182 ദശലക്ഷം ഡോളർ വിദേശത്തേക്ക് കടത്തി; സഊദിയിൽ സ്വദേശികളുൾപ്പെട്ട സംഘത്തിന് 28 വർഷം തടവും 3.47 ദശലക്ഷം ഡോളർ പിഴയും
റിയാദ്: സഊദിയിൽ 182 ദശലക്ഷം ഡോളർ അഴിമതിക്കേസിൽ സ്വദേശി യുവതി യുവാവിനും വിദേശികൾക്കും 28 വർഷം തടവ് ശിക്ഷ വിധിച്ചു. 3.47 ദശലക്ഷം ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. പണം കടത്ത് കേസുമായി നടത്തിയ അന്വേഷണത്തിനിടെ വിദേശത്ത് പണമിടപാട് നടത്തുന്ന സംഘത്തെയും കണ്ടെത്തിയിട്ടുണ്ട്. സ്വദേശി യുവതിയും യുവാവും വാണിജ്യ രേഖകളും ബാങ്ക് അക്കൗണ്ടുകളും തുറക്കുകയും വിദേശികൾക്ക് അതിൽ ഇടപാട് നടത്താൻ അനുവാദം നൽകുകയും ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് അനധികൃത പണമിടപാട് കണ്ടെത്തിയത്. തങ്ങളുടെ വാണിജ്യ യൂണിറ്റിൽ നിക്ഷേപം നടത്താനും ബാങ്ക് അകൗണ്ടുകൾ ഉപയോഗിക്കാനും നിയമവിരുദ്ധമായി ലഭിച്ച പണം നിക്ഷേപിക്കാനും വിദേശത്തേക്ക് മാറ്റാനും ഇരുവരും വിദേശികളെ അനുവദിക്കുകയായിരുന്നു.
സംഘത്തിനെതിരായ പ്രാഥമിക വിധിന്യായത്തിൽ പ്രതികൾക്ക് 28 വർഷം തടവും 3.47 മില്യൺ ഡോളർ പിഴയും വിധിച്ചതോടൊപ്പം വിദേശത്തേക്ക് കൈമാറിയ പണം കണ്ടുകെട്ടാനും ഉത്തരവുണ്ട് . ഏകദേശം 182 മില്യൺ ഡോളർ വരുമെന്നാണ് കാണക്കാകുന്നത്. ജയിൽ ശിക്ഷ പൂർത്തിയായ ശേഷം വിദേശ പൗരന്മാരെ നാടുകടത്താനും ഉത്തരവുണ്ട്. അന്തിമ വിധിന്യായത്തിന് ശേഷം കള്ളക്കടത്ത് പണം വീണ്ടെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
രാജ്യാന്തര ഉടമ്പടികളും കരാറുകളും പ്രകാരം തങ്ങളുടെ അതിർത്തിക്ക് പുറത്ത് നിയമവിരുദ്ധമായി സമ്പാദിച്ചതോ കള്ളക്കടത്ത് നടത്തിയതോ ആയ പണം കണ്ടെത്താനും കണ്ടുകെട്ടാനും രാജ്യങ്ങളെ അനുവദിക്കുന്നുണ്ട്. ഇത് പ്രകാരം അന്തിമ വിധിന്യായത്തിനുശേഷം വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും അന്താരാഷ്ട്ര സഹകരണ വകുപ്പുകളിലൂടെയാണ് കള്ളക്കടത്ത് പണം വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."