നിറഞ്ഞു കവിഞ്ഞു ഹറം പള്ളികൾ, കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ വെള്ളി, ആത്മ സായൂജ്യമടഞ്ഞു വിശ്വാസികൾ
മക്ക: സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു. തോളോട് തോൾ ചേർന്ന് സ്വഫുകൾ ഒപ്പിച്ചു വിശ്വാസികൾ അണിനിരന്നപ്പോൾ ഹറം പള്ളികൾ പഴയ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെയും ഹറമിൽ നിറഞ്ഞു കവിഞ്ഞും ഉംറ നിർവ്വഹിക്കുന്നതും, ജുമുഅ നിസ്കാരത്തിലും മറ്റ് പ്രാർത്ഥനകളിലും പങ്കെടുക്കുന്നതും.
കഴിഞ്ഞ ശനിയാഴ്ചയാണ് സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. പള്ളികളിലെ നിസ്കാരങ്ങളിലെ അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ആയിരുന്നു പിൻവലിച്ചത്. ഇതിനെ തുടർന്ന് ഹറമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും ഹറം കാര്യാലയം പിൻവലിക്കുകയായിരുന്നു.
നിലവിൽ എല്ലാവർക്കും യാതൊരു മാനദണ്ഡം പാലിക്കാതെ ഹറമുകളിൽ പ്രവേശിക്കാനാകും. ഈ സാഹചര്യത്തിൽ വളരെ ആശ്വാസപൂർവ്വമാണ് വെള്ളിയാഴ്ച വിശ്വാസികൾ എത്തിച്ചേർന്നത്. പെർമിറ്റെടുക്കാതെയും തവക്കൽനാ സ്റ്റാറ്റസ് പരിശോധിക്കാതെയുമാണ് ജുമുഅ നമസ്കാരത്തിനുൾപ്പെടെ വിശ്വാസികൾ മക്കയിലേയും മദീനയിലേയും ഹറമുകളിലേക്ക് പ്രവേശനം നൽകുന്നത്. നിലവിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന മാത്രമാണ് ഹറമുകളിൽ ഉള്ളത്.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് ഇരുഹറമുകളും തിരിച്ചെത്തി. ഹറമുകളിലെ നിസ്കാരങ്ങൾക്ക് പുറമെ ത്വവാഫ്, സഅയ്, റൗദ ളാശരിഫിലെ നിസ്കാരം, പ്രവാചകൻ്റെ ഖബറിട സന്ദർശനം ഉൾപ്പെടെ എല്ലാ കർമ്മങ്ങളിലും വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ സാധാരണ പോലെയാണ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."