കൊവിഡ് പോരാട്ടത്തിനിടെ സഊദിയിൽ മരണപ്പെട്ടത് 16 ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ
റിയാദ്: കൊവിഡ് പോരാട്ടത്തിനിടെ സഊദിയിൽ 186 ആരോഗ്യ പ്രവർത്തകർ മരണം വരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം. ഇവരിൽ 16 ആരോഗ്യ പ്രവർത്തകർ ഇന്ത്യക്കാരാണെന്നും സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വൈറസ് ബാധ കണ്ടെത്തിയത് മുതൽ നവംബർ വരെ മരണപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെ മരണത്തിനു കീഴടങ്ങിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടവയിൽ ഉൾപ്പെടും.
ചുമതലകൾ നിറവേറ്റുന്നതിനിടയിലോ ജോലിസ്ഥലത്ത് നിന്നേറ്റ അണുബാധ മൂലമോ മരിച്ച ജീവനക്കാരുടെ പേരും ഫോട്ടോയും അടങ്ങിയ ഫയൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇരകൾ പരോപകാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായി മാറിയെന്ന രൂപത്തിൽ ഇവരുടെ സ്മരണ പുതുക്കിയാണ് മന്ത്രാലയം ഇത് പ്രസിദ്ധീകരിച്ചത്.
സേവനത്തിനിടെ മരണപ്പെട്ടവരിൽ 35 പേർ സ്വദേശികളാണ്. ഇവരിൽ 27 പേർ പുരുഷന്മാരും 07 പേർ വനിത ജീവനക്കാരുമാണ്. ഈജിപ്ത് 34, ഫിലിപ്പൈൻസ് 29, ബംഗ്ലാദേശ് 25, ഇന്ത്യ 16, സുഡാൻ 15, സിറിയ 11, പാകിസ്ഥാൻ 08, ജോർദാൻ, യമൻ 03 വീതം, തുർക്കി, അമേരിക്ക 02 വീതം, ഓരോ ഫലസ്തീൻ, ഇൻഡോനേഷ്യൻ പൗരന്മാർ എന്നിങ്ങനെയാണ് കോവിഡ് പോരാട്ടത്തിൽ മരണത്തിനു കീഴടങ്ങിയ സഊദിയിലെ ആരോഗ്യ പ്രവർത്തകർ.
ഷെയ്ഖ് ഇസ്മാഈൽ (റിയാദ്), നവാസ് സൈഫുദ്ധീൻ (കിഴക്കൻ പ്രാവിശ്യ), സിമി അനനീദ് (ജിദ്ദ), മുഹമ്മദ് അഷ്‌റഫ് (ജിദ്ദ), സൂസൻ ജോർജ് (ജിദ്ദ), മുഹമ്മദ് അൻആമുൽ ഹഖ് (ഖസീം), നൂർ ഹുസൈൻ (റിയാദ്), ബകർ മുഹയിദ്ധീൻ (റിയാദ്), ഫുൽ മുഹമ്മദ്, മുഹമ്മദ് അബ്ദുറഹീം, മുഹമ്മദ് റാഫി നസീറുദ്ധീൻ (ജിദ്ദ), അമൃത മോഹൻ (റിയാദ്), മുഹമ്മദ് യഹ്‌യ ത്വയ്യിബ് (കിഴക്കൻ പ്രാവിശ്യ), ഉമർ മുഹമ്മദ് (മക്ക), ശകുന്തള അലക്സ് (ബീശ) എന്നിവരാണ് മന്ത്രാലയം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."