പുറത്ത് സുരക്ഷിതരോ?
പോരാട്ടംകൂടിയാണ്
മാധ്യമപ്രവര്‍ത്തനം
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും അനുകൂല ഘടകങ്ങളുമാണ് ഇപ്പോഴുള്ളത്. പ്രശ്‌നങ്ങളെ അതിജീവിച്ച് മാധ്യമപ്രവര്‍ത്തനം നടത്തുന്ന സഹോദരിമാര്‍ ചുറ്റുവട്ടത്തുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ പെണ്ണായിപ്പിറന്നതിന്റെ പേരില്‍ മാധ്യമരംഗത്തുനിന്ന് പിന്‍വാങ്ങരുത്. തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം വളരെ വിരളമായിരുന്നു. സ്ത്രീകള്‍ക്ക് അപ്രാപ്യമായ ജോലി എന്നൊരുതോന്നല്‍ ആദ്യം ഉണ്ടായിരുന്നു. ആ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ഈ രംഗത്തേക്കുവന്ന മുന്‍ഗാമികള്‍ ചരിത്രമെഴുതുകയായിരുന്നു. ആ ചുവടുപിടിച്ച് നിരവധിപേരാണ് കടന്നുവരുന്നത്. രാവും പകലും ജോലിചെയ്യണമെന്ന ബുദ്ധിമുട്ടോ, ജോലിചെയ്തുകഴിഞ്ഞാലും തീരാത്ത ഉത്തരവാദിത്വമോ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന ബോധമോ സമൂഹത്തില്‍ നിന്നുയരുന്ന എതിര്‍പ്പോ ഒന്നും ഇവരെ പിന്നോട്ടുവലിക്കുന്നില്ല. മാധ്യമപ്രവര്‍ത്തനം വനിതകള്‍ക്ക് ഒരു പോരാട്ടംകൂടിയാണ്.
സുനി അല്‍ഹാദി
ഇഷ്ടപ്പെടുന്നു, വേര്‍തിരിവില്ലാത്ത
ഈ തൊഴിലിടത്തെ
സ്ത്രീ സുരക്ഷയും തുല്യനീതിയും ചര്‍ച്ചാവിഷയമാകുന്ന വര്‍ത്തമാന കാലത്ത് ഇത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ആര്‍ജിച്ചെടുത്ത ഒരു വിഭാഗമാണ് വനിതാമാധ്യമപ്രവര്‍ത്തകര്‍. അതവര്‍ സംഘടിച്ച് നേടിയതോ മാധ്യമ ഉടമകളുടെ സൗജന്യമോ ആയിരുന്നില്ല. വേര്‍തിരിവില്ലാതെ സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്തും സമയബന്ധിതമല്ലാത്ത ജോലിയുടെ ഭാഗമായും ജോലിക്ക് ശേഷം അര്‍ധരാത്രിയില്‍ പോലും കിലോമീറ്ററുകളോളം യാത്ര ചെയ്ത് താമസ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള തത്രപ്പാടുകളുമെല്ലാം വനിതാ മാധ്യമപ്രവര്‍ത്തകരെ പ്രത്യേക പരിഗണന ആവശ്യമില്ലാത്ത വിഭാഗമാക്കി മാറ്റുകയായിരുന്നു. സ്ത്രീ എന്ന നിലയില്‍ എന്തെങ്കിലുമൊരു അധിക ആനുകൂല്യം എവിടെ നിന്നും അനുഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തൊഴിലിടങ്ങളിലൊന്നും യാതൊരു വിധത്തിലുള്ള വിവേചനവും ഒരു കാലത്തും നേരിടേണ്ടി വന്നിട്ടുമില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് ശാരീരികവും മാനസികവുമായി ഏറ്റവും ബുദ്ധിമുട്ടേറിയ ഗര്‍ഭകാലത്ത് പോലും യാതൊരുവിധ പരിഗണനകളും പറ്റാതെ ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമായി കാണുന്നു. ചരിത്രത്തില്‍ ഇടംനേടിയ സ്ത്രീകള്‍ ഒരു കാലത്തും പരിഗണനയുടെ പരിലാളനയേറ്റവരായിരുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഓരോ മാധ്യമപ്രവര്‍ത്തകയും ജീവിക്കുന്നത്.
