പൊന്നാനിയിലും കുറ്റ്യാടിയിലും സി.പി.എമ്മില്‍ പൊട്ടിത്തെറി: തെരുവിലിറങ്ങിയത് ആയിരങ്ങള്‍
പൊന്നാനി: സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി പൊന്നാനിയില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി. പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
പൊന്നാനിക്കു പിന്നാലെ കുറ്റ്യാടിയിലും സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടായി. മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതിലാണ് പ്രതിഷേധം. മണ്ഡലം പാര്‍ട്ടി തിരിച്ചെടുക്കണമെന്നും കെ.കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.
പൊന്നാനിയില്‍ ടി.എം സിദ്ധീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനത്തിന്റെ ഒരേയൊരു ആവശ്യം.
നേരത്തെ പാലൊളി മുഹമ്മദ് കുട്ടി മത്സരിക്കുന്ന സമയത്തുതന്നെ ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടി തീരുമാനത്തെ അണികള്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് പി.ശ്രീരാമകൃഷ്ണന്‍ രണ്ടു തവണ ഇവിടെ നിന്നു മത്സരിച്ചപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിശബ്ദരായി. എന്നാല്‍ ഇത്തവണ വീണ്ടും ശ്രീരാമകൃഷ്ണന് അവസരമില്ലാതായതോടെ സിദ്ധീഖിന്റെ പേരാണ് പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം അതംഗീകരിക്കാതെ പി.നന്ദകുമാറിനെ പരിഗണിച്ചതാണ് ആയിരക്കണക്കിനു പ്രവര്‍ത്തകരേ തെരുവിലേക്കിറക്കിയത്.
നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തുമെന്ന ഫ്‌ളക്‌സുമായി നടക്കുന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ഇതുപോലൊരു പ്രതിഷേധം അക്ഷരാര്‍ഥത്തില്‍ പൊന്നാനിയെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെയും.
അതേ സമയം തെറ്റിദ്ധാരണയുടെ പേരിലാണ് പൊന്നാനിയിലെ പ്രകടനമെന്നാണ് ജില്ലാ സെക്രട്ടറി മോഹന്‍ദാസിന്റെ പ്രതികരണം. സ്ഥാനാര്‍ഥി ആരെന്നറിയുമ്പോള്‍ പ്രതിഷേധമടങ്ങും. മാത്രവുമല്ല, പ്രതിഷേധ പ്രകടനത്തിനിറങ്ങിയിരിക്കുന്നവരില്‍ ആരും പാര്‍ട്ടി അംഗങ്ങളോ നേതാക്കളോ അല്ല. ആര്‍ക്കും പ്രകടനം നടത്താം. ഏതു ബാനറും കെട്ടാം. അതൊന്നും പാര്‍ട്ടി കാര്യമായെടുക്കുന്നില്ലെന്നും മോഹന്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നതോടെ പൊന്നാനിയില്‍ വീണ്ടും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂര്‍ച്ഛിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."