മലപ്പുറം കോട്ട കാക്കാന്‍ മുസ്‌ലിം ലീഗ്: സ്വതന്ത്രപ്പടയുമായി ഇടത്, ഫുട്ബാള്‍ താരം യു.ഷറഫലി ഏറനാട്ടില്‍ ഇടതു സ്വതന്ത്രനാകും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മലപ്പുറം ജില്ലയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നു. മലപ്പുറത്ത് കെ.പി.എ മജീദാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നു തന്നെ ജനവിധി തേടും. ഇരുവരും മണ്ഡലം പരസ്പം മാറുന്നതിനും സാധ്യതയുണ്ട്. താനൂരില്‍ വി അബ്ദുര്‍റഹാമാനെ തന്നെയാണ് സി.പി.എം ഇറക്കുന്നത്. ഇവിടെ പി.കെ ഫിറോസിനെയാണ് ലീഗ് പരിഗണിക്കുന്നത്. തിരൂരില്‍ കുറുക്കോളി മൊയ്തീനാണ് ലീഗ് പരിഗണിക്കുന്നത്. ഗഫൂര്‍ പി.ലില്ലീസാണ് തിരൂരില്‍ ഇടതു സ്ഥാനാര്‍ഥി. നിലമ്പൂരില്‍ പി.വി അന്‍വര്‍തന്നെയാണ് ഇടതുപക്ഷം ഇറക്കുന്നത്. ഇവിടെ ആര്യാടന്‍ ഷൗക്കത്തോ വി.വി.പ്രകാശോ രംഗത്തിറങ്ങും.
ഏറനാട്ടില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു.ഷറഫലിയെ അടക്കം ഉള്‍പ്പെടുത്തിയാണ് സി.പി.എമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക. ഇവിടെ മുസ്‌ലിം ലീഗിലെ പി.കെ ബഷീറാണ് ലീഗ് സ്ഥാനാര്‍ഥി.
നാല് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ തുടരും. വി.അബ്ദുറഹിമാന്‍-താനൂര്‍, തവനൂര്‍-കെ.ടി.ജലീല്‍, പൊന്നാനി- പി.ശ്രീരാമകൃഷ്ണന്‍, നിലമ്പൂര്‍-പി.വി. അന്‍വര്‍ എന്നിവര്‍ മത്സരിക്കും. വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ തന്നെയാണ് ഇടതിന്റെ പട്ടികയിലുള്ളത്. വണ്ടൂരില്‍ എ.പി.അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെയും തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്.
പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന്‍ കെ.മുഹമ്മദ് മുസ്തഫയുടെ പേരാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിക്കുന്നത്. ഇവിടെ മഞ്ഞളാം കുഴി അലിയുടെ പേരുതന്നെയാണ് ലീഗ് പരിഗണിക്കുന്നത്. ചിലപ്പോള്‍ മങ്കടയിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്. കൂടുതല്‍ പേരും സ്വതന്ത്രരായിട്ടായിരിക്കും മത്സരത്തിനിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."