ഗീതു തമ്പി
ആധിപ്പുറത്തെ വീട്ടുജോലികള്‍
ഒട്ടും സമയബന്ധിതമല്ലാത്ത ജോലിയാണ് വനിതകളെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തനം. എപ്പോള്‍ തുടങ്ങുമെന്നോ അവസാനിക്കുമെന്നോ പറയാനാവില്ലല്ലോ ഈ തൊഴിലിന്റെ സമയം. ഓണ്‍ലൈനില്‍ ജോലി ചെയ്യുമ്പോള്‍ ഈ പ്രയാസം അനുഭവിക്കുന്നത് തുലോം കുറവാണെങ്കിലും സഹപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ കണ്ടിട്ടുണ്ട്. മണിക്കൂറുകള്‍ അലഞ്ഞ് കണ്ടെത്തുന്ന വാര്‍ത്തകള്‍. സമയവും കാലവും ഇല്ലാതെ വരുന്ന വാര്‍ത്തകള്‍. എല്ലാം കഴിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോഴാവും ഫോണ്‍ ബെല്ലടിക്കുക. ആ മണിയടിയുടെ പിന്നാമ്പുറങ്ങള്‍ കണ്ടെത്തി കൂടണയുമ്പോഴേക്കും കുഞ്ഞുമക്കളുടെ കാത്തിരിപ്പുകള്‍ തളര്‍ന്നുറക്കത്തിലേക്ക് വഴിമാറിയിട്ടുണ്ടാവും. പുറത്ത് ഉണങ്ങാനിട്ട തുണികള്‍ രാത്രി മഞ്ഞില്‍ വീണ്ടും കുതിര്‍ന്ന് തുടങ്ങിയിട്ടുണ്ടാവും. തണുത്തുറഞ്ഞ വറ്റില്‍ ഉറുമ്പരിച്ചിട്ടുണ്ടാവും. വീട്ടു ജോലിക്കിടയിലും താന്‍ തേടിയെത്തിയ വാര്‍ത്തകളുടെ നോവോ ഭീകരതയോ നേരോ കൂടിക്കുഴയും, ശരിക്കും പറഞ്ഞാല്‍ സര്‍ജറി ചെയ്തുകഴിഞ്ഞ ഡോക്ടറെ പോലെയാണ് അന്നേരത്തെ മാനസികാവസ്ഥ. പത്രത്താളുകളില്‍ അടുക്കിവച്ച വാര്‍ത്തകളില്‍ വല്ല നാഡികളും മുറിഞ്ഞുപോയിട്ടുണ്ടാവുമോ, തെറ്റുപറ്റിയോ, ആരുടെയെങ്കിലും വഴക്കുകേള്‍ക്കേണ്ടി വരുമോ അങ്ങനെ നൂറുകൂട്ടം ആധികള്‍. ഈ ആധിപ്പുറത്താണ് പിറ്റേന്നത്തെ പ്രാതല്‍ വെന്തു തുടങ്ങുന്നത്.
കെ. ഫര്‍സാന
തനിച്ചുള്ള യാത്രകള്‍ ഭീതിയോടെ
എല്ലാ സ്ത്രീകള്‍ക്കും അന്തസ്സോടെ ജീവിക്കാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ട്. നമ്മുടെ അവകാശങ്ങളെക്കുറിച്ച് സ്വയംബോധവാന്മാരാണെങ്കില്‍ വീട്ടില്‍, ജോലിസ്ഥലത്ത്, അല്ലെങ്കില്‍ സമൂഹത്തില്‍ നമുക്ക് അനീതിക്കെതിരേ പോരാടാന്‍ കഴിയും. തുടക്കത്തിലൊക്കെ രാത്രിയില്‍ ജോലി ചെയ്യുന്ന വനിതാമാധ്യമപ്രവര്‍ത്തകര്‍ വളരെ വിരളമായിരുന്നു. അന്ന് പലരും ചോദിച്ചു എന്തിനാണ് ഈ രാത്രി ജോലിക്ക് പോകുന്നതെന്ന്. ആ ചോദ്യങ്ങളെയും സദാചാര നോട്ടങ്ങളെയും മറികടന്ന് വളരെ സന്തോഷത്തോടെയാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഇന്ന് ഒരുപാടു പേര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ തൊഴിലിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. അത് നല്ലൊരു മാറ്റമായി തോന്നിയിട്ടുണ്ട്. സ്വന്തമായി നേടുന്ന ഒരു വരുമാനം, അത് നല്‍കുന്ന സന്തോഷം സ്ത്രീ എന്ന നിലയില്‍ വളരെ വലുതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാത്രിയും പകലുമൊക്കെ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടി വരേണ്ടതുണ്ട്. ഭീതിയോടെ തന്നെയാണ് ഈ കാലഘട്ടത്തിലും സഞ്ചരിക്കുന്നത്.
