'ഇവിടെ അവള്‍ ഏറ്റവും സുരക്ഷിതയാണ്!' പൊരിവെയിലില്‍ പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്ത് യുവതി; വൈറലായി വിഡിയോ
സ്വന്തം ലേഖിക
കൊച്ചി: ഒന്നര വയസുകാരിയായ മകളെ കംഗാരു ബാഗിലാക്കി നെഞ്ചോട് ചേര്‍ത്തുവച്ച് ഭക്ഷണവിതരണത്തിനു പോകുന്നതു മകള്‍ തന്നോടൊപ്പം വരുമ്പോള്‍ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുള്ളതിനാലാണെന്ന് എറണാകുളം ഇടപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്. രേഷ്മ.
നെഞ്ചില്‍ ഉറങ്ങിത്തൂങ്ങുന്ന പൊന്നോമനയും പിന്നില്‍ ഭക്ഷണം നിറച്ച ബാഗുമായി എറണാകുളം നഗരത്തിലൂടെ വീടുകളിലേക്കും ഓഫിസുകളിലേക്കും ഇരുചക്രവാഹനത്തില്‍ പായുന്ന രേഷ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഒരു യാത്രക്കാരനാണ് ദൃശ്യം പകര്‍ത്തി ഷെയര്‍ ചെയ്തത്. സാധാരണ ജോലിക്കു പോകുമ്പോള്‍ കുഞ്ഞിനെ സുന്ദരിയമ്മ എന്ന സ്ത്രീയാണ് നോക്കാറ്. എന്നാല്‍, അവധി ദിവസം ഞാന്‍ അവളെ കൂടെക്കൊണ്ടുപോകും. എല്ലാ ദിവസവും മോളെ നോക്കുന്ന ആ അമ്മയെ ബുദ്ധമുട്ടിക്കേണ്ടല്ലോ എന്നു കരുതിയാണ് അല്‍പം റിസ്‌കാണെങ്കിലും ഇതു ചെയ്യുന്നതെന്നു രേഷ്മ പറയുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാല്‍ വീട്ടുകാര്‍ സഹകരിക്കില്ല. താനും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭര്‍ത്താവിന് വിദേശത്ത് ജോലി ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഭര്‍ത്താവയക്കുന്ന ചെറിയ തുകകൊണ്ട് വീട്ടുവാടകയും മറ്റു ചെലവുകളും നടത്താന്‍ കഴിയാത്തതിനാലാണ് ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയില്‍ ജോലി നേടിയതെന്നും രേഷ്മ പറഞ്ഞു.
പ്ലസ്ടു പാസായതിനു ശേഷം ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കിയ രേഷ്മ, ഇപ്പോള്‍ കലൂരിലെ സ്ഥാപനത്തില്‍ കോര്‍പറേറ്റ് അക്കൗണ്ടിങ് പഠിക്കുന്നുമുണ്ട്. കുഞ്ഞിനെയുംകൊണ്ട് ജോലിക്കു പോകുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ തന്റെ ജോലി നഷ്ടപ്പെടുമോ, പഠനം തുടരാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കയുണ്ടെന്നും രേഷ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."