന്നിൽ അമേരിക്കൻ ഇടപെടലുണ്ടെന്നാണ് നമ്പി നാരായണൻ തെളിവുകൾവച്ചു വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ പരാതിയിന്മേൽ സുപ്രിംകോടതി ഈ ഉത്തരവിൻ പ്രകാരം ഐ.എസ്.ആർ.ഒ ചാരക്കേസ് സി.ബി.ഐ വീണ്ടും അന്വേഷിക്കുകയാണ്.
ഇതൊക്കെ കണക്കിലെടുത്ത് റഷ്യയുമായി ഇന്ത്യ നല്ലബന്ധം പുലർത്തണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാവേണ്ട കാര്യമില്ല.എങ്കിലും സുഹൃത്തു തെറ്റു ചെയ്താൽ, അതു തെറ്റാെണന്നെങ്കിലും പറയണ്ടേ എന്ന ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്. ഇതിൽ കേരളത്തിനും ഏറെ നോവുന്നുണ്ട്. അനേകം മലയാളി കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്.കുറെ പേർക്ക് മടങ്ങിവരാൻ കഴിഞ്ഞുവെങ്കിലും ധാരാളം പേർ പലേടത്തായി കുടുങ്ങിക്കിടക്കുകയാണ്.ഇവരുടെ കണ്ണുനീരും ആശങ്കയും കേന്ദ്ര സർക്കാർ കണ്ടേ തീരൂ. ഇന്ത്യ ഇപ്പോഴും വേലിപ്പുറത്തിരിക്കുന്നത് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."