ലൈല
രാത്രി തുറക്കാത്ത ഹോസ്റ്റലുകള്‍
വനിതകളുടെ മാധ്യമപ്രവര്‍ത്തനജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു സാധാരണ ഓഫിസ് ജോലിക്കപ്പുറം കുടുംബത്തില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പിന്തുണ അത്യാവശ്യമായിവരും. ബ്യൂറോയിലായാലും ന്യൂസ് ഡസ്‌കിലായാലും യാത്രയും താമസവുമാണ് എന്നും പ്രതിസന്ധി സൃഷ്ടിക്കാറുള്ളത്. ഇക്കാലയളവില്‍ ഏറിയ കാലവും തൊഴിലെടുത്തത് ന്യൂസ് ഡസ്‌കിലാണ്. ഒരു ഗ്രാമപ്രദേശത്തുനിന്ന് ടൗണിലെത്തി ജോലി ചെയ്യുന്നതിനാല്‍ ഏറ്റവും കൂടുതല്‍ അലട്ടിയത് താമസത്തിനുള്ള ഹോസ്റ്റല്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്. നഗരത്തിലെ ഹോസ്റ്റലുകളില്‍ രാത്രി എട്ടിനുശേഷം പ്രവേശനമുണ്ടാവില്ല. വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍ പോലും ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി തോന്നിയിട്ടില്ല. രാത്രി ന്യൂസ് ഡസ്‌കില്‍ ജോലി ചെയ്യുന്ന പലരും പങ്കുവയ്ക്കുന്ന ഒരു പ്രശ്‌നം കൂടിയാണിത്. നഗരത്തില്‍ ഏതാനും ചില ഹോസ്റ്റലുകളില്‍ മാത്രമാണ് രാത്രി പത്തിനുശേഷം പ്രവേശനമുള്ളത്. രാത്രികാലങ്ങളിലെ സ്ത്രീകളുടെ യാത്രയിലെ സുരക്ഷിതത്വത്തിന് സമൂഹത്തിന്റെ സ്ത്രീയോടുള്ള കാഴ്ചപ്പാട് തന്നെ മാറേണ്ടതുണ്ട്. മാര്‍ച്ച് 8 എന്ന ദിവസത്തില്‍ മാത്രമുള്ള സ്ത്രീ സുരക്ഷാ ചര്‍ച്ചയ്ക്കപ്പുറം തുടരുകയും നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്താലേ സുരക്ഷിതമായ അന്തരീക്ഷമുണ്ടാവുകയുള്ളൂ.
ടി. മുംതാസ്
തുറിച്ചുനോട്ടങ്ങള്‍ക്ക് കുറവില്ല
കണ്ണില്‍ അത്ഭുതം കൂറുന്ന കാഴ്ചകളൊക്കെയും വാക്കുകളിലേക്ക് നിറക്കുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും രാവേറെയായാലും ഈ പണിയെടുക്കാന്‍ മടുപ്പ് തോന്നിയിരുന്നില്ല. ജോലി ചെയ്യുന്ന മണിക്കൂറുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകയായി ജീവിച്ചും ഓഫിസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോലിയെന്ന കുപ്പായം അവിടെ ഉപേക്ഷിച്ച് കുടുംബ വേഷം അണിഞ്ഞുമാണിന്ന് ജീവിതം. ജോലി നല്‍കുന്ന ആത്മവിശ്വാസവും അഭിമാനവും തന്നെയാണ് എത്രവലിയ തിരക്കിലും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്.
