'കറുത്തവര്‍ക്ക് ഒരു വരി, വെളുത്തവര്‍ക്ക് മറ്റൊരു വരി' മരണമുഖത്തും വര്‍ണവെറിയും വംശീയതയും; ഉക്രൈനില്‍ നിന്നുള്ള ദൃശ്യങ്ങള്‍
തലക്കുമുകളില്‍ മരണം വട്ടമിട്ടു പറക്കുമ്പോഴും വര്‍ണവെറിയും വംശീയതയും കൈവിടാത്തവര്‍. ജീവനും കൊണ്ടുള്ള നെട്ടോട്ടത്തിനിടയില്‍, രക്ഷാവാതില്‍ തുറക്കുന്നതിനായുള്ള കാത്തിരിപ്പില്‍ കറുത്തര്‍ക്കും വെളുത്തവര്‍ക്കും വേറെ വേറെ വരികള്‍ തീര്‍ക്കുന്നവര്‍. കത്തിയമരുന്ന ഉക്രൈനില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.
കറുത്തവളായിപ്പോയതിന്റെ പേരില്‍, ആഫ്രിക്കന്‍ വംശജയായതിന്റെ പേരില്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ തന്റെ സഹോദരി നേരിടേണ്ടി വന്ന വിവേചനവും മാനസിക ശാരീരിക സംഘര്‍ഷങ്ങളും പങ്കുവെച്ചിരിക്കുന്നു സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകനായ ബൈജന്‍ ഹോസൈനി.
'108 മണിക്കൂര്‍ നീണ്ട അവളുടെ യാത്രയില്‍ മുറിവുകളേറ്റിട്ടുണ്ട് അവള്‍ക്ക്. മരംകോച്ചുന്ന തണുപ്പും ഉറക്കമില്ലാത്ത രാവുകളും അവളെ അലോസരപ്പെടുത്തി. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ വംശീയതയും അവള്‍ ആ യാത്രയില്‍ അനുഭവിച്ചു'- ഹൊസൈനി പറയുന്നു.
പോളണ്ട് അതിര്‍ത്തിയില്‍ രണ്ട് വരികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഒന്നില്‍ ആഫിക്കന്‍, ഏഷ്യന്‍ വംശജര്‍. മറ്റേതില്‍ വെള്ളക്കാര്‍. ഉക്രൈനിലെ ബസ്, റെയില്‍ വേ തുടങ്ങി ഓരോ ഇടങ്ങളിലും ആളുകള്‍ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ അതിര്‍ത്തിയിലെത്തിയ ആഫ്രിക്കന്‍ ജനയെ നിഷ്‌കരുണം തള്ളിമാറ്റുകയാണ് ഉക്രൈന്‍ അധികൃതര്‍ ചെയ്തത്. ഉക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 'തങ്ങള്‍ക്ക് ആഫ്രിക്കക്കാരെ സംരക്ഷിക്കേണ്ടതില്ല' ഒരു അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നൈജീരിയക്കാരനായ ഐസക് എന്നയാള്‍ ചൂണ്ടിക്കാട്ടി. ''ഞങ്ങളെ പിന്തിരിപ്പിക്കാന്‍ അവര്‍ കുറെ ശ്രമിച്ചു. ഞങ്ങള്‍ മടങ്ങില്ല എന്ന് കണ്ടപ്പോള്‍ പൊലിസ് വടികളുമായെത്തുകയും അടിച്ച് നാനാഭാഗത്തേക്ക് ചിതറിക്കുകയും ചെയ്തു.'' ഐസകിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളോട് പോലും അവര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ക്ലേസണ്‍ മോനിയേലയും പറയുന്നു.
അതിര്‍ത്തികളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസുകളിലും ട്രെയിനുകളിലും കയറാന്‍ ശ്രമിക്കുന്ന ആഫ്രിക്കക്കാരെ ഉക്രേനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഉക്രൈനില്‍ ഏകദേശം 4,000 നൈജീരിയക്കാരുണ്ടെന്നാണ് നൈജീരിയന്‍ പ്രസിഡന്റായ മുഹമ്മദ് ബുഹാരി പറയുന്നത്. മാത്രമല്ല അവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളുമാണ്. പോളണ്ടിലേക്കുള്ള പ്രവേശനം നിരന്തരം നിഷേധിക്കുന്നതിനെ തുടര്‍ന്ന് ഒരു ഗ്രൂപ്പ് ആഫ്രിക്കന്‍ ജനത പോളണ്ടിന് പകരം ഹംഗറിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്.
ആഫ്രിക്കന്‍ ജനതയെ മാത്രമല്ല ഇന്ത്യക്കാരേയും ഉക്രൈനില്‍ നിന്ന് പലായനം ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തങ്ങളോട് ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും തങ്ങളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."