പാർട്ടിയിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങളുണ്ടെന്ന് കോടിയേരി
പ്രത്യേക ലേഖകൻ
കൊച്ചി
സി.പി.എമ്മിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
എന്നാൽ നേരത്തെ ഉണ്ടായിരുന്നതുപോലുള്ള കേന്ദ്രീകൃത വിഭാഗീയത ഇപ്പോൾ ഇല്ല. പ്രാദേശിക വിഭാഗീയതകളാണുള്ളത്. പ്രാദേശിക തലങ്ങളിലെ വിഭാഗീയതകൾ സമ്മേളനത്തിനു ശേഷം സൂക്ഷ്മമായി പരിശോധിക്കും. അതു തുടരുന്നവർക്കെതിരേ ശക്തമായ നടപടികളുണ്ടാകും.
പൊലിസിനെതിരേ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളെ കോടിയേരി തള്ളി. പൊലിസിൽ ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. അത് പൊതുവായ വിഷയമായി കാണരുത്. അതെല്ലാം സർക്കാർ പരിശോധിച്ച് പരിഹരിക്കും. മണൽ മാഫിയ പോലുള്ള മാഫിയാ സംഘങ്ങളെ ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും സഹായിക്കുന്നതായി ആരോപണമുയരുന്നുണ്ട്. അത് അവസാനിപ്പിക്കണം. ഇത്തരം ആളുകൾക്കുവേണ്ടി ഇടപെടരുത്.
ചില പുരുഷ നേതാക്കൾ വനിതാ നേതാക്കളോടും പ്രവർത്തകരോടും മോശമായി പെരുമാറുന്നു എന്ന് ചില വനിതാ പ്രതിനിധികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കും.
ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ചില പ്രശ്നക്കാരുണ്ട്. എന്നാൽ അതിന്റെ പേരിൽ എല്ലാവരെയും ആക്ഷേപിക്കരുത്. ഈ വിഷയവും പരിശോധിച്ച് പ്രശ്നക്കാരായ ഐ.എ.എസുകാരെ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."