ഇരുട്ടുവീണുതുടങ്ങുമ്പോള്‍ വീടിന്റെ നിലവിളക്കായി മകള്‍ ഉമ്മറത്തുണ്ടാവണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ടുണ്ടെങ്കിലും രാവിരുളുമ്പോള്‍ കൂടണയുന്ന പെണ്‍മക്കള്‍ക്കുമേലുള്ള തുറിച്ചുനോട്ടങ്ങള്‍ക്ക് കുറവുവന്നിട്ടില്ല. എന്നാല്‍ അതൊന്നും ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. ഏറെ വൈകി ബസിറങ്ങി വീട്ടുവഴിയിലേക്ക് നടക്കുമ്പോള്‍ അവളൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് ഓട്ടോസ്റ്റാന്റിലിരിക്കുന്ന നാട്ടുകൂട്ടം പറഞ്ഞ് കേട്ടപ്പോള്‍ തല ഒന്നുകൂടി ഉയര്‍ന്നിട്ടേ ഉള്ളൂ.
അഞ്ജന
നിര്‍ഭയത്വം ഇപ്പോഴുമില്ല
നീയൊരു പെണ്ണല്ലേ... നിനക്ക് എന്താക്കാനാകും? ഈ ചോദ്യം ജീവിതത്തില്‍ കേള്‍ക്കാത്ത ഒരു പെണ്ണും ഉണ്ടാകാന്‍ ഇടയില്ല. ഞാന്‍ കേട്ട പല ചോദ്യങ്ങളില്‍ ഒന്നാണ് ഇതും. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പോയാല്‍ ചോദ്യം ചോദിക്കാന്‍ നമുക്ക് വേദിയുണ്ടാകില്ലെന്ന് പഠിപ്പിച്ച പ്രൊഫഷനാണ് പത്രപ്രവര്‍ത്തനം. വനിതയെന്നതിനാല്‍ മാറ്റിനിര്‍ത്തേണ്ടവളാണ് എന്ന പൊതുസ്വഭാവം സഹപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെയുണ്ടായിട്ടില്ല. മറ്റ് ജോലിയേക്കാള്‍ സമൂഹവുമായി കൂടുതല്‍ ഇടപെടുന്ന അന്തരീക്ഷം പത്രപ്രവര്‍ത്തന മേഖലയിലുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ പൊതുജനങ്ങളില്‍നിന്ന് ബഹുമാനവും അംഗീകാരവും മാത്രമേ ലഭിച്ചിട്ടുള്ളൂ. ജോലിക്കിടയില്‍ അതിര്‍വരമ്പ് വയ്ക്കാതെ യാത്രകള്‍ പലതും ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും നേരം ഇരുട്ടിയാല്‍ ഒറ്റയ്ക്കാകും ഓരോ പെണ്ണും. എത്രതന്നെ സ്ത്രീ സുരക്ഷ കൊട്ടിഘോഷിച്ചാലും ഇന്നും നിര്‍ഭയത്തോടെ രാത്രിയാത്ര ചെയ്യാന്‍ കഴിയാത്ത പെണ്‍സമൂഹത്തിലെ ഒരുവളാണ് ഞാനും. നോട്ടംകൊണ്ടും വാക്കുകൊണ്ടും ഇന്നും അവള്‍ നേരിടുന്ന അപമാനത്തെ നേരിടുന്നത് എഴുത്തിലും വരയിലും സമൂഹമാധ്യമങ്ങളിലും മാത്രം ഒതുങ്ങുന്നു. പകല്‍ എന്ന പോലെ രാത്രിയും പെണ്ണിന് സഞ്ചരിക്കാമെന്നത് സര്‍ക്കാരിന്റെയും ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ തുടങ്ങുന്ന പദ്ധതികള്‍ മാത്രമായി ഒതുങ്ങുകയാണ്.
