ഉക്രൈനിൽ റഷ്യൻ അധിനിവേശം; ഒടുവിൽ നിലപാട് വ്യക്തമാക്കി സി.പി.എം
പ്രത്യേക ലേഖകൻ
കൊച്ചി
ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ ഒടുവിൽ നിലപാട് വ്യക്തമാക്കി സി.പി.എം. ഉക്രൈനിൽ റഷ്യൻ അധിനിവേശമാണ് നടക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഉക്രൈൻ വിഷയത്തിൽ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിനെതിരേ സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. റഷ്യയ്ക്കെതിരേയോ യുദ്ധത്തിനെതിരേയോ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച പ്രമേയവും സമ്മേളനത്തിൽ വന്നിരുന്നില്ല.
ഇക്കാര്യം ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് യെച്ചൂരിയുടെ പ്രതികരണം.
റഷ്യൻ അധിനിവേശം ഉടൻ നിർത്തണമെന്ന് യെച്ചൂരി പറഞ്ഞു. അടിയന്തര വെടിനിർത്തൽ വേണം. നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കണം. ഉക്രൈനും ജോർജിയയുമൊഴികെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയ്ക്കൊപ്പമാണ്.
ഉക്രൈനും നാറ്റോയ്ക്കൊപ്പം ചേരുന്നതിൽ റഷ്യയ്ക്ക് ആശങ്കയുണ്ട്. ആ ആശങ്കയകറ്റാൻ ഉക്രൈൻ തയാറാകണം. ഉക്രൈനിൽ കൂടുതൽ ദുരന്തങ്ങളുണ്ടാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."