തന്റെ പേരിൽ ഗ്രൂപ്പില്ല: വി.ഡി സതീശൻ ; കുഴപ്പങ്ങളുണ്ടാക്കുന്നത് പണിയില്ലാത്ത ആളുകൾ
കണ്ണൂർ
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേരളത്തിൽ ഒരു ഗ്രൂപ്പ് ഫോർമേഷനും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. വാർത്തകൾ നൽകാൻ മാധ്യമ പ്രവർത്തകരെ എന്നും വിളിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് അറിയാം. ഇതെല്ലാം കുഴപ്പങ്ങൾ ഉണ്ടാക്കാൻ ചില പണിയില്ലാത്ത ആളുകൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചിലർ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിഹരിക്കാൻ എല്ലാവരുമായും സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. കെ.പി.സി.സി പ്രസിഡന്റുമായുള്ള ചർച്ച തുടരും. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച പൂർത്തിയാക്കി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കും.
കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. അവിടെ ആർക്കും ഏകാധിപത്യമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."