കെ. മുബീന
മേല്‍വിലാസം നല്‍കുന്ന
സുരക്ഷിതത്വം
ജോലിയെന്നാല്‍ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കുക എന്നത് മാത്രമല്ല. അത് ചിലപ്പോഴെങ്കിലും ധൈര്യത്തിന്റേയും കരുതലിന്റേയും ഉറവിടം കൂടിയാണ്. രാത്രിവൈകിയുള്ള യാത്രകളിലും പുതിയ സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോഴുമുണ്ടാകുന്ന അനുഭവം ചിലപ്പോള്‍ പാഠങ്ങളാണ്. ഡ്യൂട്ടികഴിഞ്ഞ് രാത്രിയില്‍ ഒറ്റയ്ക്ക് മടങ്ങുമ്പോള്‍ നഗരമധ്യത്തിലെ ചില കാഴ്ചകള്‍ കണ്ണിലുടക്കിയിട്ടുണ്ട്. പോകുന്ന സമയങ്ങളില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ അധികമൊന്നും കണ്ടിട്ടില്ല. ഒരുപക്ഷേ ഞാനും മറ്റെന്തെങ്കിലും ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആ സമയത്ത് വീട്ടിലുണ്ടാകും. ഒന്നിരുട്ടിയാല്‍ ഒറ്റക്കാണെന്ന് കണ്ടാല്‍ സഹായവാഗ്ദാനങ്ങളുമായി അരികിലെത്താന്‍ പ്രായഭേദമന്യേ നിരവധി പേരുണ്ടാകും. ചില തുറിച്ചുനോട്ടങ്ങള്‍ക്കും വാക്കുകള്‍ക്കുമെല്ലാം ഫുള്‍സ്റ്റോപ്പിടുന്നത് ജോലിയുടെ മേല്‍വിലാസമാണന്നത് ഈ ചെറിയകാലത്തെ അനുഭവമാണ്. വിദ്യാഭ്യാസവും സ്വന്തമായി ഒരു ജോലിയുടെ മേല്‍വിലാസവുമുള്ള മാധ്യമപ്രവര്‍ത്തക പോലും ചില സമയങ്ങളില്‍ ആളുകളെ തിരിച്ചറിയാന്‍ വൈകുന്നുവെങ്കില്‍ ഒരു സാധാരണ പെണ്‍കുട്ടി അത്തരം സാഹചര്യത്തില്‍ എത്രത്തോളം ഭയത്തോടെയാകും നേരിടുക. ചില സാഹചര്യങ്ങളില്‍ കഴുത്തിലണിഞ്ഞ ഐ.ഡി കാര്‍ഡ് തിരിച്ചറിഞ്ഞ് സഹായം ചെയ്യാന്‍ എത്തിയ ആളുകളെയും കണ്ടിട്ടുണ്ട്. അവിടെ സുരക്ഷിതയാക്കിയത് ജോലിയുടെ മേല്‍വിലാസമാണ്. ഇവിടെയെല്ലാം സാധാരണക്കാരായവരെ കുറിച്ചാണ് ചിന്തിക്കേണ്ടത്. വഴിയരികില്‍ ഒറ്റക്കാവുമ്പോള്‍ ചിലര്‍ പകച്ചുനില്‍ക്കുകയാകും. പത്രപ്രവര്‍ത്തക എന്ന മേല്‍വിലാസമുള്ളതുകൊണ്ടുതന്നെ ഈ ചുരുങ്ങിയ കാലയളവില്‍ പോലും ഞാന്‍ അനുഭവിച്ച സുരക്ഷിതത്വം ചെറുതല്ല. എവിടേയും കയറിചെല്ലാനും തന്റേടത്തോടെ സംസാരിക്കാനും പൊതുയിടങ്ങളിലും വീട്ടിലും നമ്മെ കേള്‍ക്കാനും പ്രത്യേക പരിഗണന ലഭിക്കാനും സാധിക്കുന്നുണ്ട്.
ആവണി ശൈലേഷ്
ജോലിയെന്ന കൈത്താങ്ങ്
ഒരു സാധാരണ സ്ത്രീക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യവും പരിഗണനയുമാണ് ഈ ജോലിക്കിടെ ലഭിക്കുന്നത്. അത് വീട്ടിലായാലും ശരി ഓഫിസിലായാലും പൊതുയിടത്തിലായാലും. നമ്മെ കേള്‍ക്കാനും അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനും ആളുകള്‍ തയാറായിട്ടുണ്ട്. എവിടെയും കയറിചെല്ലാനുള്ള ധൈര്യം നല്‍കുന്നുണ്ട്. തന്റേടത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നു. മോശമായി പെരുമാറാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. ജോലിയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അവളെ താങ്ങിനിര്‍ത്തുന്ന നെടുംതൂണാണ്. വലിയ ശമ്പളമില്ലെങ്കിലും ചെറുതെങ്കിലും ഒരു തൊഴില്‍ സമ്പാദിക്കണം. ജോലിയുടെ സുരക്ഷിതത്വത്തില്‍ ജീവിക്കുമ്പോള്‍ അവള്‍ സ്വാതന്ത്ര്യം നേടുകയാണ്.
അപര്‍ണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."