ദോഹയില്‍ വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടിയില്ല; കുടുംബം പ്രതിസന്ധിയില്‍
ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ യാത്രയ്ക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ കുടുംബം നെട്ടോട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കി കിട്ടാനുള്ള തടസ്സങ്ങളാണ് മൃതദേഹം കൊണ്ടു പോകുന്നത് വൈകാന്‍ കാരണമെന്നു ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വാഷിങ്ടണില്‍ നിന്ന് ഹൈദരാബാദിലേക്ക് ദോഹ വഴി യാത്ര ചെയ്യുന്നതിനിടയിലാണ് ഹൈദരാബാദ് സ്വദേശിയായ പ്രേം പ്രസാദ് തുമ്മല(75) ആഗസ്ത് 15ന് വിമാനത്തില്‍ മരിച്ചത്. കൂടെ ഭാര്യയുമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോള്‍ കുടുംബം.
വിമാന കമ്പനിയുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായി ഒരു മറുപടി ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാധാരണ മരണമായതിനാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു.
വാഷിങ്ടണിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാനാണ് തുമ്മലയും ഭാര്യ അരുണയും അമേരിക്കയിലെത്തിയത്. ആറ് മാസത്തിന് ശേഷം ആഗസ്ത് 14നാണ് വാഷിങ്ടണിലെ ഡള്ളസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുവരും ക്യുആര്‍708 വിമാനത്തില്‍ കയറിയത്. ആഗസ്ത് 15ന് 5 മണിക്ക് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാണ് ഇവര്‍ക്ക് ഹൈദരാബാദിലേക്കു പോകേണ്ടിയിരുന്നത്. എന്നാല്‍, വിമാനം ഡള്ളസില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തുമ്മല ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാന ജീവനക്കാര്‍ മൃതദേഹം വിമാനത്തിന്റെ പ്രത്യേക ഭാഗത്തേക്കു മാറ്റുകയും ഭാര്യയോട് സീറ്റില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹമദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അരുണയോട് ഇന്ത്യയിലേക്കുള്ള യാത്ര തുടരാന്‍ ആവശ്യപ്പെട്ട വിമാന അധികൃതര്‍ ബിസിനസ് ക്ലാസിലേക്ക് ടിക്കറ്റ് മാറ്റി നല്‍കി. തുമ്മലയുടെ മൃതദേഹം തുടര്‍ന്ന് ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ഖത്തറില്‍ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടു പോവണമെങ്കില്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാര്‍ഗോ ഫീസ്, ശവപ്പെട്ടിയുടെ ചെലവ്, ഹോസ്പിറ്റല്‍ മോര്‍ച്ചറി ചെലവ് എന്നിവയിലേക്ക് ഒരു കുടുംബ സുഹൃത്ത് ഖത്തര്‍ എയര്‍വെയ്‌സിന് 4460 റിയാല്‍ നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ ശരിയാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പോലിസ് ക്ലിയറന്‍സ് കിട്ടുന്നതിനുമുള്ള ഫീസും ഇതില്‍ ഉള്‍പ്പെടും.
ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(സി.സി) നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് ഹമദില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുകയെന്ന് ഇന്ത്യന്‍ എംബസിയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സ്വരൂപ് സിങ് പറഞ്ഞു. അതിന് ശേഷം മാത്രമേ ഇന്ത്യന്‍ എംബസിക്ക് ഇടപെട്ട് ഡെത്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യാന്‍ കഴിയൂ എന്ന് അദ്ദേഹം വിശദീകരിച്ചു. കുടുംബം മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം, ഇത് ലഭിക്കുന്നതിന് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ പോലിസ് ക്ലിനിക്കില്‍ നിന്ന് മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ എംബസി പിആര്‍ഒ മുഹമ്മദ് ഖോല വ്യക്തമാക്കി. ഈ രേഖ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."