ഫോണിലെ ഡാറ്റകള്‍ നീക്കം ചെയ്തു; ദിലീപിനെതിരേ മുംബൈ ലാബില്‍ നിന്ന് നിര്‍ണായക തെളിവുകള്‍
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിനെതിരേ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ മുംബൈ ലാബില്‍ പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്. ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബില്‍ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഡേറ്റകള്‍ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബില്‍ കൊണ്ടുപോയി വിവരങ്ങള്‍ നീക്കിയ ശേഷമാണ് ഫോണുകള്‍ കോടതിക്ക് കൈമാറിയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് മനപൂര്‍വം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും അടക്കം ആറു ഫോണുകളാണ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് വിവരങ്ങള്‍ നീക്കം ചെയ്‌തെന്ന് തെളിഞ്ഞത്. വധ ഗൂഡാലോചനാക്കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകള്‍ മാറും എന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞ ജനുവരി 29 നായിരുന്നു ഈ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ഡേറ്റകള്‍ നീക്കം ചെയ്‌തെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ കൊണ്ടുപോയത്. വധഗൂഡാലോചനാക്കേസില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."